കൊൽക്കത്തയിലെ കേരളോത്സവം
Mail This Article
ഗാലറിയിൽ ഒരു ടിയറിന്റെ പകുതിയിൽ ഏതാണ്ട് നൂറോളം വരുന്ന മലയാളികൾ. ചുറ്റും അയ്യായിരത്തോളം ബംഗാൾ കാണികൾ. കേരളത്തിനായി കയ്യടിച്ചാൽ കണ്ണുരുട്ടി പേടിപ്പിക്കുന്ന ആൾക്കൂട്ടം. 2018 ഏപ്രിൽ ഒന്നിന് കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ സായാഹ്നക്കാഴ്ചയായിരുന്നു ഇത്. 2017-18ലെ സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനലിൽ കേരളവും ബംഗാളും ഏറ്റുമുട്ടിയ ദിനം. പൊലീസ് കാണികൾക്കിടയിൽ നിന്നാണ് അന്ന് സംഘർഷം ഒഴിവാക്കിയത്.
കണക്കുകളും കാണികളും ഒഫീഷ്യൽസും ഒരു പരിധിവരെ റഫറിയും ബംഗാളിന് അനുകൂലമായി നിന്നിടത്ത്, സന്തോഷത്തിന്റെ കപ്പുയർത്തി സതീവൻ ബാലൻ പരിശീലിപ്പിച്ച കേരള ടീം ചിരിച്ച ദിനം. പെനൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട ഇടിവെട്ട് മത്സരത്തിനൊടുവിൽ കേരള ക്യാപ്റ്റൻ രാഹുൽ രാജ് കിരീടം ഉയർത്തി.
രണ്ടര മണിക്കൂറോളം നീണ്ട സൂപ്പർ ഹിറ്റ് ത്രില്ലറാണ് സാൾട്ട് ലേക്ക് അന്നു കണ്ടത്. നിശ്ചിത സമയത്ത് 1–1 എന്ന നിലയിലും അധിക സമയത്ത് 2–2 എന്ന നിലയിലും നിന്ന കളി ഷൂട്ടൗട്ടിലേക്ക്. ബംഗാളിന്റെ ആദ്യ രണ്ട് കിക്കുകളും തട്ടിയകറ്റി ഗോൾകീപ്പർ വി.മിഥുൻ കേരളത്തിന്റെ വിജയശിൽപിയായി. കേരളത്തിനായി കിക്ക് എടുത്ത 4 പേരും ലക്ഷ്യം കണ്ടതോടെ വിജയം 4–2ന്. 13 വർഷത്തെ ഇടവേളയ്ക്കു ശേഷം സന്തോഷ് ട്രോഫിയിൽ മുത്തം-ചരിത്രത്തിൽ ആറാം തവണ.
വൈകിട്ട് ഏഴു മണിയായിരുന്നു കേരളം ട്രോഫി ഏറ്റു വാങ്ങിയപ്പോൾ. ഫ്ലഡ്‌ലൈറ്റുകൾ അപ്പോൾത്തന്നെ അണച്ചതോടെ ഗ്രൗണ്ടിൽ നിന്നു ട്രോഫിയുമായി ഫോട്ടോ എടുക്കാനും കേരളത്തിനു സാധിച്ചില്ല. വിക്ടോറിയ മെമ്മോറിയലിന് മുൻപിലായിരുന്നു കേരളത്തിന്റെ ഫോട്ടോഷൂട്ട്.
Content Highlight: Santosh Trophy, Kerala Football Team