താരവരവ്: അർജന്റീന, ഫ്രാൻസ്, ജർമനി, സെനഗൽ ടീമുകൾ ഖത്തറിൽ
Mail This Article
അബുദാബിയിൽ യുഎഇക്കെതിരായ സൗഹൃദ മത്സരത്തിന്റെ ആവേശമടങ്ങും മുൻപ് ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീന ഫുട്ബോൾ ടീം ഖത്തറിന്റെ മണ്ണിലിറങ്ങി. ഇന്നലെ പുലർച്ചെ പ്രാദേശിക സമയം നാലിന് ദോഹ രാജ്യാന്തര വിമാനത്താവളത്തിലിറങ്ങിയ മെസ്സിയും ടീമും ബേസ് ക്യാംപായ ഖത്തർ യൂണിവേഴ്സിറ്റിയിലെത്തിയപ്പോഴും ഒരു നോക്കു കാണാൻ ആഘോഷത്തോടെ പുറത്തു കാത്തിരിക്കുകയായിരുന്നു മലയാളി ആരാധകർ. ചെണ്ടമേളവും മുദ്രാവാക്യവുമായി എത്തിയ അവരുടെ ആരവങ്ങൾക്കിടയിൽ അങ്ങിങ്ങായി ഉണ്ടായിരുന്ന അർജന്റീനയിൽ നിന്നുള്ള ആരാധകർ മുങ്ങിപ്പോയി.
ഖത്തർ യൂണിവേഴ്സിറ്റിയിലെ ഹോസ്റ്റലിൽ തങ്ങുന്ന അർജന്റീന ടീം ഇന്നു വിശ്രമിച്ചതിനു ശേഷം നാളെ പൂർണമായി പരിശീലനത്തിനിറങ്ങും. 22ന് സൗദി അറേബ്യയ്ക്കെതിരെ ലുസൈൽ സ്റ്റേഡിയത്തിലാണ് ലോകകപ്പിൽ അർജന്റീനയുടെ ആദ്യ മത്സരം. നാളെ ദോഹയിൽ എത്തുന്ന സ്പെയിൻ ടീം ഖത്തർ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അർജന്റീനയുടെ അയൽക്കാരാണ്. ജർമനി, ഫ്രാൻസ്, സെനഗൽ, വെയ്ൽസ് തുടങ്ങിയ ടീമുകളും ഇന്നലെ ദോഹയിലെത്തി. അൽ മെസില റിസോർട്ട് ആണ് ഫ്രാൻസ് ടീമിന്റെ ബേസ് ക്യാംപ്.
ബ്രസീൽ ടൂറിനിൽ
ബ്രസീൽ ഉൾപ്പെടെയുള്ള ചില ടീമുകൾ കിക്കോഫിന് ഒരു ദിവസം മുൻപു മാത്രമേ ഖത്തറിലെത്തൂ. ഇറ്റലിയിലെ ടൂറിനിൽ യുവന്റസ് ഫുട്ബോൾ ക്ലബ്ബിന്റെ കോണ്ടിനാസ സ്പോർട്ടിങ് സെന്ററിൽ പരിശീലനത്തിലാണ് ബ്രസീൽ. ഫ്രാൻസിൽ നിന്നുള്ള വിമാന സമയം പുനർക്രമീകരിച്ചതിനാൽ വൈകിയാണ് സൂപ്പർ താരം നെയ്മാർ ടീമിനൊപ്പം ചേർന്നത്. പോർച്ചുഗൽ, യുറഗ്വായ്, കാമറൂൺ ടീമുകളും 19നാണ് എത്തുന്നത്. ദ് വെസ്റ്റ് ഇൻ ദോഹ ഹോട്ടലിലാണ് ബ്രസീൽ ടീം തമ്പടിക്കുന്നത്. പോർച്ചുഗൽ അൽ റയാനിലെ ഹോട്ടലിൽ.
മഞ്ഞുകാലം വരട്ടെ
മഞ്ഞുകാലം വരാൻ മടിച്ചു നിൽക്കുന്നതിനാൽ ഖത്തറിൽ ഇപ്പോഴും കണ്ണഞ്ചിച്ചു പോകുന്ന വെയിലാണ്. അസഹനീയമായ ചൂടില്ലെങ്കിലും തണുപ്പുള്ള യൂറോപ്യൻ രാജ്യങ്ങളിൽ നിന്നെത്തുന്ന കളിക്കാർക്കു കാലാവസ്ഥയോടു പൊരുത്തപ്പെടാൻ കുറച്ചു സമയം വേണ്ടി വരും.
ബേസ് ക്യാംപുകൾ മുതൽ സ്റ്റേഡിയങ്ങളിൽ വരെ ശീതീകരണ സംവിധാനങ്ങളൊരുക്കി അതിഥികളുടെ ക്ഷേമം ഉറപ്പു വരുത്തുന്നുണ്ടെങ്കിലും പുറത്തെ വെയിലിനെയും ചൂടിനെയും ചെറുക്കാൻ സംവിധാനങ്ങളൊന്നുമില്ല. മഞ്ഞുകാലം പെട്ടെന്നു വന്ന് ചൂടു കുറയാൻ പ്രാർഥിക്കുക എന്നതല്ലാതെ..!
കാനഡയ്ക്ക് പൂച്ചക്കൂട്ട്!
ലോകകപ്പിനുള്ള കാനഡ ടീമിൽ ഒരാൾ കൂടിയുണ്ടാകും- ഒരു പൂച്ചക്കുട്ടി! പരിശീലനത്തിനിടെ മൈതാനത്തെത്തിയ പൂച്ചക്കുട്ടിയെ 'ടീമിലെടുത്തു' എന്നായിരുന്നു കനേഡിയൻ ടീമിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. 36 വർഷങ്ങൾക്കു ശേഷം ലോകകപ്പിനു യോഗ്യത നേടിയ കാനഡ ലുസൈലിലെ സെഞ്ചറി പ്രിമിയർ ഹോട്ടലിലാണ് താമസിക്കുന്നത്.
English Summary: FIFA World cup 2022, Updates