ADVERTISEMENT

സെർബിയയ്ക്കെതിരെ ആദ്യ മത്സരത്തിനു ശേഷം മിക്സ്ഡ് സോണിൽ മാധ്യമപ്രവർത്തകരോട് കുറെയേറെ നേരം സംസാരിച്ചത് ബ്രസീൽ ഗോൾകീപ്പർ അലിസണാണ്. ക്യാമറക്കണ്ണുകളിലൂടെ അലിസണിന്റെ മീശയും ഹിറ്റായി. എന്നാൽ ഇന്നലെ സ്വിറ്റ്സർലൻഡിനെതിരെ മത്സരത്തിനു ശേഷം വന്നപ്പോൾ ആ മീശ അപ്രത്യക്ഷമായിരിക്കുന്നു! അലിസൺ ആരോടും സംസാരിക്കാൻ നിന്നതുമില്ല. എന്നാൽ ഒരു റുമാനിയൻ ജേണലിസ്റ്റ് പിന്നാലെ കൂടി. ഇന്ന് ഞാൻ സംസാരിക്കുന്നില്ല എന്ന് അലിസൺ പറ‍ഞ്ഞെങ്കിലും ആളു വിട്ടില്ല. ഇന്റർവ്യൂവിനല്ല. മീശ വളരെ നന്നായിട്ടുണ്ടെന്ന് ലോബോണ്ട് പറയാൻ പറ‍ഞ്ഞു. അലിസൺ സ്വിച്ചിട്ട പോലെ നിന്നു. മീശയില്ലാത്ത മുഖത്തു കൗതുകം നിറഞ്ഞു- എന്റെ അന്വേഷണം ലോബോണ്ടിനെയും അറിയിക്കുക.

കാര്യം റുമാനിയൻ മാധ്യമപ്രവർത്തകൻ ഒരു ദൂതനായതാണ്. അലിസണും മുൻ റുമാനിയൻ ഗോൾകീപ്പർ ബോഗ്‌ദാൻ ലോബോണ്ടും ഇറ്റാലിയൻ ക്ലബ്ബായ എഎസ് റോമയിൽ ഒരുമിച്ചു കളിച്ചതാണ്. അലിസൺ ലിവർപൂളിലേക്കു പോന്നതിനു ശേഷം പരസ്പരം കണ്ടിട്ടില്ല. കഴിഞ്ഞ ദിവസം മീശയുള്ള അലിസണെ കണ്ടപ്പോൾ ലോബോണ്ടിന് ഓർമകൾ ഉണർന്നു. സുഹൃത്ത് കൂടിയായ മാധ്യമപ്രവർത്തകനെ വിളിച്ച് അലിസണോട് അന്വേഷണം പറയാൻ പറ‍ഞ്ഞു. അതിനുള്ള ഓട്ടമാണ് അയാൾ മിക്സ്ഡ് സോണിൽ നടത്തിയത്! അലിസണിന്റെ മീശയിലേക്കു തന്നെ വരാം.

നല്ല സ്റ്റൈലൻ മീശ ചുമ്മാ വച്ചതല്ല എന്ന് അലിസൺ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മൂവംബർ എന്ന ക്യാംപയിന്റെ ഭാഗമായിട്ടുള്ളതായിരുന്നു അത്. പ്രോസ്റ്റേറ്റ്, ടെസ്റ്റികുലാർ അർബുദത്തിനെതിരെ ബോധവൽക്കരണം നടത്തുക എന്നതായിരുന്നു ഉദ്ദേശ്യം. ലോകാരോഗ്യ സംഘടനയുടെ ഗുഡ്‌വിൽ അംബാസഡർ കൂടിയായ അലിസൺ അതിനായി ലോകകപ്പിലെ ആദ്യ മത്സരം തന്നെ തിര‍ഞ്ഞെടുത്തു. ആദ്യ മത്സരത്തിനുശേഷം മാധ്യമപ്രവർത്തകരെ നേരിട്ട അലിസണിന്റെ അതേ ദൗത്യം ഇന്നലെ സ്ട്രൈക്കർ ഗബ്രിയേൽ ജിസ്യൂസിനായിരുന്നു. കളിയുടെ 73-ാം മിനിറ്റിൽ ഇറങ്ങിയ ജിസ്യൂസിന് മൈതാനത്ത് അധികം സമയം കിട്ടിയില്ലെങ്കിലും മിക്സ്ഡ് സോണിൽ ‘തൊണ്ണൂറു മിനിറ്റും’ കളിക്കേണ്ടി വന്നു. ഒടുവിൽ  ജിസ്യൂസ് പറ‍ഞ്ഞു-  ക്ഷീണിച്ചു. ഇനി  കുറച്ചു റെസ്റ്റ് എടുത്തോട്ടെ..!

English Summary :  Alisson grew moustache in support of movember campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com