ചേട്ടന്റെ ഘാന, അനിയന്റെ സ്പെയിൻ: ഇത് ഫാമിലി ലോകകപ്പ്; വില്യംസ് ഓഫ് ഫുട്ബോൾ
Mail This Article
ലോകകപ്പിൽ സ്പെയിനും ഘാനയും ഏറ്റുമുട്ടിയാൽ ആരെ പിന്തുണയ്ക്കും? സ്പെയിനിലെ ഫെലിക്സ് വില്യംസ്- മരിയ ദമ്പതികള്‍ക്ക് ഈ ചോദ്യത്തിന് ഉത്തരം പറയുക അത്ര എളുപ്പമല്ല. കാരണം ഇവരുടെ മൂത്തമകൻ ഘാനയ്ക്കു വേണ്ടിയും ഇളയമകൻ സ്പെയിനിനു വേണ്ടിയുമാണ് ബൂട്ട് കെട്ടുന്നത്. ഇത്തരമൊരു അസാധാരണ സാഹചര്യത്തിൽ തീരുമാനമെടുക്കുക എളുപ്പമല്ലല്ലോ. മക്കൾ തോൽക്കരുതെന്നല്ലേ എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുക. പ്രത്യേകിച്ചും ലോകകപ്പ് ഫുട്ബാള്‍ പോലൊരു മാമാങ്കത്തിൽ. ഇവരുടെ മക്കളായ ഇനാക്കി, നിക്കോ സഹോദരന്മാരാണ് രണ്ടു ടീമുകളിലായി ഖത്തറിലെത്തിയിരിക്കുന്നത്. ലോകകപ്പ് ചരിത്രത്തിൽ രണ്ടാം തവണ മാത്രമാണ് ഇത്തരത്തിൽ സഹോദരന്മാർ രണ്ടു ടീമുകളിലായി മത്സരിക്കുന്നത്. സ്പെയിൻ ടീമംഗമായ നിക്കോ കോസ്റ്ററിക്കയ്ക്കെതിരായ മത്സരത്തിൽ കളത്തിലിറങ്ങിയിരുന്നു. സബ്സ്റ്റിറ്റ്യൂട്ട് ആയി രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയ നിക്കോ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 7–0ന് സ്പെയിൻ മത്സരം വിജയിച്ചു. ഇളയമകൻ അടങ്ങിയ ടീമിന്റെ വിജയത്തിന്റെ സന്തോഷത്തിനു പിന്നാലെ തോൽവിയുടെ വേദനയും വില്യംസ് ദമ്പതിമാരെ കാത്തിരുന്നു. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെതിരെയായിരുന്നു ഇനാക്കി അംഗമായ ഘാന ടീം ഇറങ്ങിയത്. മത്സരത്തിൽ പക്ഷേ ഘാന 3–2 ന് പരാജയം രുചിച്ചു. പോർച്ചുഗലിനെ വിറപ്പിച്ച പ്രകടനമാണ് ഘാന കാഴ്ചവച്ചതെങ്കിലും പരാജയത്തിൽ ദുഃഖിതനായി മൈതാനമധ്യത്ത് ഇനാക്കി നിൽക്കുന്ന കാഴ്ച ആ മാതാപിതാക്കളെ വേദനിപ്പിച്ചിട്ടുണ്ടാകുമെന്ന് തീർച്ച. എങ്കിലും മക്കള്‍ നല്‍കിയ അഭിമാനാർഹമായ നേട്ടം എല്ലാത്തിനും മുകളിൽ നിൽക്കുന്നു.