ADVERTISEMENT

ദോഹ∙ അടി, തിരിച്ചടി, വീണ്ടു തിരിച്ചടി.. ഇരു ടീമുകളും ഗോളടിക്കാൻ മത്സരിച്ചപ്പോൾ ആവേശപ്പോരാട്ടത്തിന് സമനിലകുരുക്ക്. ഗ്രൂപ്പ് ജിയിൽ കാമറൂൺ– സെർബിയ മത്സരമാണ് സമനിലയിൽ പിരിഞ്ഞത് (3–3). ഇതോടെ ഖത്തർ ലോകകപ്പിൽ അക്കൗണ്ട് തുറന്ന ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കുവച്ചു. ആദ്യ മത്സരത്തിൽ സെർബിയ കരുത്തരായ ബ്രസീലിനോട് തോറ്റിരുന്നു. സ്വിറ്റസർലൻഡിനെതിരെ 1–0 ത്തിനായിരുന്നു കാമറൂണിന്റെ ആദ്യ മത്സരത്തിലെ തോൽവി.

ഇന്നത്തെ മത്സരത്തിൽ ആദ്യ ഗോൾവല ചലിപ്പിച്ചത് കാമറൂണ്‍ ആണ്. മത്സരത്തിന്റെ 29–ാം മിനിറ്റിൽ യാൻ ചാൾസ് കാറ്റെലിറ്റോയാണ് കാമറൂണിനായി ഗോൾനേടിയത്. കാമറൂണിനു ലഭിച്ച കോർണറിൽ, ടോളയിൽനിന്നു ലഭിച്ച പാസ് കാറ്റെലിറ്റോ ലക്ഷ്യം കാണുകയായിരുന്നു. ഇതിനുശേഷം മത്സരത്തിന്റെ നിയന്ത്രണം ഏറെക്കുറെ പിടിച്ചെടുത്ത കാമറൂൺ, സെർ‌ബിയൻ താരങ്ങളെ വരിഞ്ഞുമുറുക്കി. എന്നാൽ ആദ്യ പകുതിയുടെ ഇഞ്ചറി ടൈമിൽ കാമറൂൺ എല്ലാം കൈവിട്ടു. രണ്ടു മിനിറ്റിന്റെ ഇടവേളയിൽ വഴങ്ങേണ്ടി വന്ന ഗോളുകൾ കാമറൂണിനെ ശരിക്കും ഞെട്ടിച്ചു.

സെർബിയയ്‌ക്കെതിരെ ഗോൾ നേടിയ കാമറൂൺ താരം 
യാൻ ചാൾസ് കാറ്റെലിറ്റോയുടെ ആഹ്ലാദം. ചിത്രം: Twitter/FIFA
സെർബിയയ്‌ക്കെതിരെ ഗോൾ നേടിയ കാമറൂൺ താരം യാൻ ചാൾസ് കാറ്റെലിറ്റോയുടെ ആഹ്ലാദം. ചിത്രം: Twitter/FIFA

പാവ്‌ലോവിക് (45+1) മിലിൻകോവിക് സാവിക് (45+3) എന്നിവരാണ് സെർബിയയുടെ ‘ഇഞ്ചറി’ ഗോൾ വേട്ടക്കാർ. ഇതോടെ ആദ്യ പകുതിയിൽ സെർബിയ ഒരു ഗോളിന്റെ ലീഡെടുത്തു. രണ്ടാം പകുതിയിൽ സെർബിയ പൂർണമായും ആക്രമണം ഏറ്റെടുത്തു. 53–ാം മിനിറ്റിൽ സെബർബിയയുടെ ടിക്കി ടാക്ക മൂവിൽ വീണ്ടും ഗോൾ പിറന്നു. മിട്രോവിക്കാണ് സെർ‌ബിയയ്ക്കായി കാമറൂണിന്റെ ഗോൾവല ചലിപ്പിച്ചത്.

ഇതോടെ ഇന്നലത്തെ ക്രൊയേഷ്യ– കാനഡ മത്സരത്തിന്റെ തനിയാവർത്തനമാകുമോ ഈ മത്സരവും എന്നു സംശയിച്ചു. കളി തുടങ്ങി 67 സെക്കൻഡിനകം ഗോൾ വഴങ്ങേണ്ടി വന്നെങ്കിലും നാല് ഗോളുകൾ തിരിച്ചടിച്ചാണ് ക്രൊയേഷ്യ, കാനഡയെ തകർത്തുവിട്ടത്. എന്നാൽ സെർബിയയുടെ മൂന്നു ഗോളുകൾക്ക് കാമറൂണിന്റെ പോരാട്ടവീര്യം തകർക്കാനായില്ല.

cameroon-vs-serbia-28-11
ഗോൾ നേടിയ സെർബിയൻ താരത്തിന്റെ ആഹ്ലാദം. ചിത്രം: Twitter/FIFA

64–ാം മിനിറ്റിൽ സെർബിയയെ ഞെട്ടിച്ച് വീണ്ടു കാമറൂണിന്റെ ഗോൾ പിറന്നു. വി.അബൂബക്കറാണ് ഗോൾ നേടിയത്. ആദ്യ ഗോൾ നേടിയ കാറ്റെലിറ്റോയുടെ അസിസ്റ്റിലായിരുന്നു അബൂബക്കറിന്റെ ഗോൾ. രണ്ടു മിനിറ്റിനുള്ളിൽ കാമറൂണിന്റെ സമനില ഗോളും പിറന്നു. അബൂബക്കറിന്റെ അസിസ്റ്റിൽ ചുവോപൊ-മൊതിങ് ആണ് ഗോൾ (66) നേടിയത്.

English Summary: Cameroon vs Serbia FIFA World Cup 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com