അൽ തുമാമയിൽ സ്പാനിഷ് ഗോളടിമേളം; കോസ്റ്ററിക്കയ്ക്കെതിരെ കൂറ്റൻ വിജയം (7–0)
Mail This Article
ദോഹ ∙ ഖത്തറിലെ അൽ തുമാമ സ്റ്റേഡിയത്തിൽ ഗോൾമഴ വർഷിച്ച് സ്പാനിഷ് പടയുടെ രാജകീയ എഴുന്നള്ളത്ത്. മരണ ഗ്രൂപ്പെന്ന് വിലയിരുത്തപ്പെട്ട ഗ്രൂപ്പ് ഇയിൽ തികച്ചും ഏകപക്ഷീയമായി മാറിയ മത്സരത്തിൽ കോസ്റ്ററിക്കയെ സ്പെയിൻ വീഴ്ത്തിയത് എതിരില്ലാത്ത ഏഴു ഗോളുകൾക്ക്. സ്പാനിഷ് നിരയിലെ ആറു പേർ ചേർന്നാണ് ഏഴു ഗോളടിച്ചത്. ഫെറാൻ ടോറസിന്റെ ഇരട്ടഗോളും (31–പെനൽറ്റി, 54), ഡാനി ഓൽമോ (11), മാർക്കോ അസെൻസിയോ (21), ഗാവി (74), കാർലോസ് സോളർ (90), അൽവാരോ മൊറാട്ട (90+2) എന്നിവരുടെ ഗോളുകളുമാണ് സ്പാനിഷ് പടയ്ക്ക് കൂറ്റൻ വിജയമൊരുക്കിയത്.
റയൽ മഡ്രിഡ്, പിഎസ്ജി തുടങ്ങിയ വമ്പൻ ക്ലബ്ബുകളുടെ ഗോൾകീപ്പറായിരുന്ന കെയ്‍ലർ നവാസ് കാവൽനിന്ന പോസ്റ്റിലാണ് സ്പാനിഷ് പട ഏഴു ഗോളുകൾ അടിച്ചുകയറ്റിയത്.
ഇതോടെ, ഗ്രൂപ്പ് ഇയിൽ മൂന്നു പോയിന്റുമായി സ്പെയിൻ ഒന്നാം സ്ഥാനത്തേക്ക് കയറി. ജർമനിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു തോൽപ്പിച്ച ജപ്പാനാണ് രണ്ടാമത്. ലോകകപ്പിന്റെ ചരിത്രത്തിൽ സ്പെയിനിന്റെ ഏറ്റവും വലിയ വിജയം കൂടിയാണിത്. ഇതിനു മുൻപ് സ്പെയിൻ ലോകകപ്പിലെ ഒരു മത്സരത്തിൽ അഞ്ചിലധികം ഗോൾ നേടിയത് രണ്ടു തവണ മാത്രമാണ്. 1986ൽ ഡെൻമാർക്കിനെതിരെ 5–1ന് വിജയിച്ച സ്പെയിൻ, 1998ൽ ബൾഗേറിയയ്‌ക്കെതിരെ 6–1നും വിജയിച്ചു.
കളിക്കണക്കുളിലെ ആധിപത്യം അതേപടി സ്കോർ ബോർഡിലും പ്രതിഫലിപ്പിച്ചാണ് സ്പെയിൻ കൂറ്റൻ വിജയം നേടിയത്. മത്സരത്തിന്റെ 81 ശതമാനവും പന്തു കൈവശം വച്ച സ്പെയിൻ, മത്സരത്തിലാകെ പൂർത്തിയാക്കിയത് 1043 പാസുകൾ! കോസ്റ്ററിക്കയുടെ 231 പാസുകളുടെ സ്ഥാനത്താണിത്. ഇനി ജർമനിക്കെതിരെയാണ് സ്പെയിന്റെ അടുത്ത മത്സരം.
∙ ഗോളുകൾ വന്ന വഴി
സ്പെയിൻ ഒന്നാം ഗോൾ: കോസ്റ്ററിക്കൻ ബോക്സിലേക്ക് നടത്തിയ തുടർ ആക്രമണങ്ങളുടെ തുടർച്ചയായിരുന്നു സ്പെയിനിന്റെ ആദ്യ ഗോൾ. സ്പാനിഷ് ജഴ്സിയിൽ ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം സ്വന്തമാക്കിയ ഗാവിയിൽനിന്നാണ് ഗോൾനീക്കത്തിന്റെ തുടക്കം. ഗാവി ബോക്സിലേക്ക് ഉയർത്തി നൽകിയ പന്ത് കോസ്റ്ററിക്കൻ പ്രതിരോധ മതിലിൽ തട്ടി വന്നുപെട്ടത് ഡാനി ഓൽമോയ്ക്കു മുന്നിൽ. താരത്തിന്റെ ഷോട്ട് കെയ്‌ലർ നവാസിനെ മറികടന്ന് വലയിൽ. ലോകപ്പിൽ സ്പെയിനിന്റെ 100–ാം ഗോൾ. സ്കോർ 1–0.
സ്പെയിൻ രണ്ടാം ഗോൾ: 10 മിനിറ്റിനുള്ളിൽ സ്പെയ്ൻ ലീഡ് വർധിപ്പിച്ചു. ഇക്കുറി ലക്ഷ്യം കണ്ടത് മാർക്കോ അസെൻസിയോ. ബോക്സിനു വെളിയിൽ ഇടതുവിങ്ങിൽനിന്നും ജോർഡി ആൽബ പന്ത് ഉയർത്തി വിടുമ്പോൾ കാര്യമായ അനക്കമില്ലാത്ത നിലയിലായിരുന്നു കോസ്റ്ററിക്കൻ പ്രതിരോധം. കാൽച്ചുവട്ടിലേക്കെത്തിയ പന്തിനെ ഒട്ടും താമസം കൂടാതെ അസെൻസിയോ വലയിലേക്ക് തിരിച്ചുവിട്ടു. നവാസിന്റെ കൈകളിൽത്തട്ടി ചെറുതായി ഗതിമാറിയെങ്കിലും പന്ത് വലയിലേക്കു തന്നെ. സ്കോർ 2–0.
സ്പെയിൻ മൂന്നാം ഗോൾ: അടുത്ത 10 മിനിറ്റിനുള്ളിൽ സ്പെയിൻ ലീഡ് മൂന്നാക്കി ഉയർത്തി. ഇത്തവണ ഗോളിലേക്കു വഴിതുറന്നത് സ്െപയിന് അനുകൂലമായി ലഭിച്ച പെനൽറ്റി. ഇത്തവണയും ഗോളിന്റെ ശിൽപി ജോർഡി ആൽബ. കോസ്റ്ററിക്കൻ ബോക്സിനുള്ളിൽ ആൽബയെ ഡ്യുവാർട്ടെ തള്ളിയിട്ടതിന് സ്പെയിന് അനുകൂലമായി പെനൽറ്റി. കിക്കെടുത്ത ഫെറാൻ ടോറസ് അനായാസം ലക്ഷ്യം കണ്ടു. സ്കോർ 3–0.
സ്പെയിൻ നാലാം ഗോൾ: ആദ്യപകുതിയുടെ തുടർച്ചയായി രണ്ടാം പകുതിയിലും ആക്രമിച്ചു കളിച്ച സ്പെയിൻ എപ്പോൾ നാലാം ഗോൾ നേടുമെന്നു മാത്രമായിരുന്നു സംശയം. ഈ ചോദ്യത്തിന് ഉത്തരമായത് 54–ാം മിനിറ്റിൽ. ഒരിക്കൽക്കൂടി കോസ്റ്ററിക്കൻ പ്രതിരോധത്തിന്റെ പിടിപ്പുകേട് തെളിഞ്ഞുകണ്ട നിമിഷം. പന്തുമായി കോസ്റ്ററിക്കൻ ബോക്സിലേക്ക് ഫെറാൻ ടോറസ് ഓടിക്കയറുമ്പോൾ തടയാൻ ഒരു പ്രതിരോധനിര താരവും ഗോൾകീപ്പർ കെയ്‌ലർ നവാസുമെത്തി. ഇരുവരെയും പുറംതിരിഞ്ഞുനിന്ന് പ്രതിരോധിച്ച ടോറസ്, തൊട്ടുപിന്നാലെ വെട്ടിത്തിരിഞ്ഞ് തൊടുത്ത ഷോട്ട് വലയിൽ കയറി.സ്കോർ 4–0.
സ്പെയിൻ അഞ്ചാം ഗോൾ: ലോകകപ്പിൽ കളിക്കുന്ന പ്രായം കുറഞ്ഞ സ്പാനിഷ് താരമെന്ന റെക്കോർഡിട്ട ഗാവിയുടെ അവസരമായിരുന്നു അടുത്തത്. പതിവുപോലെ കോസ്റ്ററിക്കൻ ഗോൾമുഖത്തേക്ക് എത്തിയൊരു നീക്കത്തിനൊടുവിൽ പന്ത് അൽവാരോ മൊറാട്ടയിൽനിന്ന് ഗാവിയിലേക്ക്. പന്ത് സ്വീകരിച്ച ഗാവി അതിനു നേരെ വലയിലേക്കു വഴികാട്ടിയതോടെ സ്പെയിനിന്റെ ഏറ്റവും പ്രായം കുറഞ്ഞ ലോകകപ്പ് ഗോൾവേട്ടക്കാരൻ പിറന്നു. സ്കോർ 5–0.
സ്പെയിൻ ആറാം ഗോൾ: തകർന്നു തരിപ്പണമായിപ്പോയ കോസ്റ്ററിക്കൻ പ്രതിരോധത്തെ കാഴ്ചക്കാരാക്കി സ്പെയിൻ ആറാം ഗോൾ നേടിയത് 90–ാം മിനിറ്റിൽ. പകരക്കാരനായി കളത്തിലിറങ്ങിയ കാർലോസ് സോളറിന്റെ ഊഴമായിരുന്നു ഇത്തവണ. വില്യംസ് ബോക്സിലേക്ക് ഉയർത്തി നൽകിയ ക്രോസ് കെയ്‌ലർ നവാസിന് കൈപ്പിടിയിലൊതുക്കാനാകാതെ പോയതാണ് ഗോളിനു വഴിവച്ചത്. ബോക്സിന്റെ ഒത്ത നടുക്ക് പന്തു ലഭിച്ച സോളർ അനായാസം പന്ത് പോസ്റ്റിന്റെ വലതു മൂലയിലേക്ക് തഴുകിവിട്ടു. സ്കോർ 6–0.
സ്പെയിൻ ഏഴാം ഗോൾ: ഇൻജറി ടൈമിന്റെ രണ്ടാം മിനിറ്റിൽ സ്പെയിൻ ഗോളടിയുടെ ‘ഏഴാം സ്വർഗ’ത്തിലെത്തി. ഇത്തവണ ലക്ഷ്യം കണ്ടത് അൽവാരോ മൊറാട്ട. ഡാനി ഓൽവോയിൽനിന്ന് ലഭിച്ച പന്ത് സ്വീകരിച്ച് മൊറാട്ട തൊടുത്ത പന്ത്, കെയ്‌ലർ നവാസിനെ കാഴ്ചക്കാരനാക്കി വലയിലേക്ക്. സ്കോർ 7–0.
English Summary: FIFA World Cup Football, Spain vs Costa Rica