‘കുട്ടക്കുഴപ്പത്തിൽ’ ഫ്രാൻസ്; എറിക്സൻസ് ഡെൻമാർക്ക്, പിന്നെ കടുകട്ടി തുനീസിയ, ഓസ്ട്രേലിയ!
Mail This Article
2002 മേയ് 31 ! ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആദ്യ ലോകകപ്പിന് ചാംപ്യൻമാരായാണ് ഫ്രാൻസ് ഏഷ്യയിൽ നടന്ന അവസാന ലോകകപ്പിന് എത്തിയത്. ഉദ്ഘാടന മത്സരത്തിൽ ദുർബലരായ സെനഗൽ എതിരാളികൾ. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്ന് ഫുട്ബോൾ ലോകം അന്ന് കണ്ടു. ഫ്രാൻസിന്റെ തോൽവിയിൽ ലോകം ഞെട്ടി. അടുത്ത മത്സരത്തിൽ യുറഗ്വായുമായി സമനില. നിർണായക മത്സരത്തിൽ ഡെൻമാർക്കിനോട് തോൽവി. ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ അപ്രതീക്ഷിതമായി പുറത്തായി ഫ്രാൻസ്. ഇതു പിന്നീട് തുടർക്കഥയായി. 2010 മുതൽ നടന്ന മൂന്ന് ലോകകപ്പുകളിലും ചാംപ്യന്മാരായി എത്തിയ ടീമുകൾ ഗ്രൂപ്പ് ഘട്ടം കടന്നിട്ടില്ല. 2010ൽ ഇറ്റലി, 2014ൽ സെപെയ്ൻ, 2018ൽ ജർമനി എന്നിവർ ‘ചാംപ്യൻശാപ’ത്തിന് ഇരകളായി ! അട്ടിമറികൾക്കു പേര് കേട്ടതാണ് ചാംപ്യന്മാരുള്ള ഗ്രൂപ്പ്. ഇത്തവണയും അത് ആവർത്തിക്കുമോ ? ഇല്ലെന്നുറച്ചാണ് ഫ്രാൻസിന്റെ വരവ്. കഴിഞ്ഞ ലോകകപ്പിലും ഒപ്പമുണ്ടായിരുന്ന ഓസ്ട്രേലിയ, ഡെൻമാർക്ക് ടീമുകൾ ഗ്രൂപ്പ് ഡിയിൽ ഇത്തവണയും ഒപ്പമുണ്ട്. ഫ്രാൻസും ഡെൻമാർക്കുമാണ് നോക്കൗട് റൗണ്ടിലെത്തിയത്. തുനീസിയയാണ് ഗ്രൂപ്പിലെ നാലാമത്തെ ടീം.