‘ഹോൺ മുഴക്കി ഇറാന്റെ തോൽവി ആഘോഷിച്ച മെഹ്റാനെ സൈന്യം നോട്ടമിട്ടു; തലയ്ക്ക് വെടിവച്ചു കൊന്നു’
Mail This Article
ടെഹ്റാൻ∙ ഖത്തര്‍ ലോകകപ്പിൽ യുഎസിനോടു തോറ്റ് ഇറാൻ പുറത്തായതിനു പിന്നാലെ സർക്കാർ വിരുദ്ധ പ്രവർത്തകർ സംഘടിപ്പിച്ച ആഘോഷപരിപാടിക്കിടെ സാമൂഹ്യപ്രവർത്തകനെ സുരക്ഷാസേന വെടിവച്ചു കൊന്നു. ഇറാൻ ലോകകപ്പിൽ നിന്ന് പുറത്തായതിനു പിന്നാലെ സംഘടിപ്പിച്ച ആഘോഷങ്ങളിൽ സജീവമായി പങ്കെടുത്ത മെഹ്‌റാൻ സമക്(27) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ടെഹ്റാന്റെ വടക്ക് പടിഞ്ഞാറൻ നഗരമായ ബന്ദർ അൻസാലിയിലാണ് സംഭവം. പടക്കം പൊട്ടിച്ചും വാഹനങ്ങളുടെ ഹോണ്‍ മുഴക്കിയും തെരുവുകളിൽ നൃത്തം ചവിട്ടിയുമാണ് സ്വന്തം രാജ്യത്തിന്റെ പരാജയത്തെ ഇറാനികൾ ആഘോഷമാക്കിയത്.
നൃത്തം ചവിട്ടിയും വാഹനത്തിന്റെ ഹോൺമുഴക്കിയും ആഘോഷപരിപാടികളിൽ പങ്കെടുത്ത മെഹ്‍റാനെ സൈന്യം ആസൂത്രിതമായാണു കൊലപ്പെടുത്തിയതെന്ന ആരോപണവുമായി സന്നദ്ധസംഘടന രംഗത്തെത്തി. മെഹ്‌റാനെ സൈന്യം തലയ്ക്ക് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നു ഇറാൻ ഹ്യൂമൻ റൈറ്റ്‌സ് (ഐഎച്ച്ആർ) എന്ന സന്നദ്ധസംഘടന ആരോപിച്ചു. ഇറാനിൽ മതപൊലീസിന്റെ കസ്റ്റഡിയിൽ 22 വയസ്സുകാരി മഹ്സ അമിനി കൊല്ലപ്പെട്ടതിനു പിന്നാലെ മഹ്‌സ അമിനിയുടെ നാടായ കുർദ് പട്ടണം സാക്വസിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിരുന്നു. തുടർന്ന് ഇറാനിലെ മറ്റുനഗരങ്ങളിലേക്കും പ്രക്ഷോഭം കത്തിപ്പടർന്നു.
‘ഏകാധിപത്യം തുലയട്ടെ,’ ‘സ്വാതന്ത്ര്യം, സ്വാതന്ത്ര്യം, സ്വാതന്ത്ര്യം’ എന്നീ മുദ്രാവാക്യങ്ങളുമായി ശിരോവസ്ത്രം ഊരി വീശി നൂറുകണക്കിനു സ്ത്രീകളാണ് രോഷം പ്രകടമാക്കിയത്. ഹിജാബ് വലിച്ചെറിയുന്നതിന്റെയും കൂട്ടിയിട്ട് കത്തിക്കുന്നതിന്റെയും നിരവധി ദൃശ്യങ്ങളും പുറത്തുവന്നു. ഇറാൻ ദേശീയ ടീമിന്റെ തോൽവിക്കു പിന്നാലെ തെരുവുകൾ ആഘോഷമാക്കുന്ന ഇറാനികളുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ഇറാനിലെ പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ മത്സരത്തിനു മുന്നോടിയായി ദേശീയഗാനം ആലപിക്കുന്നതിൽനിന്ന് ഇറാൻ ടീം വിട്ടുനിന്നിരുന്നു. ഇതേത്തുടർന്ന് ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുകയോ ദേശീയഗാനം ആലപിക്കാതിരിക്കുകയോ ചെയ്താൽ ടീമംഗങ്ങളുടെ കുടുംബത്തെ തടവിലാക്കുമെന്ന് ഭരണകൂടം ഭീഷണിപ്പെടുത്തുകയും ചെയ്തു. സാക്വസിലും ആളുകൾ പരാജയം പടക്കം പൊട്ടിച്ച് ആഘോഷമാക്കി.
English Summary: Iranian shot dead for celebrating country's football team exit from World Cup