‘ഹെഡർ ഡ്യൂക്ക്’: ഖത്തറിൽ തുനീസിയയെ കങ്കാരു പിടിച്ചു (1-0)
Mail This Article
ദോഹ∙ കരുത്തൻമാരായ ഡെൻമാർക്കിനോടു സമനില വഴങ്ങിയതിനു പിന്നാലെ വിജയം തേടിയിറങ്ങിയ തുനീസിയയ്‌ക്ക് ഓസ്ട്രേലിയൻ പ്രഹരം. ഇരുടീമുകളും ഇഞ്ചോടിച്ച് പോരാടിയ മത്സരത്തിൽ വിജയം ഓസ്ട്രേലിയയ്ക്ക് ഒപ്പം. (1–0) നായിരുന്നു ഓസ്‌ട്രേലിയൻ വിജയം. 23–ാം മിനിറ്റിൽ ഹെഡർ ഗോളിലൂടെ മിച്ചൽ തോമസ് ഡ്യൂക്ക് ആണ് ഓസ്‌ട്രേലിയയെ മുന്നിൽ എത്തിച്ചത്. ഇതോടെ ഡ്യൂക്ക് ലോകകപ്പിൽ ഹെഡറിലൂടെ ഗോൾ നേടുന്ന രണ്ടാമത്തെ ഓസ്‌ട്രേലിയൻ കളിക്കാരനായി.
കഴിഞ്ഞ മത്സരത്തിൽ ഫ്രാൻസിൽ നിന്ന് കനത്ത പരാജയം ഏറ്റുവാങ്ങിയ (1–4) ഓസ്ട്രേലിയ തുടക്കം മുതൽ തുനീസിയയുടെ ഗോൾമുഖത്ത് പ്രശ്‍നങ്ങൾ സൃഷ്ടിച്ചു. ഒരു ഗോളിന് പിന്നിൽ നിന്നതിനു ശേഷം ആക്രമിച്ച് കളിച്ച തുനീസിയ നിർണായക പല അവസരങ്ങളും നഷ്ടപ്പെടുത്തിയത് വിനയായി. 71–ാം മിനിറ്റില്‍ ലീഡുയര്‍ത്താനുള്ള സുവര്‍ണാവസരം ഓസ്‌ട്രേലിയയും നഷ്ടപ്പെടുത്തി. അവസാന മിനിറ്റുകളിൽ ഓസ്ട്രേലിയൻ ഗോൾപോസ്റ്റിൽ വൻ ആക്രമണമാണ് തുനീസീയ നടത്തിയതെങ്കിലും ഭാഗ്യം തുണച്ചില്ല. തുനീസിയ നടത്തിയ മികച്ച നീക്കങ്ങൾ ഓസ്‌ട്രേലിയൻ പ്രതിരോധക്കോട്ടയിൽ തട്ടി തകരുകയായിരുന്നു. ഒരു ഗോളിനു മുന്നിൽ നിന്ന ശേഷം മികച്ച പ്രതിരോധമാണ് ഓസ്‌ട്രേലിയ നടത്തിയിത്.
ഫിഫ റാങ്കിങ്ങിൽ 30–ാം സ്ഥാനത്തുള്ള തുനീസിയയ്ക്ക് ഇതുവരെ ലോകകപ്പ് പ്രാഥമിക റൗണ്ട് കടക്കാൻ കഴിഞ്ഞിട്ടില്ല. ജലീൽ ഖദ്രി പരിശീലിപ്പിക്കുന്ന തുനീസിയ ആഫ്രിക്കൻ ക്വാളിഫയറിൽ ഗ്രൂപ്പ് ജേതാക്കൾ ആയാണ് ലോകകപ്പിനെത്തിയത്. 6 മത്സരങ്ങളിൽ നാലിലും ജയിച്ചു. 11 ഗോളുകൾ നേടിയപ്പോൾ വഴങ്ങിയത് രണ്ടെണ്ണം മാത്രം. ഫിഫ റാങ്കിങ്ങിൽ 38–ാം സ്ഥാനത്താണ് ഓസ്‌ട്രേലിയ. 2006 ൽ പ്രീക്വാർട്ടറിൽ കടന്നതാണ് മികച്ച പ്രകടനം. ലോകകപ്പ് ക്വാളിഫയറിൽ മൂന്നാമതെത്തിയ ഓസ്‌ട്രേലിയ പ്ലേ ഓഫ് കളിച്ചാണ് ഫൈനൽ റൗണ്ടിൽ ഇടം പിടിച്ചത്.
English Summary: Australia vs Tunisia Updates, FIFA World Cup