ലെവൻ ഗോൾസ്കി; സൗദിക്കെതിരെ 2-0 ജയം, പോളണ്ട് ഗ്രൂപ്പിൽ ഒന്നാമത്
Mail This Article
ദോഹ ∙ അർജന്റീനയ്ക്കെതിരായ അട്ടിമറിയുടെ ആവേശത്തിൽ ആകാശത്തിലായിരുന്ന സൗദി അറേബ്യയെ പോളണ്ട് നിലത്തിറക്കി! ക്യാപ്റ്റൻ റോബർട്ട് ലെവൻഡോവ്സ്കി ഗോളുമായും അസിസ്റ്റുമായും തിളങ്ങിയ മത്സരത്തിൽ 2-0 ജയവുമായി പോളണ്ട് സി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്കു കയറി. ആവേശത്തോടെ കളിച്ചെങ്കിലും ആദ്യ പകുതിയുടെ അധിക സമയത്തു കിട്ടിയ പെനൽറ്റി കിക്ക് കഴിഞ്ഞ കളിയിലെ ഹീറോ സാലിം അൽ ദൗസരി നഷ്ടമാക്കിയതും സൗദിക്കു തിരിച്ചടിയായി. ദൗസരിയുടെ കിക്ക് പോളണ്ട് ഗോൾകീപ്പർ വോയ്ചെക് ഷെസ്നി സേവ് ചെയ്യുകയായിരുന്നു.
റീബൗണ്ടിൽ മുഹമ്മദ് അൽ ബുറയ്കിന്റെ ഷോട്ടും ഷെസ്നി ഒറ്റക്കൈ കൊണ്ടു രക്ഷപ്പെടുത്തി. 39-ാം മിനിറ്റിൽ ലെവൻഡോവ്സ്കി മറിച്ചു നൽകിയ പാസിൽ നിന്ന് പ്യോട്ടർ സീലിൻസ്കിയാണ് പോളണ്ടിന്റെ ആദ്യഗോൾ നേടിയത്. 82-ാം മിനിറ്റിൽ സൗദി ഡിഫൻഡർ അൽ മാലികിയെ മറികടന്നു പായിച്ച ഷോട്ടിലാണ് ലെവൻഡോവ്സ്കി ലക്ഷ്യം കണ്ടത്. ലോകകപ്പിൽ ലെവൻഡോവ്സ്കിയുടെ ആദ്യ ഗോളാണിത്. കഴിഞ്ഞ ലോകകപ്പിലെ 3 മത്സരങ്ങളിലും ലെവൻഡോവ്സ്കി ഗോളടിച്ചിരുന്നില്ല.
STAR OF THE DAY
വോയ്ചെക് ഷെസ്നി
ഗോൾകീപ്പർ
ക്ലബ്: യുവന്റസ് (ഇറ്റലി)
പ്രായം: 32
സൗദി അറേബ്യയ്ക്കെതിരെ പോളണ്ടിന്റെ മിന്നും താരം ഗോൾകീപ്പർ വോയ്ചെക് ഷെസ്നി ആയിരുന്നു. പോളണ്ട് 1–0നു മുന്നിൽ നിൽക്കെ സൗദിക്ക് ലഭിച്ച പെനൽറ്റി കിക്ക് തടുത്തിട്ട ഷെസ്നി റീബൗണ്ട് ഷോട്ടും തട്ടിയകറ്റി. 5 സേവുകളാണ് ഷെസ്നി നടത്തിയത്.
English Summary : Poland beat Saudi Arabia 2-0 in FIFA World Cup 2022