ADVERTISEMENT

ദോഹ∙ ഫിഫ ലോകകപ്പിൽ ഘാനയ്ക്കെതിരെ 3–2ന്റെ വിജയവുമായി തുടക്കം ഗംഭീരമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോയും പോർച്ചുഗലും.  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (63, പെനൽറ്റി), ജോവാ ഫെലിക്സ് (78), റാഫേൽ ലിയോ (80) എന്നിവരാണു പോർച്ചുഗലിനായി ഗോൾ നേടിയത്. ഘാനയ്ക്കു വേണ്ടി ആന്ദ്രെ അയു (73), ഒസ്മാൻ ബുക്കാരി (89) എന്നിവർ വല കുലുക്കി. ആദ്യ പകുതിയിലെ ഗോള്‍ ക്ഷാമത്തിനു ശേഷം രണ്ടാം പകുതിയിലായിരുന്നു പോർച്ചുഗലും ഘാനയും ചേർന്ന് അഞ്ച് ഗോളുകൾ അടിച്ചു കൂട്ടിയത്. 

അഞ്ച് ലോകകപ്പുകളിൽ ഗോളടിക്കുന്ന ആദ്യ താരമെന്ന റെക്കോർഡ് ഘാനയ്ക്കെതിരായ ഗോള്‍ നേട്ടത്തോടെ റൊണാൾഡോയുടെ പേരിലായി. മത്സരത്തിന്റെ പത്താം മിനിറ്റിൽ ഘാന ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ ലഭിച്ച അവസരം ക്രിസ്റ്റ്യാനോ റൊണാൾ‍ഡോയ്ക്കു ഗോളിലെത്തിക്കാൻ സാധിച്ചില്ല. ഗ്രൗണ്ടിന്റെ മധ്യത്തിൽ ഘാനയുടെ മുഹമ്മദ് കുദുസില്‍നിന്നു പന്തു തട്ടിയെടുത്ത പോർച്ചുഗൽ താരം ബെർണാഡോ സിൽവ റൊണാൾഡോയ്ക്കു പാസ് നൽകി. പക്ഷേ ഘാന ഗോളി ലോറൻസ് അതി സിഗി കൃത്യമായി റൊണാള്‍ഡോയെ പ്രതിരോധിച്ചു. 13–ാം മിനിറ്റിൽ റാഫേൽ ഗരേരോയുടെ കോർണറിൽ ക്രിസ്റ്റ്യാനോയുടെ ഹെഡർ പുറത്തേക്കു പോയി.

ആദ്യ പ‌കുതിയിൽ തന്നെ റൊണാൾ‍ഡോയും പോർച്ചുഗലും ഘാനയെ സമ്മർദത്തിലാക്കുന്ന കാഴ്ചയായിരുന്നു സ്റ്റേഡിയം 974 ൽ. 31–ാം മിനിറ്റിൽ റൊണാൾഡോ ഘാന വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. ഇടയ്ക്കിടെ ഘാനയുടെ ഒറ്റപ്പെട്ട ആക്രമണങ്ങൾക്കും ആദ്യ പകുതി സാക്ഷിയായി. രണ്ടാം പകുതിയിൽ പെനൽറ്റിയിലൂടെ ആദ്യ ഗോളടിച്ച് പോർച്ചുഗലിനായി ക്രിസ്റ്റ്യാനോ റൊണാൾ‍ഡോ ലീ‍ഡ് പിടിച്ചു.

എന്നാൽ മിനിറ്റുകൾക്കുള്ളിൽ ഗോൾ മടക്കി ആന്ദ്രെ അയു ഘാനയെ ഒപ്പമെത്തിച്ചു. പിന്നാലെ യുവതാരങ്ങളായ ജോവാ ഫെലിക്സ്, പകരക്കാരൻ റാഫേൽ ലിയോ എന്നിവരിലൂടെ പോർച്ചുഗൽ 3–1ന് മുന്നിലെത്തി. പോർച്ചുഗൽ താരങ്ങളുടെ ആഘോഷങ്ങൾ തീരുംമുൻപേ ഒസ്മാൻ ബുക്കാരിയിലൂടെ ഘാന രണ്ടാം ഗോൾ നേടുകയായിരുന്നു.

ഗോളുകൾ വന്ന വഴി

റൊണാള്‍ഡോയുടെ പെനൽറ്റി ഗോൾ– ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബോക്സിനുള്ളിൽ ഘാന പ്രതിരോധ താരം മുഹമ്മദ് സാലിസു വീഴ്ത്തിയതിന് റഫറി പെനൽറ്റി അനുവദിക്കുകയായിരുന്നു. ഘാന താരങ്ങളുടെ മറുവാദങ്ങൾ റഫറി അംഗീകരിച്ചില്ല. അവസരം കൃത്യമായി ഉപയോഗിച്ച റൊണാൾഡോ ഘാന ഗോളി ലോറൻസ് അതി സിഗിയെ മറികടന്നു വല കുലുക്കി. സ്റ്റേഡിയത്തിൽ സ്യൂ... ആഘോഷം.

ഘാനയുടെ മറുപടി ഗോൾ– ക്ലോസ് റേഞ്ചിൽ ആന്ദ്രെ അയുവിന്റെ ഗോളിലൂടെ ഘാന ഒപ്പമെത്തി. ഘാന താരം കുദുസ് നൽകിയ ലോ ക്രോസ് പിടിച്ചെടുത്ത് അയുവിന്റെ വലംകാൽ ഷോട്ട്. ഈ ഗോളോടെ ഘാനയ്ക്കായി ലോകകപ്പിൽ കൂടുതൽ ഗോളടിക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടം അയൂവിന് സ്വന്തം.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഘാനയ്ക്കെതിരായ മത്സരത്തിനിടെ. Photo: PATRICIA DE MELO MOREIRA / AFP
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഘാനയ്ക്കെതിരായ മത്സരത്തിനിടെ. Photo: PATRICIA DE MELO MOREIRA / AFP

പോർച്ചുഗലിന്റെ രണ്ടാം ഗോൾ– 78–ാം മിനിറ്റിൽ പോർച്ചുഗൽ വീണ്ടും ലീഡെടുത്തു. യുവതാരം ജോവ ഫെലിക്സിന്റെ വകയായിരുന്നു ഗോൾ. ബ്രൂണോ ഫെർണാണ്ടസ് നീട്ടി നൽകിയ പന്ത് പിടിച്ചെടുത്ത താരം അനായാസം ലക്ഷ്യം കണ്ടു.

പകരക്കാരന്റെ ഗോൾ– രണ്ടാം ഗോളടിച്ച് രണ്ടു മിനിറ്റുകൾക്കപ്പുറം പോർച്ചുഗൽ ഒരിക്കൽകൂടി വല കുലുക്കി. പകരക്കാരനായെത്തിയ റാഫേൽ ലിയോയാണു മൂന്നാം ഗോൾ നേടിയത്. രണ്ടാം ഗോളിനു സമാനമായി ലിയോയ്ക്കും അസിസ്റ്റ് ചെയ്തത് ബ്രൂണോ ഫെർണാണ്ടസ്. ഫെര്‍ണാണ്ടസ് ഇടതു ഭാഗത്തേക്കു നീട്ടി നൽകിയ പന്ത് ലിയോ തകർപ്പൻ ഫിനിഷിങ്ങിലൂടെ ഗോളാക്കി മാറ്റി.

അവസാന മിനിറ്റിൽ ഘാനയ്ക്കു രണ്ടാം ഗോൾ– നിശ്ചിത സമയം അവസാനിക്കാൻ ഒരു മിനിറ്റ് ബാക്കിയുള്ളപ്പോഴാണ് ഘാന രണ്ടാം ഗോൾ നേടിയത്. 89–ാം മിനിറ്റിൽ ഗോൾ നേടിയത് ഒസ്മാൻ ബുകാരി. പകരക്കാരനായ ബുകാരി പോർച്ചുഗലിനെ ഒന്നു ഞെട്ടിച്ചെങ്കിലും മൂന്നാം ഗോൾ നേടാൻ ഘാനയ്ക്കു സാധിക്കാതെ പോയി. ഇതോടെ വിജയം പോർച്ചുഗലിനു സ്വന്തം.

English Summary: FIFA World Cup, Portugal vs Ghana Match Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com