ADVERTISEMENT

ബ്രസീലിന്റെയും പിരിയാത്ത കൂട്ടുകാരുടെയും ഗ്രൂപ്പാണ് ജി. കഴിഞ്ഞ റഷ്യൻ ലോകകപ്പിലും സ്വിറ്റ്സർലൻഡും സെർബിയയും ബ്രസീലിനൊപ്പമുണ്ടായിരുന്നു. അന്ന് ഗ്രൂപ്പിൽ നിന്നു മുന്നേറിയത് ബ്രസീലും സ്വിറ്റ്സർലൻഡുമാണ്. ഒരു ലോകകപ്പിന്റെ ഇടവേളയിൽ തിരിച്ചുവരുന്ന ആഫ്രിക്കൻ സിംഹങ്ങളായ കാമറൂണാണ് ഗ്രൂപ്പിലെ നാലാമത്തെ ടീം.

ബ്രസീൽ

ഫിഫ റാങ്ക്: 1  പരിശീലകൻ: ടിറ്റെ

ഇത്ര കരുത്തോടെ സമീപ ലോകകപ്പുകൾക്കൊന്നും ബ്രസീൽ സജ്ജരായിട്ടില്ല. യോഗ്യതാ റൗണ്ടിലെ 17ൽ പതിനാലു കളികളിലും ജയം. അടിച്ചത് 40 ഗോളുകൾ. വഴങ്ങിയത് ആകെ അഞ്ചെണ്ണം. ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത്. 2002ൽ ജപ്പാൻ–ദക്ഷിണ കൊറിയ ലോകകപ്പിലെ കിരീടനേട്ടം ഏഷ്യൻ മണ്ണിലെ രണ്ടാം ലോകകപ്പിൽ ആവർത്തിക്കാമെന്നാണ് മഞ്ഞപ്പടയുടെ പ്രതീക്ഷ.

കരുത്ത്: ഫോർവേഡുകളുടെ ഒരു ഇലവൻ തന്നെയുണ്ട് ബ്രസീലിന്. നെയ്മാർ, റിച്ചാർലിസൻ, വിനീസ്യൂസ് ജൂനിയർ, റോഡ്രിഗോ, റാഫിഞ്ഞ, ആന്റണി, ഗബ്രിയേൽ ജിസ്യൂസ്, ആന്റണി, പെഡ്രോ...പ്ലെയിങ് ഇലവനിൽ ഇവരിലാരൊക്കെ എന്നതാണ് ചോദ്യം. 

ദൗർബല്യം: ഫുൾബായ്ക്ക് സ്ഥാനത്ത് സ്ഥിരത തെളിയിച്ചവരില്ല. ഡാനിലോ, എദർ മിലിറ്റാവോ, റെനൻ ലോഡി, അലക്സ് സാന്ദ്രോ, അലക്സ് ടെല്ലാസ് എന്നിവരൊന്നും കോച്ച് ടിറ്റെയുടെ പൂർണ വിശ്വാസം ആർജിച്ചിട്ടില്ല.

സെർബിയ

ഫിഫ റാങ്ക്: 21 പരിശീലകൻ: ഡ്രാഗൻ സ്റ്റോയ്ക്കോവിച്ച്

കഴിഞ്ഞ തവണ ബ്രസീലിനോടും സ്വിറ്റ്സർലൻഡിനോടും തോറ്റതാണ് സെർബിയയുടെ വഴിയടച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ മടങ്ങുന്ന പതിവു തിരുത്തുക എന്നതാണ് ഇത്തവണ ലക്ഷ്യം. യോഗ്യതാ റൗണ്ടിൽ പോർച്ചുഗലിനെ മറികടന്ന് ഗ്രൂപ്പിൽ ഒന്നാമതെത്തിയതിന്റെ ആത്മവിശ്വാസം സെർബിയയ്ക്കു കൂട്ടുണ്ട്. നിർണായക മത്സരങ്ങളിൽ അവസാനനിമിഷം വരെ പൊരുതി വിജയം പിടിച്ചു വാങ്ങും സെർബിയ. 

കരുത്ത്: മുന്നേറ്റവും മധ്യനിരയും തമ്മിലുള്ള ഒത്തിണക്കം. അലക്സാണ്ടർ മിത്രോവിച്ച്, ലൂക്ക ജോവിച്ച്, ദുസാൻ വ്ലാഹോവിച്ച് എന്നിവർക്ക് നിരന്തരം പന്തെത്തിച്ചു കൊടുക്കും ദുസാൻ ടാഡിച്ചിന്റെ നേതൃത്വത്തിലുള്ള മിഡ്ഫീൽഡ്. 

ദൗർബല്യം: പ്രതിരോധം ഏതു നിമിഷവും പൊളിഞ്ഞു വീഴാം. സെന്റർ ബാക്ക് നിക്കോളോ മിലെൻകോവിച്ചിനു പറ്റിയ കൂട്ടില്ല. യോഗ്യതാ റൗണ്ടിൽ ഒന്നാമൻമാരായെങ്കിലും ഗോൾ വഴങ്ങാതിരുന്നത് ഒരു മത്സരത്തിൽ മാത്രം! 

സ്വിറ്റ്സർലൻഡ്

ഫിഫ റാങ്ക്: 15

പരിശീലകൻ: മുറാത് യാകിൻ 

ടൂർണമെന്റിലുടനീളം പ്രചോദിതരായി കളിക്കില്ല എന്നതാണ് സ്വിറ്റ്സർലൻഡിന്റെ പ്രശ്നം. 2010ൽ സ്പെയിനെ തോൽപിച്ചു; എന്നിട്ടും ഗ്രൂപ്പ് ഘട്ടം കടന്നില്ല. 2018ൽ ബ്രസീലിനെ സമനിലയിൽ പിടിച്ചു; പ്രീക്വാർട്ടറിൽ സ്വീഡനോടു തോറ്റു. 2020 യൂറോകപ്പിൽ ഫ്രാൻസിനെ തോൽപിച്ചു; പിന്നാലെ സ്പെയിനോടു തോറ്റു. ഒരു ‘വലിയ മത്സരം’ ജയിക്കാൻ സ്വിസ്സുകാർക്കറിയാം. പക്ഷേ ഒരു ടൂർണമെന്റ് ജയിക്കാൻ..? 

കരുത്ത്: മികച്ച പ്രതിരോധം. ഗോൾകീപ്പർ യാൻ സൊമ്മർ, ഡിഫൻഡർമാരായ മാനുവൽ അകഞ്ചി, റിക്കാർഡോ റോഡ്രിഗസ്, നിക്കോ എൽവെഡി തുടങ്ങിയർ യോഗ്യതാ റൗണ്ടിലെ 8 മത്സരങ്ങളിൽ വഴങ്ങിയത് 2 ഗോൾ മാത്രം.

ദൗർബല്യം: ഗോളടിക്കുന്നതിലെ സ്ഥിരതയില്ലായ്മ. യോഗ്യതാ റൗണ്ടിലെ 8 കളികളിൽ 15 ഗോളുകളടിച്ചു. പിന്നീടുള്ള ആറു കളികളിൽ ഒന്നിൽപ്പോലും ഒരു ഗോളിൽ കൂടുതൽ ഇല്ല. 

കാമറൂൺ

ഫിഫ റാങ്ക്: 43

പരിശീലകൻ: റിഗോബെർട്ട് സോങ് 

കാമറൂണിന്റെ എട്ടാം ലോകകപ്പാണിത്. മറ്റു ആഫ്രിക്കൻ രാജ്യങ്ങളെക്കാൾ കൂടുതൽ. പക്ഷേ ഗ്രൂപ്പ് ഘട്ടം കടന്നത് 1990ൽ മാത്രം. ഇത്തവണ മാറ്റമുണ്ടാകുമെന്ന് പറയുന്നത് മറ്റാരുമല്ല; നിലവിൽ കാമറൂൺ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റായ ഇതിഹാസ താരം സാമുവൽ എറ്റൂ!  യോഗ്യതാ റൗണ്ടിൽ അൽജീരിയയെ അവസാന നിമിഷം നേടിയ എവേ ഗോളിൽ മറികടന്നാണ് കാമറൂൺ ലോകകപ്പിനു യോഗ്യത നേടിയത്. 

കരുത്ത്: മികച്ച ഗോൾകീപ്പർമാർ എക്കാലത്തും കാമറൂണിനുണ്ട്. ഇത്തവണ കസിൻസ് ആയ ആന്ദ്രെ ഒനാനയും ഫാബ്രിസ് ഒൻഡോവയുമാണ് ആ റോളിൽ. വിൻസന്റ് അബൂബക്കർ, എറിക് ചൗപ്പോ മോട്ടിങ്, കാൾ ടോകോ എകാംബി എന്നിവരാണ് ഗോളടി പ്രതീക്ഷ. 

ദൗർബല്യം: ‘ടാക്ടിക്കൽ പോരാട്ടങ്ങൾ’ ജയിക്കില്ല. ആസൂത്രിത ഫിലോസഫിയുമായെത്തുന്ന ടീമുകൾക്കു മുന്നിൽ കാമറൂൺ എല്ലായ്പ്പോഴും വീഴും. യൂറോപ്യൻ ടീമുകൾക്കെതിരെ ഇതു വലിയ വെല്ലുവിളിയാകും.

English Summary: FIFA World cup 2022, Group G

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com