ആശാനൊന്നു പിഴച്ചാൽ...
Mail This Article
കൊച്ചി ∙ ‘എടികെ മോഹൻ ബഗാൻ ഗംഭീര ടീമാണ്. മികച്ച കളിക്കാരുണ്ട്; നല്ല കോച്ചും. അടുത്തിടെ ചില കളികളിൽ മങ്ങിയെങ്കിലും അവർക്ക് എപ്പോൾ വേണമെങ്കിലും തിരിച്ചു വരാൻ കഴിവുണ്ട്’ – ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുക്കൊമനോവിച്ചിന്റെ വാക്കുകൾ. ഐഎസ്എൽ ചരിത്രത്തിലെ ബദ്ധവൈരികളായ എടികെയെ നേരിടുന്നതിനു തലേന്നായിരുന്നു ആ പ്രതികരണം. അദ്ദേഹത്തിന്റെ പ്രവചനം ഫലിച്ചെങ്കിലും ഇര സ്വന്തം ടീം തന്നെ ആയെന്നതു നിർഭാഗ്യം. ഞായറാഴ്ച രാത്രി മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് 5–2നാണ് ബഗാനോടു തോറ്റത്.
ഐഎസ്എലിൽ കളമറിഞ്ഞു കളിക്കുന്ന കോച്ചാണു വുക്കൊമനോവിച്. ശക്തരായ എടികെയെ താളം തെറ്റിക്കാൻ ഏറ്റവും മികച്ചതു തുടക്കം മുതലുള്ള ഇരമ്പിക്കയറ്റമാണെന്ന് അദ്ദേഹം കരുതിയതു സ്വാഭാവികം. ആദ്യ 15 മിനിറ്റിൽ ടീം ഹൈ പ്രസ്സിങ് അപ്പാടെ പ്രാവർത്തികമാക്കി. ഒരു ഗോൾ ലീഡും നേടി. പക്ഷേ, അതിനിടെ തുലച്ചു കളഞ്ഞത് രണ്ടോ മൂന്നോ അവസരങ്ങൾ. ആദ്യ 20 മിനിറ്റിൽ 2 ഗോൾ ലീഡ് നേടാൻ കഴിഞ്ഞിരുന്നെങ്കിൽ എടികെയുടെ തിരിച്ചു വരവ് അത്ര എളുപ്പമാകുമായിരുന്നില്ല.
ആക്രമണം തീവ്രമാക്കി ടീം ഒന്നാകെ എടികെ പകുതിയിൽ തമ്പടിച്ചപ്പോൾ പ്രതിരോധത്തിൽ വിള്ളൽ വീണു. വേഗം കൂടിയ മൻവീർ സിങ്, ബുദ്ധി കൊണ്ടു കൂടി കളിക്കുന്ന യൂഗോ ബോമസ്, ഷോട്ടുകളിൽ അസാധാരണ കൃത്യതയുള്ള പെട്രറ്റോസ്... അതിവേഗ കൗണ്ടർ അറ്റാക്കുകളിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധം വിണ്ടു കീറി. ഖബ്ര മുന്നോട്ടു കയറിപ്പോയപ്പോഴെല്ലാം ബ്ലാസ്റ്റേഴ്സ് പ്രതിരോധം പാളി. ആ വീഴ്ച തിരിച്ചറിഞ്ഞായിരുന്നു എടികെയുടെ തിരിച്ചടികൾ.
Content Highlight: Kerala Blasters Fall