ഇൻജറി ടൈമിൽ ലെവൻഡോവ്സ്കിയുടെ ഗോൾ; വലൻസിയയ്ക്കെതിരെ ബാർസിലോനയ്ക്കു ജയം (1–0)
Mail This Article
വലൻസിയ ∙ ഇൻജറി ടൈമിൽ റോബർട്ട് ലെവൻഡോവ്സ്കി നേടിയ ഗോളിൽ സ്പാനിഷ് ലീഗ് ഫുട്ബോൾ മത്സരത്തിൽ വലൻസിയയ്ക്കെതിരെ ബാർസിലോനയ്ക്കു ജയം (1–0). കളി സമനിലയെന്നുറപ്പിച്ചു നിൽക്കേ റാഫിഞ്ഞ നൽകിയ ക്രോസിൽ നിന്നാണ് ലെവൻഡോവ്സ്കി ലക്ഷ്യം കണ്ടത്. സീസണിൽ പോളണ്ട് താരത്തിന്റെ 13–ാം ലീഗ് ഗോളാണിത്. ടോപ് സ്കോറർമാരിൽ രണ്ടാമതുള്ള ബെറ്റിസ് താരം ബോർയ ഇഗ്ലെസിയാസിന് 7 ഗോളുകൾ മാത്രം.
ആർസനലിന് 5–0 ജയം
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ നോട്ടിങ്ങാം ഫോറസ്റ്റിനെ 5–0നു തകർത്ത ആർസനൽ ഒന്നാം സ്ഥാനത്തേക്കു തിരിച്ചെത്തി. പകരക്കാരനായി ഇറങ്ങിയ റീസ് നെൽസൺ 2 ഗോൾ നേടി. ഗബ്രിയേൽ മാർട്ടിനെല്ലി, തോമസ് പാർട്ടി, മാർട്ടിൻ ഒഡെഗാർഡ് എന്നിവരും ലക്ഷ്യം കണ്ടു. ലിവർപൂൾ സ്വന്തം മൈതാനത്ത് ലീഡ്സ് യുണൈറ്റഡിനോട് 2–1നു തോറ്റു. സീസണിൽ ലിവർപൂളിന്റെ നാലാം തോൽവിയാണിത്. കഴിഞ്ഞയാഴ്ച നോട്ടിങ്ങാം ഫോറസ്റ്റിനോടും അവർ പരാജയപ്പെട്ടിരുന്നു. 9–ാം സ്ഥാനത്താണ് യൂർഗൻ ക്ലോപ്പിന്റെ ടീം ഇപ്പോൾ.
English Summary: Laliga, EPL Matches Updates