സെൻസേഷനൽ സെനഗൽ; സെനഗലിനോട് തോറ്റ് ഖത്തർ പുറത്ത് (3–1)
Mail This Article
ദോഹ∙ ആഫ്രിക്കൻ ചാംപ്യന്മാരുടെ കരുത്തിനെതിരെ പൊരുതിത്തോറ്റ് ആതിഥേയർ ലോകകപ്പിനു പുറത്തേക്ക്. പവർ ഗെയിമിലൂടെ അൽ തുമാമ സ്റ്റേഡിയത്തിലെ കളിക്കളം വാണ സെനഗൽ 3–1ന് ഖത്തറിനെ തോൽപിച്ച് നോക്കൗട്ട് പ്രതീക്ഷ നിലനിർത്തി. ബൂലെ ദിയ(41–ാം മിനിറ്റ്), ഫമാര ദിയേദിയു(48’), അഹ്മദു ബാംബ ദിയെങ്(84’) എന്നിവർ സെനഗലിനായി ലക്ഷ്യം കണ്ടപ്പോൾ, ആതിഥേയരുടെ ആശ്വാസ ഗോൾ മുഹമ്മദ് മുത്തരിയുടെ(78’) ഹെഡറിൽ നിന്നായിരുന്നു.
ലോകകപ്പിൽ ഖത്തറിന്റെ ആദ്യ ഗോളാണിത്. ഗ്രൂപ്പ് എയിൽ 2 കളികളിൽ ഒരു വിജയത്തോടെ സെനഗലിനു 3 പോയിന്റായി. 2 മത്സരങ്ങളിലും പരാജയപ്പെട്ട ഖത്തറിനു പോയിന്റൊന്നുമില്ല. ലോകകപ്പിൽ ടീമിന് ശേഷിക്കുന്ന നേരിയ സാധ്യത ഗ്രൂപ്പിലെ മറ്റു വിജയപരാജയങ്ങളെ ആശ്രയിച്ചാണ്. അൽ തുമാമ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിറഞ്ഞ നാട്ടുകാരുടെ ശക്തമായ പിന്തുണയുണ്ടായിരുന്നിട്ടും സെനഗലിന്റെ പവർ ഗെയിമിനെതിരെ പിടിച്ചുനിൽക്കാൻ ഖത്തർ പ്രയാസപ്പെട്ടു.
സെനഗലിനായി ദിയയയും ദിയേദിയുവും സ്കോർ നേടിയ ശേഷം ശക്തമായി പൊരുതിയ മുന്തരിയുടെ മിന്നുന്ന ഗോളിലൂടെ തിരച്ചിടിച്ചപ്പോൾ നേരിയ പ്രതീക്ഷ ഉണർന്നിരുന്നു. എന്നാൽ, പകരക്കാൻ ബാംബ ദിയെങ് ആഫ്രിക്കൻ ചാംപ്യൻമാരുടെ വിജയഗോൾ കുറിച്ചതോടെ ആതിഥേയരുടെ പ്രതീക്ഷകൾ അസ്ഥാനത്തായി. 2018 ലോകകപ്പിൽ മൗസ വാഹ്ഗേ ജപ്പാനെതിരെ നേടിയ ഗോളിനു ശേഷം ലോകകപ്പിൽ മറ്റൊരു ഗോൾ സെനഗൽ നേടുന്നത് ഇന്നലെ ഖത്തറിനെതിരെ. ബൂലെ ദിയയുടെ ആ ഗോളിനായി സെനഗൽ കാത്തിരുന്നത് 269 മിനിറ്റ്. ടീമിന്റെ ഏറ്റവും ദൈർഘ്യമേറിയ സ്‌കോറിങ് വരൾച്ചയായിരുന്നു ഇത്.
English Summary: fifa world cup qatar vs senegal