‘പ്രതിഭാസം’ വീണു, ചിറകറ്റ് കാനറികളും; ബ്രസീലിന്റെ ഫ്രഞ്ച് ദുഃസ്വപ്നം
Mail This Article
വർഷം 2002. എന്റെ നാടായ കൃഷ്ണൻകോട്ടയിൽ (തൃശൂർ ജില്ല) ഏറെ വൈകി കേബിൾ ടെലിവിഷൻ എത്തിച്ചേർന്നു. ദൂരദർശന് വിദേശ മൽസരങ്ങളുടെ പ്രക്ഷേപണ അവകാശം നഷ്ടപ്പെട്ട 1994 ന് ശേഷമുള്ള എട്ട് വർഷം കളിപ്രേമികൾ അന്യനാടുകളിൽ അലഞ്ഞു നടക്കുകയായിരുന്നു. എന്നിട്ടും 2002 ൽ ജപ്പാനിലും കൊറിയയിലുമായി ഫുട്‌ബോൾ ലോകകപ്പ് തുടങ്ങുമ്പോൾ എവിടെ കാണുമെന്ന ആശങ്ക വിട്ടൊഴിയുന്നില്ല. അതും പോരാഞ്ഞ് സ്ഥിരം ചാനലുകളായ സ്റ്റാറിലും ഇഎസ്പിഎന്നിലും പന്ത് ഉരുളുന്നില്ല. അവകാശം ടെൻ സ്പോർട്സ് നേടിയെടുത്തു. പക്ഷേ അന്ന് ആ ചാനൽ വ്യാപകമായിട്ടില്ല. സൗകര്യമായി കളി കാണാനുള്ള അന്വേഷണം ചെന്നെത്തിയത് സമീപദേശമായ ആനാപ്പുഴയിലെ പുരാതനമായ ആശാൻ സ്മാരക വായനശാലയിൽ. പുതിയ ടെലിവിഷനിലെ മാസവരി ചാനലുകളിൽ ടെൻ സ്പോർട്സുമുണ്ട്.
മലയാളിയുടെ ടെലിവിഷൻ ആസ്വാദന ചരിതം രസകരമാണ്. എന്റെ നാട്ടിൽ ആദ്യമാദ്യം അപൂർവം വീടുകളിൽ മാത്രമായിരുന്നു ഈ അദ്ഭുതപ്പെട്ടി ഉണ്ടായിരുന്നത്. തുടക്കം 14 ഇഞ്ചിന്റെ ബ്ലാക്ക് ആൻഡ് വൈറ്റിൽ. പിന്നെ അലമാര പോലെ പൂട്ടിവയ്ക്കാവുന്ന ടിവി. അതുകഴിഞ്ഞ് കളർ ടിവി, അകമ്പടിക്ക് വിസിപി, വിസിആർ. നെയ്ബേഴ്സ് എൻവി, ഓണേഴ്‌സ് പ്രൈഡ്! വീടുകൾ തരം പോലെ സിനിമ തിയറ്ററായും സ്റ്റേഡിയമായും രൂപം മാറി. വീട്ടുകാരും വിരുന്നുകാരും അയൽക്കാരും പ്രദേശവാസികളും ചേരുന്ന പകൽ-രാത്രി പൂരം, സൂചി കുത്താൻ ഇടമില്ലാതെ തിങ്ങി നിറഞ്ഞ ജനം. വീട്ടുടമയുടെ അസൗകര്യം ആര് ഗൗനിക്കുന്നു? ഇതെന്തോ അവകാശം കിട്ടിയ പോലെയാണ് ആളുകൾക്ക്.
അക്കാലത്ത് കേരളം മുഴുവൻ ഇങ്ങനെയായിരുന്നു. കാർട്ടൂണിസ്റ്റ് ടോംസ് ‘ബോബനും മോളിയും’ വഴി ഈ വിഷയം ഉയർത്തി. മോണിറ്ററിന്റെ ഒരടി അകലെ വരെ വന്നിരിക്കുന്ന അപരിചിതനോട് വീട്ടുടമ ചോദിക്കുന്നു: ‘‘ഒന്നൊതുങ്ങി ഇരിക്കോ?’’ അപ്പോൾ അയാൾ: ‘‘തനിക്കെന്താടോ ഇവിടെ കാര്യം?’’ ഓടുപൊളിച്ചാണ് ആൾക്കാർ ക്രിക്കറ്റ് കാണാൻ കയറുന്നത്. മറ്റൊരു രംഗത്തിൽ ഷാർജ കപ്പ് സെമി കഴിഞ്ഞു പോകുന്ന ഒരാൾ വീട്ടുടമയായ പോത്തൻ വക്കീലിനോട്: ‘‘വെള്ളിയാഴ്ച ഇന്ത്യയും പാക്കിസ്ഥാനും തമ്മിലാ’’. അപ്പോൾ വക്കീൽ: ‘‘ഇനി താൻ ഇങ്ങോട്ടു വന്നാ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടന്നത് ഇവിടെ നടക്കും’’. പലപ്പോഴും മെയിൻ സ്വിച്ച് ഓഫാക്കി കറന്റ് പോയെന്നു നുണ പറഞ്ഞ് ആളുകളെ പിരിച്ചു വിടാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ സന്ദർശകരുടെ കാഴ്ചപ്പാടിൽ സിനിമയും സീരിയലും പരസ്യവും സ്പോർട്സും വാർത്തയും, എന്തിന് ദേശഭക്തി ഗാനവും തടസ്സവും പോലും അതീവ രസകരം. രുക്കാവട്ട് കേലിയേ ഖേദ് ഹേ.. ഹേയ്, നമുക്ക് ഒരു ഖേദവുമില്ല. തടസ്സം മാറി പരിപാടി തുടങ്ങുന്നതു വരെ അവിടെ ഇരിക്കും, അതിനി ഒന്നോ രണ്ടോ മണിക്കൂർ എടുത്താൽ പോലും. അതുവരെ ആ വീട്ടുകാർ ബന്ദികൾ. പലർക്കും ടിവി ഒരു ഗമയാണ്, ഉയർത്തിക്കെട്ടിയ ആന്റിന സ്റ്റാറ്റസ് സിംബലും. ഇതിപ്പോ സമൂഹ ശ്രേണിയിൽ മുകളിൽ കയറാൻ മാസത്തവണയിൽ വാങ്ങിയ ടിവി പാരയായി.
1996-97 സീസണിലെ ഇന്ത്യയുടെ കളികൾ പൊയ്യ കമ്പനിപ്പടി ഭാഗത്ത്, ടിവി ആന്റിനയെ വെല്ലുന്ന ഡിഷ് ആന്റിനയുള്ള ഒരു വീട്ടിലാണ് കണ്ടിരുന്നത്. അത് പെരിയ സ്റ്റാറ്റസ് സിംബൽ. പൊയ്യ, ചെന്തുരുത്തി, കഴിഞ്ഞിത്തറ, കൃഷ്ണൻകോട്ട ഭാഗത്തെ ക്രിക്കറ്റ് ഭ്രാന്തന്മാർ മൊത്തം അവിടെയുണ്ട്. ശ്രീലങ്കയിൽനിന്നു ലൈവ്. സനത് ജയസൂര്യ ജ്വലിച്ചു നിൽക്കുന്നു. 1996 ലെ ലോക വിജയത്തിനു ശേഷം ഉപഭൂഖണ്ഡത്തിലെ പിച്ചുകളിൽ ലങ്കയെ പൂട്ടുകയെന്നതു കഠിനമായ കാലം. അസ്ഹറിനു പകരം ഇന്ത്യയുടെ ക്യാപ്റ്റനായ സച്ചിൻ പതറുന്നു. ബാറ്റിങ് ഫോം മങ്ങി. അസ്ഹറിനും ജഡേജയ്ക്കും സ്ഥിരതയുമില്ല. പുതുമുഖങ്ങളായ ഗാംഗുലിയും ദ്രാവിഡും ലക്ഷ്മണും പ്രതിഭാധനരാണ്, പക്ഷേ പരിചയം നേടുന്നതേയുള്ളൂ. കുംബ്ലെയും ശ്രീനാഥും പ്രസാദും ആഞ്ഞു പിടിക്കുന്നുണ്ട്, പക്ഷേ ബാറ്റിങ് സ്കോർ കാർഡിൽ ആവശ്യത്തിന് റണ്ണില്ല. ഏഷ്യയിലെ തോൽവിയുടെ പരമ്പര കഴിഞ്ഞ്, ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ ടൂർ. വൈകുന്നേരമാണ് കളി. പൊയ്യയിലെ ആ വീട്ടിൽ നിറഞ്ഞു തുളുമ്പുന്ന കാണികൾ. ഈ പുരുഷ സാഗരത്തെ വകഞ്ഞു മാറ്റാതെ ആ വീട്ടിലെ സ്ത്രീകൾക്കു പുറത്തു പോകാൻ പറ്റില്ല. വീട്ടുകാർ മാന്യരാണ്. ക്രിക്കറ്റ് പ്രേമിയായ ഗൃഹനാഥൻ കാണികളോടു മറുത്തൊന്നും പറയാറില്ല. പക്ഷേ എന്തിനും ഒരു പരിധിയുണ്ടല്ലോ.
ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പരമ്പര വന്നു. പത്തു മണിക്കൂർ സമയ വ്യത്യാസം, കിങ്സ്റ്റണിലും ബ്രിജ്ടൗണിലും രാവിലെ കളി തുടങ്ങുമ്പോൾ ഇന്ത്യയിൽ വൈകിട്ട് ഏഴര. കൃഷ്ണൻകോട്ടയിലെ ക്രിക്കറ്റ് ലഹരി കയറിയ, പുത്തൻകൂറ്റുകാരായ കളിപ്രേമികൾക്കു ടെസ്റ്റ് മാച്ച് കാണണം. പൊയ്യയിലെ വീട് തന്നെ ശരണം- ‘‘ചേട്ടാ കളി വെക്കോ?’’ കളിക്കാർ ലഞ്ചിനു പിരിയുമ്പോൾ വീട്ടുകാർ സപ്പർ തുടങ്ങും. നമ്മുടെ ടീംസിന് അതൊന്നും പ്രശ്നമേയല്ല. അവസാനം ആ വീട്ടുകാർ വീട് വിറ്റു പോയി എന്നാണ് അറിയാൻ കഴിഞ്ഞത്.
ജൂൺ 2002. സമൂഹത്തിൽ സാമ്പത്തിക നില മെച്ചപ്പെട്ട് ടിവി വ്യാപകമായി, വിലയും കുറഞ്ഞു. അതോടെ ഒരുമിച്ചിരുന്നു കളി കാണുന്നതിന്റെ ആവേശം തീർന്നു. സന്ദർശകനായ കാണിയുടെ കാഴ്ചപ്പാടിൽ, ഒറ്റയ്ക്കു കാണുന്നതിൽ ഒരു ത്രില്ലില്ല. നാട്ടുകാരെ സഹിച്ച വീട്ടുകാർ പക്ഷേ ആശ്വസിച്ചു കാണും. എന്തായാലും കേബിൾ ടിവി തേടിയുള്ള യാത്രകൾ ഗൃഹാതുരത്വം നിറഞ്ഞ പഴയ കാലത്തിന്റെ തിരിച്ചു വരവായി. ആനാപ്പുഴ ലൈബ്രറിയിൽ ആബാലവൃദ്ധം കൃഷ്ണൻകോട്ടക്കാർ മാത്രമല്ല, പ്രദേശ വാസികളും ബാസ്റ്റിൻ തുരുത്ത്, ഉണ്ടേക്കടവ്, കോട്ടപ്പുറം, മേത്തല, തിരുവഞ്ചിക്കുളം നിവാസികളുമുണ്ട്. പത്രങ്ങളിൽ വിശകലനം തുടങ്ങിക്കഴിഞ്ഞു. നാടകീയതയ്ക്ക് കുറവില്ല. എന്റെ ടീം ബ്രസീൽ, എതിരാളികളായി അർജന്റീന, ഇംഗ്ലണ്ട്, ഫ്രാൻസ്, സ്പെയ്ൻ, പോർച്ചുഗൽ, ഇറ്റലി. കറുത്ത കുതിരകളാകാൻ ആഫ്രിക്കൻ ടീമുകൾ. ഹോം ഗ്രൗണ്ടിന്റെ പിൻബലത്തിൽ കൊറിയ, ജപ്പാൻ.
നാലു തവണ കിരീടം നേടിയ ബ്രസീലിന് ആരും സാധ്യത കാണുന്നില്ല. നാലു വർഷം മുമ്പ് 1998ൽ പാരിസിലെ സാൻദെനിയിലെ കലാശ പോരാട്ടത്തിൽ ഫ്രാൻസിനെതിരെ ഇറങ്ങുമ്പോൾ മഞ്ഞപ്പടയായിരുന്നു ഫേവറിറ്റ്സ്. കാനറികളുടെ കുന്തമുന റൊണാൾഡോയുടെ കിരീടധാരണം ലോകം പ്രതീക്ഷിച്ചു. പക്ഷേ ഫ്രഞ്ച് മിഡ്ഫീൽഡർ സിനദീൻ സിദാന് മറ്റു ചില പദ്ധതികൾ ഉണ്ടായിരുന്നു. സമ്മർദ്ദം താങ്ങാനാകാതെ കളിക്കു തൊട്ടു മുമ്പ് രോഗബാധിതനായ റൊണാൾഡോയെ (Epileptic seizure) ഹോസ്പിറ്റലിൽനിന്നു തിരിച്ചുകൊണ്ടുവന്നാണ് കളത്തിൽ ഇറക്കിയത്. എന്താണ് സംഭവിച്ചത്? ഇപ്പോഴും അതൊരു നിഗൂഢത. മികവിന്റെ പാരമ്യത്തിലായിരുന്നു പ്രതിഭാസം (The phenomenon) എന്ന് വിളിപ്പേരുണ്ടായിരുന്ന, 21 വയസ്സുള്ള റൊണാൾഡോ. വേഗത്തിലും പന്തടക്കത്തിലും ചലനങ്ങളുടെ ചാരുതയിലും മൈതാനത്തെ ദർശനത്തിലും അഗ്രഗണ്യൻ. പക്ഷേ രാജ്യവും ലോകവും ഉറ്റു നോക്കിയ നിമിഷത്തിൽ അയാൾ വീണു.
റൊണാൾഡോ ഇല്ലാതെ ഇറങ്ങുക എന്നത് കോച്ച് മരിയോ സഗാലോക്ക് അചിന്ത്യമായി. അനിശ്ചിതത്വം നിറഞ്ഞ നിമിഷങ്ങൾക്കു ശേഷം, പൂർണ മികവില്ലാത്ത താരത്തെ കളത്തിലിറക്കി. ടൂർണമെന്റിൽ അതുവരെ നാലു ഗോൾ നേടിയ അയാൾ ഫൈനലിൽ വെറുമൊരു നിഴൽ മാത്രമായി. നീലക്കടലായ സാൻ ദെനിയിലെ സ്വന്തം തട്ടകത്തിൽ ഫ്രാൻസിന്റെ പ്ലേമേക്കർ സിദാൻ ഒന്നാം പകുതിയിൽ കളി വരുതിയിലാക്കി. 27ാം മിനിറ്റിൽ, ഇമ്മാനുവൽ പെറ്റിയുടെ കോർണർ കിക്ക് ബോക്സിലേക്കു വളഞ്ഞു കയറി. കാർലോസും കഫുവും നയിച്ച ബ്രസീൽ പ്രതിരോധത്തെ കാഴ്ചക്കാരാക്കി സിദാന്റെ തല ചലിച്ചു, പന്ത് വലയിൽ. ഇടവേളയ്ക്ക് തൊട്ടു മുമ്പ് സിദാൻ വീണ്ടും ലക്ഷ്യം കണ്ടു. കോർണറിനെ വലയിലേക്ക് തിരിച്ചു വിട്ട മറ്റൊരു ഹെഡർ. ടൂർണമെന്റിൽ അയാൾ നേടിയ രണ്ടേ രണ്ടു ഗോൾ, അതിനിപ്പോൾ പൊന്നുവിലയാണ്. ബ്രസീൽ പിന്നിൽ! അതും ഇനി ഓരോ നിമിഷവും തീച്ചൂളയാകുന്ന ഫൈനലിൽ. പക്ഷേ ഇനിയും 45 മിനിറ്റ് ഉണ്ടല്ലോ. ഇതല്ല, ഇതിനപ്പുറമുള്ള അഗ്നിപരീക്ഷ മറികടന്ന പാരമ്പര്യമുള്ള ടീമാണ്- ഞങ്ങൾ ആരാധകർ ആശ്വസിക്കുന്നു. രണ്ടാം പകുതിയിൽ മിഡ്ഫീൽഡർ റിവാൾഡോയെ കേന്ദ്രമാക്കി കാനറികൾ പൊരുതി.
റൊണാൾഡോ! അയാൾ കളത്തിൽ എവിടെയാണ്? കിട്ടിയ ഒരേയൊരു അർധാവസരം ഫ്രഞ്ച് ഗൊളി ഫാബിയൻ ബാർത്തേസ് അക്രോബാറ്റിക് ഡൈവിലൂടെ നിർവീര്യമാക്കി. ഇരുപത് മിനിറ്റ് ബാക്കി നിൽക്കെ കോച്ച് സഗാലോ ചൂടൻ ഫോർവേഡ് എഡ്മുണ്ടോയെ ഇറക്കി, ഗുണമുണ്ടായില്ല. റൊണാൾഡോ മങ്ങി, ഒപ്പം കൂട്ടുകാർ മുങ്ങിത്താണു. അവസാന മിനിറ്റിൽ, പോണിടെയിൽ കെട്ടിയ മധ്യനിരക്കാരൻ ഇമ്മാനുവൽ പെറ്റി മഞ്ഞപ്പടയുടെ പെട്ടിയിൽ അവസാന ആണി അടിച്ചതോടെ ഞങ്ങൾ ടിവിയുടെ മുന്നിൽനിന്നു വേദനയോടെ എഴുന്നേറ്റു.
ആ തോൽവി ഫുട്‌ബോൾ ജീവശ്വാസമായ ബ്രസീൽ ജനതയ്ക്ക് താങ്ങാനായില്ല. ദേശീയ ദുരന്തം പോലെയായി, മാധ്യമങ്ങൾ കഥ മെനഞ്ഞു. കോടികൾ മുടക്കിയ സ്പോൺസർ നൈക്കി റൊണാൾഡോയെ കുഴപ്പത്തിലാക്കിയോ? അതോ അട്ടിമറിയോ? ഫൈനലിലെ പ്രധാന താരത്തെ എതിരാളികൾ സ്ലോ പോയ്സണിലൂടെ വീഴ്ത്തിയതാണോ? റോണോയുടെ മനോഭാവം വിമർശന വിധേയമായി– പന്തുകളിയിൽ ശ്രദ്ധിക്കാതെ ഗേൾഫ്രന്റുമായി ചുറ്റിത്തിരിഞ്ഞു, മുമ്പേ നടന്ന മഹാരഥന്മാരുടെ മനോബലം ഇയാൾക്കില്ല! മാസങ്ങൾ നീണ്ട വിവാദത്തിനു ശേഷം, പരാജയത്തിലേക്കു നയിച്ച ഗതിവിഗതികൾ അന്വേഷിക്കാൻ ഗവൺമെന്റ് ഒരു പാർലമെന്ററി കമ്മറ്റിയെ നിയോഗിച്ചു. രാജ്യത്തെ പരമോന്നത ജനപ്രതിനിധി സഭയിൽ ചെന്നിരുന്ന് കളിക്കാരൻ വിശദീകരണം നൽകണം. വേറേതു രാജ്യത്ത് ഇങ്ങനെ നടക്കും? ബ്രസീലിന് ഇതു വെറും കളിയല്ല. ഇതവരുടെ ആത്മാവാണ്. ഫുട്‌ബോൾ ഇല്ലെങ്കിൽ അവരില്ല. അഞ്ചു തവണ കിരീടം നേടിയാലും അവരുടെ വിശപ്പ് അടങ്ങില്ല. വിചാരണയുടെ അവസാനം റൊണാൾഡോ വികാര വിക്ഷോഭത്തോടെ ചോദിച്ചു: ‘‘നമ്മൾ എന്തുകൊണ്ട് ജയിച്ചില്ലന്നോ? കാരണം നമ്മൾ മൂന്നു ഗോൾ വഴങ്ങി. ഫുട്ബോളിൽ നിങ്ങൾ ജയിക്കും, തോൽക്കും. നമ്മൾ എത്രയോ തവണ ജയിച്ചിട്ടുണ്ട്? അന്നാരെങ്കിലും അന്വേഷിച്ചോ എന്തുകൊണ്ട് ജയിച്ചെന്ന്? ഇപ്പോൾ നമ്മൾ തോറ്റതുകൊണ്ട് കുറെ കെട്ടുകഥകൾ മെനയണോ?’’
വിചാരണ അവിടെ തീർന്നു. പക്ഷേ റോണോയുടെ ജീവിതം എളുപ്പമായില്ല. ബാർസിലോനയിൽനിന്ന് ഇന്റർ മിലാനിലേക്കു പോയ അയാളെ ഇറ്റലിയിലെ ഏറ്റവും കടുത്ത ഡിഫൻഡർമാർ കാത്തിരുന്നു. കാൽമുട്ടിനു ഗുരുതരമായി പരുക്കേറ്റ്, നീണ്ട മാസങ്ങളിലെ ചികിത്സയും വിശ്രമവും കഴിഞ്ഞു വന്ന അയാൾ വീണ്ടും ചവിട്ടേറ്റു വീണു. ഇത്തവണ സർജറി നടത്തിയ ഡോക്ടർ വിധിയെഴുതിയത് അയാൾ ഇനി എണീറ്റു നടക്കില്ലെന്ന്.
ഇതിനിടയിൽ ബ്രസീൽ അടുത്ത ലോകകപ്പിന്റെ യോഗ്യതാ മൽസരങ്ങളിലൂടെ മുടന്തി നീങ്ങുന്നു. പരിശീലകർ നിരനിരയായി വന്നു, പക്ഷേ ടീമിനെ രക്ഷിക്കാനായില്ല. കോപ അമേരിക്കയിൽ ദുർബലരായ ഹോണ്ടുറാസിനോടു വരെ തോറ്റു, യോഗ്യത മൽസരത്തിൽ അർജന്റീനയോടും ബൊളീവിയയോടും പരാജയമടഞ്ഞു. ജപ്പാനിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കാൻ അവസാന മൽസരത്തിൽ മൂന്നു ഗോളിന് ജയിക്കണം. ഫുട്‌ബോൾ ജീവശ്വാസമായ ജനത അപമാനത്തിൽ മുങ്ങുന്നു. ചരിത്രത്തിൽ, ലോകകപ്പിന്റെ എല്ലാ ഫൈനൽ റൗണ്ടിലും കളിച്ച ഒരേയൊരു ടീമായ കാനറികൾ പുറത്തു പോകുമെന്നു തോന്നി. അപ്പോൾ പുതിയ കോച്ചായി ലൂയി ഫിലിപ് സ്കൊളാരി സ്ഥാനമേറ്റു. തക്കസമയത്ത് ഫോമിലായ റിവാൾഡോ അവസാന യോഗ്യതാ മൽസരത്തിൽ വെനിസ്വേലയുടെ വലയിൽ രണ്ടു ഗോൾ അടിച്ചു കയറ്റി, മറ്റൊന്നിനു വഴിയൊരുക്കി ടീമിനെ കടത്തി വിട്ടു.
പ്രതീക്ഷ നൽകിയ ഒരു ചികിത്സകന്റെ സഹായത്തോടെ ആരോഗ്യം മെല്ലെ വീണ്ടെടുത്ത റൊണാൾഡോ എഴുന്നേറ്റു നടന്നു തുടങ്ങിയിരുന്നു. അപകടം കുറഞ്ഞ മൽസരങ്ങളിലൂടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ ശ്രമിക്കുന്നു. കർശന നിലപാടുള്ള പരിശീലകൻ സ്കൊളാരി അപ്പോൾ ഒരു ചൂതാട്ടം നടത്തി. ഒരൊറ്റ യോഗ്യതാ മൽസരം പോലും കളിക്കാത്ത, എഴുപതു ശതമാനം ശാരീരികക്ഷമത മാത്രമുള്ള റോണോ ലോകകപ്പ് ടീമിൽ. ആരാധകർ ആവേശത്തിൽ. പക്ഷേ നിരുപദ്രവകരമായ കളിയിൽ ഗോളടിക്കുന്നതു പോലെയല്ല ലോക വേദിയിലെ കളി. ഏറ്റവും മികച്ചവരുമായി പോരടിക്കണം. ഇനിയും തീപ്പൊരി ബാക്കിയുണ്ടോ? ഇറ്റലിയിലെ താഡനങ്ങളിൽ ശരീരത്തോടൊപ്പം അയാളുടെ മനസ്സും തകർന്നുവോ? റൊണാൾഡോ വന്നെങ്കിലും വിദഗ്ധർ ബ്രസീലിന് ഇപ്പോഴും സാധ്യത കാണുന്നില്ല. അതും പോരാഞ്ഞ് ജപ്പാനിലിറങ്ങിയ ടീമിന്റെ ക്യാപ്റ്റൻ എമേഴ്സൻ പരിശീലനമധ്യേ പരുക്കേറ്റു പുറത്ത്. ഫുട്‌ബോൾ ദൈവം കോപിച്ചുവോ? പക്ഷേ ആശ്വസിക്കാൻ വകയുണ്ട്. 1994 ൽ ഇതുപോലെ ആദ്യകളിക്കു മുമ്പ് പരുക്കേറ്റു പുറത്തു പോയ ക്യാപ്റ്റൻ റായിക്ക് പകരം വന്ന ദുംഗയാണ് ഒരു മാസത്തിനു ശേഷം കപ്പുമായി വിജയപീഠം കയറിയത്. ജപ്പാനിൽ കഫു എമേഴ്സണ് പകരമാകും.
കൃഷ്ണൻകോട്ടയിലെ ആരാധകർ ചേരി തിരിഞ്ഞു കഴിഞ്ഞു. അതാണ് രസം, എല്ലാവരുടേയും അഭിരുചി ഒരു പോലെയല്ല. പക്ഷം പിടിക്കൽ ഹരമാണ്, കോൺഗ്രസ്- കമ്യൂണിസ്റ്റ്, മമ്മൂട്ടി-മോഹൻലാൽ, ബ്രസീൽ-അർജന്റീന എന്നിങ്ങനെ. ആരാധകരെയും അനുഭാവികളെയും വ്യക്തമായ കള്ളികളിൽ വേർതിരിക്കാൻ കഴിയില്ല. ഇലക്‌ഷനും വേൾഡ് കപ്പും റിലീസ് സീസണും അനുസരിച്ച് അതു മാറി മറിയും (അവൻ നമ്മടാളാ! നീ മാറി നിക്ക്).
അതിനിടയിൽ ഹിഗ്വിറ്റ’ യുടെ കഥാകാരൻ എൻ.എസ്. മാധവൻ ഇങ്ങനെ പ്രഖ്യാപിച്ചു: ‘‘എന്റെ ഹൃദയം പറയുന്നു അർജന്റീന കിരീടം നേടുമെന്ന്, എന്റെ മനസ്സു പറയുന്നു ഫ്രാൻസ് ജേതാക്കളാകുമെന്ന്. ബ്രസീലിനു ഞാൻ യാതൊരു സാധ്യതയും കാണുന്നില്ല. കോച്ച് സ്കൊളാരി അവരെ ഫൗളന്മാരുടെ ടീമാക്കി.’’ഞങ്ങൾ ബ്രസീൽ ആരാധകർ രോഷാകുലരായി: മാധവൻ വരട്ടെ! വി വിൽ ഫെയ്സ് ഹിം!
ജപ്പാനിലെ യോക്കോഹാമയിൽ, കളി കഴിഞ്ഞു കഷണങ്ങളായി എടുത്തു മാറ്റി വേറെ ഗ്രൗണ്ടിൽ ഘടിപ്പിക്കാവുന്ന ഗ്രാസ് ടർഫിൽ പന്തുരുളാൻ തുടുങ്ങുന്നു. ലോകം ഇനി കാറ്റു നിറച്ച ഈ ഗോളത്തിനു പിന്നാലെ. ആനാപ്പുഴയിലെ ടെലിവിഷനു മുന്നിലെ നാടൻ സ്റ്റേഡിയത്തിലും ആരവങ്ങൾ ഉയരുന്നു. ബെക്കാം, ഓവൻ, ബാലക്, ക്ലോസെ, ബാറ്റിസ്റ്റ്യൂട്ട, ക്രെസ്പോ, ഫിഗോ, കോസ്റ്റ, സിദാൻ, തിയറി ഹെൻറി, റൗൾ, റിവാൾഡോ, റൊണാൾഡീഞ്ഞോ, റോബർട്ടോ കാർലോസ്. കൂടെ സ്വയം വീണ്ടെടുക്കാൻ കച്ചകെട്ടി ഇറങ്ങുന്ന, കിരീടം നഷ്ടപ്പെട്ട രാജകുമാരൻ റൊണാൾഡോ. പെരുങ്കളിയാട്ടം തുടങ്ങുകയായി!(തുടരും)
English Summary: Soccer tribe part one, FIFA world cup football 2022