ADVERTISEMENT

അൽ റയ്യാൻ ∙ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ ഡെന്മാർക്കിനെ  തുനീസിയ ഒരു പാഠം പഠിപ്പിച്ചു. ഇനി മുന്നേറണമെങ്കിൽ ഈ കളി പോരാ! കഴിഞ്ഞ യൂറോ കപ്പിലെ പ്രകടനത്തിന്റെ നിഴൽ മാത്രമായിരുന്ന ഡെന്മാർക്കിനെ ആഫ്രിക്കൻ പവർ ഗെയിമിലൂടെ തുനീസിയ പൂട്ടി. സ്കോർ ഡെന്മാർക്ക് 0, തുനീസിയ 0. ഖത്തർ ലോകകപ്പിൽ ഇരുടീമുകളും ഗോൾ‌ നേടാത്ത ആദ്യ മത്സരമാണ് ഇത്. 26ന് ഫ്രാൻസിനെതിരെയാണ് ഡെന്മാർക്കിന്റെ അടുത്ത മത്സരം. തുനീസിയ അന്നു തന്നെ ഓസ്ട്രേലിയയെ നേരിടും.

WCup Denmark Tunisia Soccer
തുനീസിയയ്ക്കെതിരെ ഡെന്മാർക്ക് ഡിഫൻഡർ ആന്ദ്രെയാസ് കോർണേലിയസിന്റെ (ഇടത്) ഗോൾ ശ്രമം.

പതിവായുള്ള അതിവേഗ ആക്രമണശൈലി ഉപേക്ഷിച്ച് പതിയെ കളിക്കുന്ന രീതിയാണ് ഡെന്മാർക്ക് തുടക്കത്തിൽ പുറത്തെടുത്തത്. ചെറിയ പാസുകളിലൂടെ തുനീസിയൻ പ്രതിരോധത്തിന് വിള്ളൽ വീഴ്ത്താനായിരുന്നു ശ്രമം. ആ ശ്രമം പരാജയപ്പെടുത്തിയതിനൊപ്പം അതിവേഗ മുന്നേറ്റത്തിലൂടെ തിരികെ പ്രയോഗിച്ചാണ് തുനീസിയ മറുപടി നൽകിയത്. കൗണ്ടർഅറ്റാക്കുകളിലൂടെ തുനീസിയ പല തവണ തിരിച്ചടിച്ചെങ്കിലും മികച്ച സ്ട്രൈക്കറുടെ അസാന്നിധ്യം വിനയായി. 22–ാം മിനിറ്റിൽ തുനീസിയയുടെ സ്ട്രൈക്കർ ഇസാം ജബേലി നേടിയ ഗോൾ ഓഫ്സൈഡ് വിധിച്ചു.

42–ാം മിനിറ്റിൽ ജബേലിക്കു ലഭിച്ച സുവർണാവസരം ഡെന്മാർക്ക് ഗോൾകീപ്പർ കാസ്പർ സ്മൈക്കൽ തട്ടിയകറ്റി. രണ്ടാം പകുതിയിലാണ് ഡെന്മാർക്ക് ആക്രമണ ഫുട്ബോൾ പുറത്തെടുത്തത്. 54–ാം മിനിറ്റിൽ ഡെന്മാർക്കിന്റെ ആന്ദ്രെയാസ് സ്കോവ് ഒൽസെൻ ഗോൾ നേടിയെങ്കിലും അതും ഓഫ്സൈഡായി. സൂപ്പർ താരം ക്രിസ്റ്റ്യൻ‌ എറിക്സണിന്റെ ഏക ഷോട്ട് 68–ാം മിനിറ്റിലായിരുന്നു. ഗോളിലേക്ക് പോയ പന്ത് ഗോൾകീപ്പർ അയ്മൻ ദഹ്മൻ പ്രതിരോധിച്ചു. പിന്നാലെ ലഭിച്ച കോർണറിൽ ഡെന്മാർക്ക് ഡിഫൻഡർ ആന്ദ്രെയാസ് കോർണേലിയസിന് ലഭിച്ച സുവർണാവസരം പോസ്റ്റിൽത്തട്ടി പുറത്തുപോയി.

English Summary : Denmark vs Tunisia match ended in goalless draw

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com