ഇവാന്റെ ആവനാഴിയിൽ ആയുധങ്ങൾ എന്തൊക്കെ? ബ്ലാസ്റ്റേഴ്സ് പഴയതു തന്നെ, വീര്യം കൂടും
Mail This Article
കൊച്ചി∙ പുതിയ സീസൺ, പുതിയ തുടക്കം. ബ്ലാസ്റ്റേഴ്സ് പക്ഷേ, ഒരു വർഷം പഴയതായി തുടരാൻ ആഗ്രഹിക്കുന്നുണ്ടാകും ആരാധകർ. കഴിഞ്ഞ സീസണിൽ ഗോവൻ തീരത്തു വീശിയ മാറ്റത്തിന്റെ കാറ്റ് കര മാറി ഇക്കുറി കൊച്ചിയിൽ ആഞ്ഞുവീശുന്നതു കാണാനാണു കേരളം മുഴുവൻ കാത്തിരിക്കുന്നത്.എതിരാളികൾ മനസ്സിൽ കാണുന്നതു മാനത്തു കാണുന്ന ശീലമുള്ള കോച്ച് ഇവാൻ വുക്കൊമനോവിച്ചിന് അതാരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. സെർബിയൻ പരിശീലകന്റെ 28 അംഗ സംഘത്തിൽ തെളിഞ്ഞുതന്നെ നിൽക്കുന്നുണ്ട് ‘ബ്ലാസ്റ്റേഴ്സ് പഴയ ബ്ലാസ്റ്റേഴ്സ്’ തന്നെയെന്ന മുദ്രണം. എളുപ്പത്തിൽ പിടിതരുന്ന ഒന്നായിരുന്നില്ല ഗോവൻ മൈതാനങ്ങളിൽ എതിരാളികൾക്കു നേരെ വുക്കൊമനോവിച്ച് പ്രയോഗിച്ച ആയുധങ്ങൾ. ആവനാഴിയിൽ അതിലുമേറെ ആയുധങ്ങൾ സംഭരിച്ചു ബ്ലാസ്റ്റേഴ്സിനെ ഒരുക്കുമ്പോൾ ഫറ്റോർഡയിൽ നിർഭാഗ്യത്തിനു കൈവിട്ട കിരീടമാണു ആശാന്റെ മനസ്സിലെന്നു വ്യക്തം.
വാസ്കെസും ഹോർഹെ പെരേരയും ഇല്ലാത്തതൊരു കുറവല്ലേ? ആരാധകരിൽ നല്ലൊരു പങ്കും ഇപ്പോഴും സംശയത്തിലാകും പക്ഷേ, വുക്കൊമനോവിച്ച് ഒരു സംശയവും കൂടാതെയെടുത്ത തീരുമാനമാണു ഗ്രീക്ക് സ്ട്രൈക്കർ ദിമിത്രിയോസ് ഡയമാന്റകോസിന്റെയും അപ്പോസ്തലസ് ജിയാനൗവിന്റെയും തിരഞ്ഞെടുപ്പ്. ഗ്രീസിലും ജർമനിയിലും ക്രൊയേഷ്യയിലും ഗോൾ തേടിയ പരിചയസമ്പത്തുമായാണു ദിമിത്രിയുടെ ഇന്ത്യൻ ദൗത്യം.ഗ്രീസിലും ഓസ്ട്രേലിയയിലും ൈചനയിലുമായാണു ഓസ്ട്രേലിയൻ ജഴ്സിയണിഞ്ഞ ജിയാനൗവിന്റെ മുൻകളിക്കാലം.ഫുട്ബോൾ ബാല്യം ഇനിയും ബാക്കിയുള്ള വിദേശജോടിക്കൊപ്പം മലയാളി താരം രാഹുലും എഎഫ്സി കപ്പിൽ ഗോളടിച്ച മികവുമായി യുവതാരം ബിദ്യാഷാഗർ സിങ്ങും ചേരുമ്പോൾ ഒരു സംശയവും ബാക്കിവയ്ക്കുന്നില്ല മുന്നേറ്റനിര.
അഡ്രിയാൻ ലൂണ എന്ന ഒറ്റയാന്റെ കാൽക്കീഴിലായിരുന്നു മുൻ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ മധ്യം. ഗോവൻ മൈതാനങ്ങളിൽ ഗോൾ അടിച്ചും അടിപ്പിച്ചും ആറാടിയ മുൻ എസ്പാന്യോൾ താരം ഇക്കുറി ഒറ്റയ്ക്കല്ല. യുക്രെയ്ൻ മിഡ്ഫീല്‍ഡർ ഇവാൻ കലിയൂഷ്‌നി പോരാട്ടവീര്യത്തിലും കഠിനാധ്വാനത്തിന്റെ കാര്യത്തിലും യുറഗ്വായ് താരത്തിനു ചേർന്ന പങ്കാളിയാകുന്നതോടെ അസാധ്യകാര്യങ്ങളുടെ പ്രഭവകേന്ദ്രമാകുന്ന ഒന്നാകും മിഡ്ഫീൽഡ്. വുക്കൊമനോവിച്ചിന്റെ ശിക്ഷണത്തിൽ ചിറകുവിരിച്ചു പറക്കാൻ വെമ്പുന്ന പുതുമുഖങ്ങളായി സൗരവ് മണ്ഡലും ബ്രൈസ് മിറാൻഡയും മലയാളി മുഖങ്ങളായ വിബിൻ മോഹനും നിഹാൽ സുധീഷും ഊഴം തേടുന്ന മധ്യത്തിൽ സഹൽ അബ്ദുൽ സമദും ആയുഷ് അധികാരിയും പ്യൂട്ടിയയും ഗിവ്‌സൺ സിങ്ങുമെല്ലാം ഇക്കുറി ‘സീനിയേഴ്സ്’ റോളിലാണ്.
ക്രൊയേഷ്യൻ താരം മാർക്കോ ലെസ്കോവിച്ച് പ്രതിരോധത്തിലെ പ്രധാനിയായി തുടരുന്ന ടീമിൽ കരുത്തുറ്റ കൂട്ടായെത്തുന്നത് ഒഡീഷയുടെ നായകനായിരുന്ന സ്പാനിഷ് താരം വിക്ടർ മോംഗിലാണ്. സ്വദേശി പ്രതിരോധത്തിന്റെയും ഒപ്പം ടീമിന്റെയും നായകസ്ഥാനത്തു വീണ്ടും ജെസൽ കാർണെയ്റോ. മുൻ സീസണിലെ ഹീറോ ഹോർമിപാം റൂയിവയും ഹർമൻജോത് ഖബ്രയും നിഷുകുമാറും സന്ദീപ് സിങ്ങും മലയാളി താരം ബിജോയിയും മിടുക്കൊട്ടും ചോരാതെ പ്രതിരോധദൗത്യമേറ്റെടുക്കാനുണ്ട്. വല കാക്കാൻ പ്രഭ്സുഖൻ ഗില്ലും കരൺജിത് സിങ്ങിനുമൊപ്പം മലയാളി താരം സച്ചിൻ സുരേഷും മുഹീതും.
Content highlights: ISL 2022, Kerala Blasters VS East Bengal