ഖത്തർ ലോകകപ്പിനുള്ള 26 അംഗ ടീമിനെ പ്രഖ്യാപിച്ച് ബ്രസീൽ; ഫിർമിനോ പുറത്ത്
Mail This Article
റിയോ ഡി ജനീറോ ∙ ഖത്തർ ലോകകപ്പിനുള്ള ബ്രസീൽ ഫുട്ബോൾ ടീമിനെ കോച്ച് ടിറ്റെ പ്രഖ്യാപിച്ചു. ഇംഗ്ലിഷ് ക്ലബ് ലിവർപൂളിന്റെ ഫോർവേഡ് റോബർട്ടോ ഫിർമിനോ, ആസ്റ്റൻ വില്ലയുടെ മിഡ്ഫീൽഡർ ഫിലിപ്പെ കുടീഞ്ഞോ എന്നിവരാണ് 26 അംഗ ടീമിൽ ഉൾപ്പെടാതെ പോയ പ്രമുഖർ. പരിശീലനത്തിനിടെ കാൽ തുടയ്ക്കേറ്റ പരുക്കാണ് കുടീഞ്ഞോയ്ക്കു തിരിച്ചടിയായത്. മുപ്പത്തിയൊൻപതുകാരനായ ഡിഫൻഡർ ഡാനി ആൽവസാണ് സീനിയർ. ടീമിലെ 16 താരങ്ങൾ ഇതുവരെ ലോകകപ്പ് കളിക്കാത്തവരാണ്. റിയോയിലെ ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷൻ ആസ്ഥാനത്താണ് ടിറ്റെ ടീമിനെ പ്രഖ്യാപിച്ചത്. ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ പരിശീലകനായിരുന്ന റിക്കാർഡോ ഗോമസ് ലോകകപ്പിൽ ടിറ്റെയുടെ സഹപരിശീലകനാകും.
ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ നിന്നുള്ള 12 കളിക്കാർ ടീമിലുണ്ട്. ക്ലബ്ബുകളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, യുവന്റസ്, റയൽ മഡ്രിഡ് എന്നിവയിൽ നിന്ന് മൂന്നു പേർ വീതം. ബ്രസീലിയൻ ക്ലബ്ബുകളിൽ കളിക്കുന്ന 3 പേർ മാത്രമാണ് ടീമിലുള്ളത്. യൂറോപ്പിൽ നിന്ന് 22 പേർ. മെക്സിക്കൻ ക്ലബ് പ്യൂമാസിനു വേണ്ടി കളിക്കുന്ന ഡാനി ആൽവസ് മാത്രമാണ് ബ്രസീലിലും യൂറോപ്പിലുമല്ലാതെ ക്ലബ് ഫുട്ബോൾ കളിക്കുന്ന ഒരേയൊരു താരം.
ഇറ്റാലിയൻ ക്ലബ് യുവന്റസിന്റെ പരിശീലന സൗകര്യങ്ങളാണ് ലോകകപ്പിനു മുൻപ് ബ്രസീൽ ഉപയോഗിക്കുക. 14ന് ടൂറിനിലെത്തുന്ന ടീം അഞ്ചു ദിവസം നീളുന്ന ക്യാംപിനു ശേഷം നവംബർ 19ന് ഖത്തർ തലസ്ഥാനമായ ദോഹയ്ക്കു തിരിക്കും. നവംബർ 24ന് സെർബിയയ്ക്കെതിരെയാണ് ലോകകപ്പിൽ ബ്രസീലിന്റെ ആദ്യ മത്സരം.
ബ്രസീൽ ടീം (ബ്രാക്കറ്റിൽ നിലവിലെ ക്ലബ്)
ഗോൾകീപ്പർമാർ: അലിസൻ (ലിവർപൂൾ), എദേഴ്സൻ (മാഞ്ചസ്റ്റർ സിറ്റി), വെവർട്ടൻ (പാൽമെയ്‌രാസ്)
ഡിഫൻഡർമാർ: അലക്സ് സാന്ദ്രോ (യുവന്റസ്), അലക്സ് ടെല്ലാസ് (സെവിയ്യ), ഡാനി ആൽവസ് (പ്യൂമാസ്), ഡാനിലോ (യുവന്റസ്), ബ്രെമർ (യുവന്റസ്), എദർ മിലിറ്റാവോ (റയൽ മഡ്രിഡ്), മാർക്വിഞ്ഞോസ് (പിഎസ്ജി), തിയാഗോ സിൽവ (ചെൽസി).
മിഡ്ഫീൽഡർമാർ: ബ്രൂണോ ഗുയ്മാറെസ് (ന്യൂകാസിൽ), കസീമിറോ (മാഞ്ചസ്റ്റർ യുണൈറ്റഡ്), എവർട്ടൻ റിബെയ്റോ (ഫ്ലെമംഗോ), ഫാബിഞ്ഞോ (ലിവർപൂൾ), ഫ്രെഡ‍് (മാഞ്ചസ്റ്റർ യുണൈറ്റഡ്), ലൂക്കാസ് പാക്കറ്റ (വെസ്റ്റ് ഹാം).
ഫോർവേഡുകൾ: ആന്റണി (മാഞ്ചസ്റ്റർ യുണൈറ്റഡ്), ഗബ്രിയേൽ ജിസ്യൂസ് (ആർസനൽ), ഗബ്രിയേൽ മാർട്ടിനെല്ലി (ആർസനൽ), നെയ്മാർ (പിഎസ്ജി), പെഡ്രോ (ഫ്ലെമംഗോ), റാഫിഞ്ഞ (ബാർസിലോന), റിച്ചാർലിസൻ (ടോട്ടനം), റോഡ്രിഗോ (റയൽ മഡ്രിഡ്), വിനീസ്യൂസ് (റയൽ മഡ്രിഡ്).
∙ആറാം ലോകകിരീടമാണ് ബ്രസീൽ ഖത്തറിൽ ലക്ഷ്യമിടുന്നത്. 1958, 1962, 1970, 1994, 2002 വർഷങ്ങളിലായിരുന്നു കിരീടനേട്ടങ്ങൾ. രണ്ടു തവണ വീതം രണ്ടാം സ്ഥാനം, മൂന്നാം സ്ഥാനം, നാലാം സ്ഥാനം എന്നിവയും നേടി. ഇതുവരെയുള്ള 21 ലോകകപ്പുകളും കളിച്ച ഏക ടീമും ബ്രസീൽ തന്നെ.
English Summary: Brazil announce squad for 2022 FIFA World Cup