ADVERTISEMENT

കൊച്ചി∙ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ മഞ്ഞക്കടലിരമ്പത്തിനു മേലെ ചാറിയ മഴയ്ക്കൊപ്പം പെയ്തിറങ്ങി ഗോൾമഴയും. സീസണിലെ ആദ്യ ഹാട്രിക്കുമായി ഓസ്ട്രേലിയൻ താരം ദിമിത്രി പെട്രാത്തോസിന്റെ നേതൃത്വത്തിൽ എടികെ മോഹൻ ബഗാൻ പെയ്യിച്ച ഗോൾമഴയിൽ നനഞ്ഞൊട്ടി കേരള ബ്ലാസ്റ്റേഴ്സ്. ആകെ ഏഴു ഗോളുകൾ പിറന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ എടികെ മോഹൻ ബഗാൻ വീഴ്ത്തിയത് രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക്. മത്സരത്തിന്റെ 26, 62, 90 മിനിറ്റുകളിലായാണ് പെട്രാത്തോസ് സീസണിലെ ആദ്യ ഹാട്രിക് പൂർത്തിയാക്കിയത്. പെട്രാത്തോസിനു പുറമെ ഫിൻലൻഡ് താരം കൗകോ (38), ഇന്ത്യൻ താരം ലെന്നി റോഡ്രിഗസ് (88) എന്നിവരും എടികെയ്ക്കായി ഗോൾ നേടി. ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോളുകൾ ഇവാൻ കല്യൂഷ്നി (6), കെ.പി. രാഹുൽ (81) എന്നിവരുടെ വകയായിരുന്നു.

പന്തു കൈവശം വയ്ക്കുന്നതിലും പാസിങ്ങിലുമെല്ലാം എടികെയേക്കാൾ മുന്നിൽ നിന്ന ബ്ലാസ്റ്റേഴ്സിന്, ഗോളിനു മുന്നിൽ പിഴച്ചതാണ് തിരിച്ചടിയായത്. ആദ്യ മത്സരം തോറ്റ എടികെ മോഹൻ ബഗാൻ, ഈ വിജയത്തോടെ രണ്ട് കളികളിൽനിന്നും മൂന്നു പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് കയറി. ആദ്യ മത്സരം ജയിച്ച ബ്ലാസ്റ്റേഴ്സ് ആകട്ടെ, ഈ തോൽവിയോടെ ഗോൾശരാശരിയിൽ പിന്നിലായി ഏഴാം സ്ഥാനത്തേക്ക് പതിച്ചു.

Image. Twitte/@IndSuperLeague
ഗോൾനേട്ടം ആഘോഷിക്കുന്ന എടികെ താരങ്ങൾ (ഐഎസ്എൽ ട്വീറ്റ് ചെയ്ത ചിത്രം)

പ്രതിരോധം മറന്ന് ആദ്യ മിനിറ്റു മുതൽ ഗോളടിക്കാൻ നടത്തിയ കൈവിട്ട നീക്കങ്ങളാണ് മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. അലകടലായുള്ള ആക്രമണത്തിൽ പലകുറി ഗോളിന് അടുത്തെത്തിയെങ്കിലും അവയിൽ മിക്കവയും ലക്ഷ്യത്തിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്ക് സാധിച്ചതുമില്ല. ഇരുപകുതികളിലുമായി എടികെ വലയിൽ കയറേണ്ടിയിരുന്ന ഉറച്ച നാലു ഗോളുകളെങ്കിലും അവരുടെ ഭാഗ്യം കൊണ്ടും ബ്ലാസ്റ്റേഴ്സിന്റെ നിർഭാഗ്യം കൊണ്ടും ലക്ഷ്യത്തിലെത്താതെ പോയി. എടികെയുടെ ഓസ്ട്രേലിയൻ പ്രതിരോധനിര താരം ബ്രണ്ടൻ ഹാമില്ലിന്റെ രണ്ട് സേവുകൾ സെൽഫ് ഗോളാകാതെ ക്രോസ് ബാർ ‘കാത്തതു’ മാത്രം മതി ഇത് ബ്ലാസ്റ്റേഴ്സിന്റെ ദിവസമല്ലായിരുന്നുവെന്ന് മനസ്സിലാക്കാൻ.

കൊച്ചിയിൽ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ എടികെ മോഹൻ ബഗാന് എതിരെ കേരള ബ്ലാസ്റ്റേഴ്സ് താരം ഡയമൻ്റകോസിൻ്റെ ബൈസിക്കിൾ കിക്ക് ശ്രമം. എടികെ ഗോൾകീപ്പർ വിശാൽ കെയ്ത് സമീപം. ചിത്രം:  ജോസ്കുട്ടി പനയ്ക്കൽ.  മനോരമ
കൊച്ചിയിൽ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ എടികെ മോഹൻ ബഗാന് എതിരെ കേരള ബ്ലാസ്റ്റേഴ്സ് താരം ഡയമൻ്റകോസിൻ്റെ ബൈസിക്കിൾ കിക്ക് ശ്രമം. എടികെ ഗോൾകീപ്പർ വിശാൽ കെയ്ത് സമീപം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ. മനോരമ

മത്സരത്തിന്റെ ആദ്യ 10 മിനിറ്റോളം മാത്രമാണ് ആരാധകക്കൂട്ടത്തെ ത്രസിപ്പിച്ച് ബ്ലാസ്റ്റേഴ്സിന്റെ ‘ബ്ലാസ്റ്റ്’ കണ്ടത്. അവിടുന്നങ്ങോട്ട് മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത എടികെ മോഹൻ ബഗാൻ, ബ്ലാസ്റ്റേഴ്സിന് യാതൊരു അവസരവും നൽകിയില്ല. എടികെയുടെ കെട്ടുറപ്പുള്ള മുന്നേറ്റങ്ങൾക്കു മുന്നിൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾ ചിതറിപ്പോകുന്നത് മൈതാനത്തെ പതിവു കാഴ്ചയായിരുന്നു. ആദ്യപകുതിയിൽ വരുത്തിയ പിഴവുകൾക്ക് രണ്ടാം പകുതിയിൽ പരിഹാരം കാണുന്ന ഇവാൻ വുക്കൊമനോവിച്ചിന്റെ തന്ത്രങ്ങൾ ഇത്തവണ ഫലം കാണാതെ പോയതോടെയാണ് ബ്ലാസ്റ്റേഴ്സ് 5–2ന്റെ ഞെട്ടിക്കുന്ന തോൽവി വഴങ്ങിയത്. ഇതോടെ, എടികെയ്ക്കൊപ്പം മോഹൻ ബഗാൻ കൂടി വന്നശേഷം അവരെ തോൽപ്പിക്കാനായിട്ടില്ലെന്ന നിരാശ ബാക്കിവച്ചാണ് ബ്ലാസ്റ്റേഴ്സ് താരങ്ങൾ തിരികെ കയറിയത്.

∙ ഗോളുകൾ വന്ന വഴി

കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ: രണ്ടാം മിനിറ്റിൽ നല്ലൊരു അവസരം നഷ്ടമാക്കി വരുത്തിയ പിഴവിന് നാലു മിനിറ്റിനുള്ളിൽ സഹൽ അബ്ദുൽ സമദിന്റെ പരിഹാരം. ഇവാൻ കല്യൂഷ്നിയുമായി പന്ത് കൈമാറി സഹലിന്റെ മുന്നേറ്റം. വലതു വിങ്ങിൽ പന്തു സ്വീകരിച്ച് ഗോൾ പോസ്റ്റിനു സമാന്തരമായി സഹലിന്റെ ക്രോസ്. തടയാനെത്തിയ എടികെ മോഹൻ ബഗാൻ താരത്തെ മറികടന്ന് കല്യൂഷ്നി പന്ത് വലയിലേക്കു തട്ടിയിട്ടു. സ്കോർ 1–0.

കൊച്ചിയിൽ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ എടികെ മോഹൻ ബഗാനോട് തോറ്റ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ നിരാശ . ചിത്രം:  ജോസ്കുട്ടി പനക്കൽ മനോരമ
കൊച്ചിയിൽ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ എടികെ മോഹൻ ബഗാനോട് തോറ്റ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ നിരാശ . ചിത്രം: ജോസ്കുട്ടി പനക്കൽ മനോരമ

എടികെ മോഹൻ ബഗാൻ ആദ്യ ഗോൾ: 26–ാം മിനിറ്റിൽ ഇടതു വിങ്ങിലൂടെ ഹ്യൂഗോ ബോമസ് നടത്തിയ മുന്നേറ്റത്തിനൊടുവിൽ എടികെ മോഹൻ ബഗാന് സമനില ഗോൾ. തടയാനെത്തിയ ബ്ലാസ്റ്റേഴ്സ് പ്രതിരോധനിര താരത്തെ മറികടന്ന് ബോമസ് ബോക്സിനുള്ളിൽ. അസാമാന്യ നിയന്ത്രണത്തോടെ ബോമസ് നൽകിയ പാസ് ഗോളിലേക്കു തട്ടിയിടേണ്ട ചുമതല മാത്രമേ ദിമിത്രി പെട്രാത്തോസിനുണ്ടായിരുന്നുള്ളൂ. കൊച്ചിയെ നിശബ്ദമാക്കി എടികെയ്ക്ക് സമനില ഗോൾ. സ്കോർ 1–1.

എടികെ രണ്ടാം ഗോൾ: സ്റ്റേഡിയത്തിലെ മഞ്ഞക്കടലിരമ്പം സ്വിച്ചിട്ടതുപോലെ പിടിച്ചുനിർത്തി എടികെ ലീഡു പിടിച്ചത് 38–ാം മിനിറ്റിൽ. മൻവീർ സിങ്ങിന്റെ തകർപ്പൻ മുന്നേറ്റത്തിനൊടുവിൽ പന്ത് ഫിൻലൻഡ് താരം കൗകോയിലേക്ക്. ബോക്സിന് ഒത്ത നടുവിൽ പന്ത് സ്വീകരിച്ച് കൗകോയുടെ ബുള്ളറ്റ് ഷോട്ട് ബ്ലാസ്റ്റേഴ്സ് വലയിൽ. സ്റ്റേഡിയം നിശബ്ദം. സ്കോർ 2–1.

Image.twitter/@IndSuperLeague
Image.twitter/@IndSuperLeague

എടികെ മൂന്നാം ഗോൾ: ആദ്യപകുതിയിൽ പിന്നിൽനിന്നും തിരിച്ചടിച്ച് ലീഡ് നേടിയതിന്റെ ആവേശത്തിൽ രണ്ടാം പകുതിയിലും തകർത്തു കളിച്ച എടികെ മോഹൻ ബഗാന് 62–ാം മിനിറ്റിൽ അതിന്റെ പ്രതിഫലം ലഭിച്ചു. ആദ്യ ഗോൾ നേടിയ ഓസ്ട്രേലിയൻ താരം ദിമിത്രി പെട്രാത്തോസ് തന്നെ ഇത്തവണയും ലക്ഷ്യം കണ്ടു. എടികെ പരിശീലകൻ ആദ്യ ഇലവനിൽ അവസരം നൽകിയ ലിസ്റ്റൻ കൊളാസോയുടെ പാസിൽനിന്നും പെട്രാത്തോസിന്റെ വലംകാലൻ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ പ്രഭ്സുഖൻ ഗില്ലിനെ മറികടന്ന് വലയിൽ. സ്റ്റേഡിയത്തിൽ വീണ്ടും നിശബ്ദത. സ്കോർ 3–1.

blasters-audience-kochi
കൊച്ചിയിൽ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് – എടികെ മോഹൻ ബഗാൻ മത്സരത്തിനു മുൻപ് മൊബൈൽ ടോർച്ച് തെളിച്ചു ആരവമിടുന്ന കാണികൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോൾ: സഹൽ അബ്ദുൽ സമദിനു പകരക്കാരനായി രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയ കെ.പി. രാഹുൽ വക ബ്ലാസ്റ്റേഴ്സിനു രണ്ടാം ഗോൾ. തീർത്തും അപ്രതീക്ഷിതമെന്നു പറയാവുന്ന ഗോൾ. ബോക്സിനു വെളിയിൽ വലതുവിങ്ങിലൂടെ രാഹുൽ മുന്നേറിയെത്തുമ്പോൾ എല്ലാവരും പ്രതീക്ഷിച്ചത് ബോക്സിലേക്കൊരു ക്രോസ്. എന്നാൽ, വലതു വിങ്ങിൽനിന്നും പോസ്റ്റ് ലക്ഷ്യമാക്കി രാഹുൽ തൊടുത്ത നിരുപദ്രവകരമെന്നു തോന്നിച്ച ഷോട്ട് എടികെ ഗോൾകീപ്പർ വിശാൽ കെയ്ത്തിന്റെ കൈകൾക്കിടയിലൂടെ വലയിലേക്ക്. അപ്രതീക്ഷിത ഗോളിൽ സ്റ്റേഡിയം പൊട്ടിത്തെറിച്ചു. സ്കോർ 3–2.

kerala-blasters-against-atk
കേരളാ ബ്ലാസ്റ്റേഴ്സ് താരങ്ങൾ( കേരള ബ്ലാസ്റ്റേഴ്സ് ട്വീറ്റ് ചെയ്ത ചിത്രം)

എടികെ നാലാം ഗോൾ: രണ്ടാം ഗോൾ നേടിയതോടെ സമനില ഗോളിനായി ബ്ലാസ്റ്റേഴ്സ് താരങ്ങൾ ആർത്തലച്ചു മുന്നേറുന്നതിനിടെ, പ്രതിരോധം മറന്നതിന്റ ശിക്ഷയായിരുന്നു നാലാം ഗോൾ. ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ മുന്നേറ്റത്തിനിടെ എടികെയുടെ കൗണ്ടർ അറ്റാക്ക്. ബ്ലാസ്റ്റേഴ്സ് പ്രതിരോധം ഒന്നടങ്കം മുന്നോട്ടു കയറി നിൽക്കെ പന്തുമായി ദിമിത്രി പെട്രാത്തോസിന്റെ കുതിപ്പ്. ബോക്സിനുള്ളിൽ ആളൊഴിഞ്ഞു നിന്ന ലെന്നിക്ക് കണക്കാക്കി പെട്രാത്തോസ് പന്തു നീട്ടി. പന്തു കിട്ടിയ ലെന്നി റോഡ്രിഗസ് പ്രഭ്സുഖൻ ഗില്ലിന്റെ പ്രതിരോധം ‘സുഖമായി’ പിളർത്തി അനായാസം ലക്ഷ്യം കണ്ടു. സ്കോർ 4–2.

എടികെ അഞ്ചാം ഗോൾ: ബ്ലാസ്റ്റേഴ്സ് പ്രതിരോധം ഛിന്നഭിന്നമായതിന്റെ അവശേഷിപ്പായി എടികെയ്ക്ക് വീണ്ടും ഒരു‘തുറന്ന’ ഗോൾ. ഇത്തവണയും ബ്ലാസ്റ്റേഴ്സ് ആക്രമണം തടഞ്ഞ് എടികെയുടെ കൗണ്ടർ അറ്റാക്ക്. ബ്ലാസ്റ്റേഴ്സ് പ്രതിരോധം ചിതറി നിൽക്കെ എടികെയ്ക്കു മുന്നിൽ പ്രതിരോധക്കോട്ട കെട്ടാൻ ഗോൾകീപ്പർ പ്രഭ്സുഖൻ ഗിൽ മാത്രം. എടികെയുടെ നാലാം ഗോളിനായി ലെന്നി റോഡ്രിഗസിന് പന്തു നൽകിയ ദിമിത്രി പെട്രാത്തോസിന്റെ ത്യാഗത്തിന് ഇത്തവണ പകരം പാസ് നൽകിയത് ലിസ്റ്റൺ കൊളാസോ. ഗില്ലിന്റെ ഒറ്റയാൾ പ്രതിരോധം തകർത്ത് ബോക്സിനുള്ളിൽ ലഭിച്ച സുവർണാവസരം ദിമിത്രി പെട്രാത്തോസ് ഇരുകയ്യും നീട്ടി സ്വീകരിച്ചു. അനായാസം പന്ത് വലയിലേക്ക് തട്ടിയിട്ട താരം ഹാട്രിക്ക് പൂർത്തിയാക്കി.

English Summary: Kerala Blasters FC Vs ATK Mohun Bagan ISL 2022-23 Match, Live

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com