ADVERTISEMENT

ഇക്കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ ഏറ്റവും കൂടുതൽ കളിക്കാരെ സ്വന്തമാക്കിയ ടീം ഏതാണ്? ബാർസിലോന, ആർസനൽ എന്നെല്ലാം ഉത്തരമായി മനസ്സിലേക്കു വരാമെങ്കിലും ഘാനക്കാർ പറയുന്നത് അതു തങ്ങളുടെ ദേശീയ ഫുട്ബോൾ ടീം ആണെന്നാണ്!

ഖത്തർ ലോകകപ്പിനു മുൻപ് വിദേശരാജ്യങ്ങളിലുള്ള ഘാന വംശജരായ മികച്ച കളിക്കാരെ ദേശീയ ടീമിലെത്തിക്കുക എന്നതാണ് ഘാന ഫുട്ബോൾ അസോസിയേഷന്റെ ഇപ്പോഴത്തെ പ്രധാന പരിപാടി. അര ‍ഡസൻ താരങ്ങളെ ഇപ്പോൾത്തന്നെ ഘാന ടീമിലെത്തിച്ചു കഴിഞ്ഞു.

അവർക്കുള്ള ഓഫറാണ് പ്രലോഭനീയം: ‘ലോകകപ്പ് കളിക്കൂ, നാട്ടിലെ താരമാകൂ’

സ്പെയിനു വേണ്ടി സീനിയർ തലം വരെ കളിച്ചിട്ടുള്ള ഇനാകി വില്യംസ്, അണ്ടർ–21 ഇംഗ്ലണ്ട് താരം താരിഖ് ലാംറ്റെ, ജർമനിക്കു വേണ്ടി യൂത്ത് തലത്തിൽ കളിച്ചിട്ടുള്ള റാഷ്ഫഡ് യെബോയ, സ്റ്റീഫൻ അംബ്രോസിയസ് എന്നിവരെല്ലാം ഇങ്ങനെ മാതൃരാജ്യത്തേക്കു തിരിച്ചെത്തി. വലയിൽ കുടുങ്ങിയതിനെക്കാൾ വലുതുണ്ട് കടലിൽ എന്നു പറഞ്ഞതു പോലെ ഘാന ഇനി നോട്ടമിടുന്നവരും ചില്ലറക്കാരല്ല. ഇനാകിയുടെ സഹോദരൻ നിക്കോ വില്യംസ്, ചെൽസി ക്ലബ്ബിനു വേണ്ടി കളിക്കുന്ന കല്ലം ഹഡ്സൻ ഒഡോയ്, ആർസനൽ താരം എഡി എൻകെറ്റിയ... എല്ലാവരും വന്നാൽ ഘാന ഏതൊരു ഫുട്ബോൾ ക്ലബ്ബിനോടും കിട പിടിക്കുന്ന ടീമാകും.

21 വയസ്സിനു മുൻപ് ഒരു രാജ്യത്തിനു വേണ്ടി സീനിയർ തലത്തിൽ 3 മത്സരത്തിൽ കൂടുതൽ കളിക്കാത്തവർക്ക് മറ്റൊരു രാജ്യം തിരഞ്ഞെടുത്ത് അവർക്കു വേണ്ടി കളിക്കാം എന്ന ഫിഫയുടെ പുതിയ നിയമമാണ് ഘാന ഉപയോഗപ്പെടുത്തുന്നത്. നിയമം പരിഷ്ക്കരിക്കുന്നതിനു മുൻപ് പണ്ട് ഒട്ടേറെ സൂപ്പർ താരങ്ങളെ നഷ്ടപ്പെട്ടതിനു കടം വീട്ടുകയാണ് ഘാന. മുൻ ഫ്രഞ്ച് താരം മാഴ്സലോ ദെസെയ്‌ലി, ഇറ്റാലിയൻ താരം മരിയോ ബലോറ്റെല്ലി, ജർമൻ താരം ജെറോം ബോട്ടെങ്, നെതർലൻഡ്സ് താരം മെംഫിസ് ഡിപായ്, കനേഡിയൻ താരം അൽഫോൺസോ ഡേവിസ്.. ഇവരെല്ലാം ഘാനയുടെ നഷ്ടങ്ങളാണ്.

ഖത്തറിനു വേണ്ടി ഘാന ഇങ്ങനെ അരയും തലയും മുറുക്കി ഒരുങ്ങാൻ മറ്റൊരു കാരണം കൂടിയുണ്ട്. ലോകകപ്പിലെ എച്ച് ഗ്രൂപ്പിൽ യുറഗ്വായ്, പോർച്ചുഗൽ, ദക്ഷിണ കൊറിയ എന്നിവർക്കൊപ്പമാണ് ഘാന. 2010 ലോകകപ്പിലെ വിവാദമായ ‘ഹാൻഡ് ബോളിൽ’ ഘാനയെ പുറത്താക്കിയ ലൂയി സ്വാരെസിന്റെ യുറഗ്വായ് തന്നെ. അന്ന് എക്സ്ട്രാ ടൈമിലേക്കു ക്വാർട്ടർ ഫൈനൽ മത്സരം 1–1 എന്ന നിലയിൽ നിൽക്കെ ഘാന താരം ഡൊമിനിക് അഡിയയുടെ ഹെഡർ ഗോൾലൈനിൽ വച്ച് ഒരു ഗോൾകീപ്പറെപ്പോലെ സ്വാരസ് കൈ കൊണ്ടു തട്ടിയകറ്റുകയായിരുന്നു. സ്വാരസിന് ചുവപ്പു കാർഡും ഘാനയ്ക്കു പെനൽറ്റി കിക്കും കിട്ടിയെങ്കിലും ആഫ്രിക്കൻ ടീമിനു ജയിക്കാനുള്ള ഭാഗ്യമുണ്ടായില്ല. അസമോവ ഗ്യാനിന്റെ കിക്ക് ക്രോസ് ബാറിലിടിച്ചു. മത്സരം ഷൂട്ടൗട്ടിലേക്കു നീണ്ടു. അവിടെ ഘാന തോറ്റു പോയി. ‌

ഒരു വ്യാഴവട്ടം മുൻപുള്ള ആ വേദനയ്ക്കു പ്രതികാരം ചെയ്യാൻ ഘാനയ്ക്കു ഖത്തറിൽ അവസരമുണ്ട്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ എതിരാളികൾ യുറഗ്വായ് തന്നെ!

English Summary: Ghana football team's new strategy for World Cup Football

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com