ADVERTISEMENT

ദോഹ∙ ആദ്യ പകുതിയിൽ സെർബിയ ഉയർത്തിയ സമനിലപ്പൂട്ട് രണ്ടാം പകുതിയിൽ പൊളിച്ചടുക്കി ബ്രസീൽ. റിചാർലിസന്റെ ഇരട്ട ഗോൾ നേട്ടത്തിൽ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ബ്രസീലിനു മിന്നും വിജയം. 62,73 മിനിറ്റുകളിലായിരുന്നു റിചാർലിസന്റെ ഗോളുകൾ. സെർബിയ പ്രതിരോധ താരങ്ങൾ ആദ്യ പകുതിയിൽ ഉയര്‍ത്തിയ കടുത്ത വെല്ലുവിളി മറികടന്നാണ് ലുസെയ്ൽ സ്റ്റേഡിയത്തിൽ ബ്രസീൽ വിജയം വെട്ടിപ്പിടിച്ചത്.

ജയത്തോടെ ജി ഗ്രൂപ്പില്‍ മൂന്നു പോയിന്റുമായി ബ്രസീൽ ഒന്നാം സ്ഥാനത്തെത്തി. കാമറൂണിനെതിരായ ആദ്യ മത്സരം വിജയിച്ച സ്വിറ്റ്സർലൻഡ് മൂന്നു പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. സെർബിയയ്ക്കെതിരെ 59 ശതമാനം പന്തടക്കവുമായി കളി പൂർത്തിയാക്കിയ ബ്രസീൽ തൊടുത്തുവിട്ടത് 22 ഷോട്ടുകളാണ്, അതില്‍ എട്ടെണ്ണം ഓൺ ടാർഗറ്റ്. അതേസമയം ഗോൾ വീണതോടെ തിരിച്ചടിക്കാൻ സെർബിയ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

ഗോളില്ലാ ആദ്യ പകുതി

സെർബിയൻ പ്രതിരോധ നിരയ്ക്കു കനത്ത വെല്ലുവിളിയാണ് ആദ്യ മിനിറ്റു മുതൽ ബ്രസീൽ താരങ്ങൾ ഉയർത്തിയത്. കളിയുടെ ഏഴാം മിനിറ്റിൽ ബ്രസീലിന്റെ നെയ്മാറെ ഫൗൾ ചെയ്തതിന് സെർബിയൻ താരം പാവ്‍ലോവിച്ചിന് യെല്ലോ കാർഡ് ലഭിച്ചു. 9–ാം മിനിറ്റിൽ കാസെമിറോയുടെ പാസിൽ, നെയ്മർ സെർബിയ ബോക്സിൽ അപകടം വിതച്ചെന്നു തോന്നിച്ചെങ്കിലും സെർബിയ പ്രതിരോധം നെയ്മാറെ കൃത്യമായി ബ്ലോക്ക് ചെയ്തു.

13–ാം മിനിറ്റിൽ കോർണറിൽനിന്നുള്ള നെയ്മാറുടെ ഗോൾ ശ്രമം സെർബിയ ഗോളി മിലിങ്കോവിച് സാവിച് തട്ടിയകറ്റി. വീണ്ടുമൊരു കോർണർ കൂടി ലഭിച്ചെങ്കിലും ഹെഡറിനുള്ള മാർക്വിഞ്ഞോയുടെ ശ്രമം പരാജയപ്പെടുത്തി സെര്‍ബിയ ഗോളി പന്ത് പിടിച്ചെടുത്തു. 28–ാം മിനിറ്റിൽ തിയാഗോ സിൽവ വിനിസ്യൂസിനു നൽകിയ ത്രൂബോൾ സെർബിയ ഗോളി ഗോളാകാൻ അനുവദിച്ചില്ല. പക്വിറ്റയ്ക്കൊപ്പം കളി മെനഞ്ഞ് റാഫിഞ്ഞ എടുത്ത ഷോട്ടും ലക്ഷ്യം കണ്ടില്ല. 41–ാം മിനിറ്റിൽ വിനിസ്യൂസിന്റെ മറ്റൊരു ഗോൾ ശ്രമം അതിവേഗത്തിലുള്ള ടാക്കിളിലൂടെ സെർബിയൻ പ്രതിരോധ താരം മിലെങ്കോവിച്ച് പരാജയപ്പെടുത്തി. ആദ്യ പകുതി ഗോളില്ലാതെ അവസാനിച്ചു.

രണ്ടാം പകുതിയില്‍ ബ്രസീല്‍

രണ്ടാം പകുതിയിലും വ്യത്യസ്തമായിരുന്നില്ല കാര്യങ്ങൾ. 46–ാം മിനിറ്റിൽ സെർബിയൻ ഗോൾ കീപ്പറുടെ പിഴവിൽ ബ്രസീലിന് ഒരു അവസരം ലഭിച്ചു. മിലിങ്കോവിച്– സാവിച്ച്, ഗുഡേജിനു നൽകിയ പാസ് തട്ടിയെടുത്ത റാഫിഞ്ഞയുടെ ഷോട്ട്. പക്ഷേ മികച്ചൊരു സേവിലൂടെ സെർബിയൻ കീപ്പർ തെറ്റു തിരുത്തി. സെർബിയ ബോക്സിനു സമീപത്തുവച്ച് നെയ്മാറെ വീഴ്ത്തിയതിന് കിട്ടിയ ഫ്രീകിക്ക് നെയ്മാർ തന്നെ എടുക്കുന്നു. എന്നാല്‍ സെർബിയ ഒരുക്കിയ പ്രതിരോധ മതിലിൽ തട്ടി പന്തു പുറത്തേക്കു പോയി. തുടർന്നു ലഭിച്ച കോർണറിൽ റിചാർലിസന്റെ ഷോട്ട് സെർബിയ ഗോളി സേവ് ചെയ്തു.

55–ാം മിനിറ്റിൽ വിനീസ്യൂസിന്റെ പാസിൽ നെയ്മാറുടെ ഗോൾ ശ്രമം പോസ്റ്റിനു വെളിയിലൂടെ പുറത്തേക്കു പോയി. 62–ാം മിനിറ്റിൽ റിചാർലിസന്റെ ഗോളിലൂടെ ബ്രസീൽ മുന്നിലെത്തി. ബ്രസീൽ ലീഡെടുത്തതോടെ സമനില പിടിക്കാൻ സെർബിയയും ശ്രമങ്ങൾ തുടങ്ങി. അതിനിടെയാണ് റിചാർലിസന്റെ രണ്ടാം ഗോളെത്തുന്നത്. 73–ാം മിനിറ്റിലെ ബൈസിക്കിൾ കിക്ക് ഖത്തർ ലോകകപ്പിലെ മനോഹര കാഴ്ചകളിലൊന്നാണെന്നുറപ്പിക്കാം. മൂന്നാം ഗോളിനായി ബ്രസീൽ ആക്രമണങ്ങൾ തുടർന്നതോടെ സെർബിയ പ്രതിരോധത്തിലായി.

ഗോളുകൾ വന്നതെങ്ങനെ?

റിചാർലിസന്റെ ആദ്യ ഗോൾ: സെർബിയ ബോക്സിനുള്ളിൽ ബ്രസീൽ താരങ്ങളുടെ ഒത്തൊരുമയുടെ ഫലമായാണ് ലോകകപ്പിലെ കാനറികളുടെ ആദ്യ ഗോൾ പിറന്നത്. സെർബിയ പ്രതിരോധ താരങ്ങളെ മറികടന്ന് നെയ്മർ നൽകിയ പാസിൽ വിനീസ്യൂസ് തകർപ്പൻ ഷോട്ട് ഉതിർക്കുന്നു. സെർബിയൻ ഗോളി പന്തു തട്ടിയകറ്റിയപ്പോൾ ബോക്സിലുണ്ടായിരുന്ന റിചാർലിസന്റെ റീബൗണ്ടെടുത്ത ഷോട്ട് വലയിലെത്തി.

ബ്രസീലിന്റെ നെയ്മാറുടെ മുന്നേറ്റം തടയുന്ന സെർബിയ താരം ആൻഡ്രിജ സിവ്കോവിച്. Photo:Giuseppe CACACE / AFP
ബ്രസീലിന്റെ നെയ്മാറുടെ മുന്നേറ്റം തടയുന്ന സെർബിയ താരം ആൻഡ്രിജ സിവ്കോവിച്. Photo:Giuseppe CACACE / AFP

ബൈസിക്കിൾ കിക്ക് ഗോള്‍: ആദ്യ ഗോൾ നേടി പത്ത് മിനിറ്റു പിന്നിട്ടതിനു പിന്നാലെയാണ് റിചാർലിസനിലൂടെ ബ്രസീൽ ലീഡുയർത്തിയത്. വിനീസ്യൂസിന്റെ പാസിൽ ബോക്സിന് അകത്തുനിന്ന് പന്ത് തൊട്ടുയർത്തിയ റിചാർലിസന്‍ മനോഹരമായൊരു ബൈസിക്കിൾ കിക്കിലൂടെ ബ്രസീലിനു രണ്ടാം ഗോൾ സമ്മാനിച്ചു. 73–ാം മിനിറ്റിലായിരുന്നു നേട്ടം.

English Summary: FIFA World Cup, Brazil vs Serbia Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com