ചാംപ്യൻസ് ലീഗ് ഫൈനലിനിടെ അക്രമം; യുവേഫ മാപ്പു പറഞ്ഞു
Mail This Article
മഡ്രിഡ് ∙ ചാംപ്യൻസ് ലീഗ് ഫൈനലിനിടെ ഉണ്ടായ അനിഷ്ട സംഭവങ്ങൾക്ക് യുവേഫ ഫുട്ബോൾ ആരാധകരോടു മാപ്പു പറഞ്ഞു. പാരിസിൽ റയൽ മഡ്രിഡ് – ലിവർപൂൾ ഫൈനൽ മത്സരത്തിനിടെ വൈകിയെത്തിയ കാണികൾക്ക് സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിക്കാത്തതിനെ തുടർന്നുണ്ടായ സംഘർഷത്തിലും കണ്ണീർ വാതക പ്രയോഗത്തിലും കുട്ടികൾ ഉൾപ്പെടെയുള്ളവർക്കു പരുക്കേറ്റിരുന്നു.
കാണികളെ പഴിച്ച് ഉത്തരവാദിത്തത്തിൽ നിന്നൊഴിഞ്ഞു മാറാൻ യുവേഫ ആദ്യം ശ്രമിച്ചെങ്കിലും ഫൈനൽ കളിച്ച ഇരു ടീമുകളും വിശദീകരണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് മാപ്പുപറയാൻ തയാറായത്. ലിവർപൂൾ ആരാധകർക്കു നേരെയുണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും കുറ്റക്കാരെ കണ്ടെത്തുന്നതിനും തിരുത്തൽ നടപടികൾക്കുമായി സ്വതന്ത്ര സമിതിയെ നിയോഗിച്ചതായും യുവേഫ അറിയിച്ചു.
English Summary: UEFA ‘sincerely apologise’ to Liverpool, Real Madrid fans after Champions League final chaos