ADVERTISEMENT

ലോകകപ്പ് വർഷമാണ്. ടീം മികച്ച ഫോമിലാണ്. എന്നിട്ടും പല ബ്രസീലുകാരും ദേശീയ ടീമിന്റെ വിഖ്യാതമായ മഞ്ഞ ജഴ്സിയോടു മുഖം തിരിച്ചു നിൽക്കുകയാണ്. കാരണം ഫുട്ബോളല്ല; തികച്ചും രാഷ്ട്രീയം!  രാജ്യത്തെ പ്രസിഡന്റ് തിര‍ഞ്ഞെടുപ്പിലെ മത്സരാർഥികളിലൊന്നായ ജൈർ ബൊൽസൊനാരോ മഞ്ഞ ജഴ്സിയെ ‘സ്വന്തമാക്കി’ എന്നതാണ് കാരണം. ഇടതുപക്ഷക്കാരനായ മുൻ പ്രസിഡന്റ് ലുല ഡസിൽവയ്ക്കെതിരെ തീവ്രവലതുപക്ഷക്കാരനായ ബൊൽസൊനാരോയുടെ വജ്രായുധങ്ങളിലൊന്ന് ബ്രസീലിന്റെ വിഖ്യാതമായ മഞ്ഞ ജഴ്സിയായിരുന്നു. ‘എല്ലാവരും മഞ്ഞ ജഴ്സിയണിഞ്ഞ് വോട്ടു ചെയ്യാൻ വരിക’– വോട്ടെടുപ്പിനു മുൻപ് ബൊൽസൊനാരോ അണികളോടു പറഞ്ഞതിങ്ങനെ. 

ജഴ്സിയെ ഹൈജാക്ക് ചെയ്തതിൽ തീരുന്നില്ല തിരഞ്ഞെടുപ്പ് തന്ത്രം. സൂപ്പർ താരം നെയ്മാറെക്കൊണ്ട് തനിക്കു വോട്ട് ചെയ്യണമെന്ന് പറയിപ്പിക്കുക കൂടി ചെയ്തു പിന്തിരിപ്പനെന്ന് പരക്കെ ആക്ഷേപിക്കപ്പെടുന്ന ബൊൽസൊനാരോ. ഇൻസ്റ്റഗ്രാമിൽ 18 കോടിയിലേറെ ഫോളോവേഴ്സുള്ള നെയ്മാറെക്കാളും മികച്ചൊരു ബ്രാൻഡ് അംബാസഡറെ കിട്ടില്ലല്ലോ.  പ്രസിഡന്റിന്റെ ലൈവ് ഷോയിൽ അതിഥിയായി പങ്കെടുത്ത നെയ്മാറോടുള്ള ചോദ്യമിതായിരുന്നു: ‘ലോകകപ്പിൽ ആദ്യ ഗോൾ നേടുമ്പോൾ എങ്ങനെ ആഘോഷിക്കും?’. അത് പ്രസിഡന്റ് ബൊൽസൊനാരോയ്ക്ക് സമർപ്പിക്കും എന്നു പറഞ്ഞ നെയ്മാർ അതു കൊണ്ടും നിർത്തിയില്ല. ‘കപ്പ് നേടിയതിനു ശേഷം ഞങ്ങൾ പ്രസിഡന്റിനെ കാണാൻ വരും’. 

എന്നാൽ  ബ്രസീൽ ടീമിലെ പലരും തന്നെ ഇക്കാര്യത്തിൽ നെയ്മാർക്കൊപ്പമില്ല. ‘കപ്പ് നേടിയാലും ഇല്ലെങ്കിലും അങ്ങനത്തെ ആചാരങ്ങൾക്കൊന്നും എന്നെ കിട്ടില്ല’– കോച്ച് ടിറ്റെ നയം വ്യക്തമാക്കിക്കഴി‍ഞ്ഞു. ടിറ്റെയെപ്പോലെ പലരും ബ്രസീലിയൻ ജഴ്സി ബൊൽസൊനാരോ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗപ്പെടുത്തിയതിൽ രോഷത്തിലാണ്. അതിനു വൈകാരികമായ കാരണങ്ങളുണ്ട്.1950 ലോകകപ്പിൽ മാറക്കാനയിൽ വെള്ളക്കുപ്പായമിട്ട് യുറഗ്വായോടു തോറ്റതിനു ശേഷമാണ് ബ്രസീൽ മഞ്ഞ ജഴ്സിയിലേക്കു മാറിയത്. അന്നത്തെ തോൽവിക്കു ശേഷം ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ ഒരു മൽസരം പ്രഖ്യാപിച്ചു: ടീമിനു ഭാഗ്യം കൊണ്ടു വരാൻ ഒരു ജഴ്സി  വേണം. അന്ന് ഒരു പ്രാദേശിക ദിനപത്രത്തിൽ ഇല്ലസ്ട്രേറ്ററായി ജോലി ചെയ്യുകയായിരുന്ന പതിനെട്ടുകാരനായിരുന്ന അൽദിർ ഷ്‌ലീയാണ് ആ മൽസരത്തിൽ ജയിച്ചത്. സ്വന്തം നാട്ടിൽനിന്ന് റിയോ ഡി ജനീറോയിലേക്കു വിമാനയാത്രയായിരുന്നു ഷ്‌ലീക്കുള്ള സമ്മാനം. 

1958,1962 ലോകകപ്പുകൾ ജയിച്ചതോടെ ബ്രസീലിന്റെ അഭിമാന പ്രതീകങ്ങളിലൊന്നായി മഞ്ഞ ജഴ്സി. അതാണിപ്പോൾ ബൊൽസൊനാരോ കൊണ്ടു പോയിരിക്കുന്നത്!

 

Content Highlight: Brazil President Jair Bolsonaro politicised the yellow Jersey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com