ADVERTISEMENT

ദോഹ∙ ഘാനയോട് രണ്ട് ഗോളിന് ജയിച്ചിട്ടും പ്രീക്വാർട്ടർ കാണാതെ പുറത്താകേണ്ടി വന്നത് കാലത്തിന്റെ കാവ്യനീതിയെന്ന് ഫുട്ബോൾ ആരാധകർ. 2010ൽ ലെ ലോകകപ്പ് മത്സരത്തിൽ ഘാനയെ ‘ചതിച്ച്’ പുറത്താക്കിയ സുവാരസ് തന്നെയായിരുന്നു ഇത്തവണത്തെ ക്യാപറ്റൻ. ഘാന യുറുഗ്വായോട് തോറ്റെങ്കിലും പക വീട്ടിയതിന്റെ സന്തോഷത്തോടെയാണ് മടക്കം.

2010ൽ സുവാരസ് ഏൽപ്പിച്ച മുറിവ് ഇന്നും ഘാനയുടെ നെഞ്ചിൽ ഉണങ്ങാതെ കിടക്കുന്നുണ്ട്. ചെകുത്താന്റെ കൈ എന്നാണ് അവർ അന്നത്തെ സംഭവത്തെ വിശേഷിപ്പിച്ചത്. ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പ് മത്സരത്തിൽ ഘാനയും യുറുഗ്വായും ഏറ്റുമുട്ടിയത് ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കാനായിരുന്നു.

luis-suarez-wc
പ്രീക്വാർട്ടറിന് പുറത്തായതറിഞ്ഞ് കരയുന്ന സുവാരസ് (twitter.com/ManuHeredia)

യുറുഗ്വായ് ഗോൾ കീപ്പർ ഫെർണാണ്ടോ മുസെലെര പോസ്റ്റിന് പുറത്തായിരുന്നു. ഘാന താരത്തിന്റെ ഹെഡ്ഡറിലൂടെ ഗോൾ ആകേണ്ടിയിരുന്ന പന്ത് ലൂയി സുവാരസ് കൈ കൊണ്ട് തട്ടിമാറ്റി. ഇതിന് റഫറി ഘാനയ്ക്ക് പെനാൽറ്റി അനുവദിച്ചു. എന്നാൽ ഈ പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കാൻ ഘാനയുടെ അസമോവി ജ്യാന് സാധിച്ചില്ല. പന്ത് പുറത്തേക്ക് അടിച്ചുകളയുകയായിരുന്നു. കൈകൊണ്ട് പന്ത് തട്ടിയതിന് ചുവപ്പ് കാർഡ് കിട്ടി പുറത്തായ സുവാരസ്, ഘാന പെനാൽറ്റി നഷ്ടപ്പെടുത്തിയത് കണ്ടപ്പോൾ ആഹ്ലാദത്തോടെ തുള്ളിച്ചാടിയത് വലിയ ചർച്ചയ്ക്ക് വഴിതെളിച്ചിരുന്നു. സുവാരസ് കൈകൊണ്ട് പന്ത് തട്ടിമാറ്റിയില്ലായിരുന്നെങ്കിൽ ഘാന ക്വാർട്ടറിൽ പ്രവേശിക്കുമായിരുന്നു.

ഘാനയ്ക്കെതിരെ വിജയം നേടി പ്രീക്വാർട്ടർ പ്രവേശനം അനായാസമാക്കുകയായിരുന്നു ഇത്തവണത്തെ യുറഗ്വായുടെ ലക്ഷ്യം. ഇതേ സമയം നടന്ന മത്സരത്തിൽ പോർച്ചുഗലിലെ അട്ടിമറിച്ച് ദക്ഷിണ കൊറിയ വിജയം നേടിയതോടെ പോർച്ചുഗലും ദക്ഷിണ കൊറിയയും പ്രീക്വാർട്ടർ പ്രവേശനം ഉറപ്പിച്ചു. ഈ സമയം ഘാന–യുറഗ്വായ് മത്സരം നടക്കുകയായിരുന്നു. 2–0 എന്ന നിലയിൽ യുറഗ്വായ് വിജയം ഉറപ്പിച്ചു. എന്നാൽ ദക്ഷിണ കൊറിയ വിജയിച്ചതോടെ യുറഗ്വായുടെ പ്രീക്വാർട്ടർ സ്വപ്നത്തിന് കരിനിഴൽ വീണു. ഒരു ഗോൾ കൂടി നേടിയാൽ മാത്രമേ യുറുഗ്വായ്ക്ക് പ്രീക്വാർട്ടറിൽ പ്രവേശിക്കാൻ സാധിക്കുമായിരുന്നുള്ളു. ഇതിനിടെ സുവാരസിനെ പിൻവലിച്ച് കവാനിയെ കളത്തിലിറക്കി.

ദക്ഷിണ കൊറിയ വിജയത്തിലേക്കെന്ന ഉറപ്പിച്ച നിമിഷം യുറഗ്വായ് താരങ്ങൾ കരയാൻ തുടങ്ങി. സബ് ചെയ്യപ്പെട്ടതിനു ശേഷം ഡഗ്ഔട്ടിൽ ചിരിച്ചു കൊണ്ടിരുന്ന ലൂയി സ്വാരസിന്റെ മുഖം അതോടെ മാറി. ജഴ്സി കൊണ്ടു മുഖം മറച്ച് വിതുമ്പിയ സ്വാരസിന്റെ പ്രാർഥനകൾക്കും പക്ഷേ യുറഗ്വായെ രക്ഷിക്കാനായില്ല. ഒരു ഗോൾ കൂടി നേടാനുള്ള പരാക്രമമായിരുന്നു പിന്നീട് കളത്തിൽ നടന്നത്. എന്നാൽ 2010ലെ ദുരനുഭവം മറക്കാതിരുന്നു ഘാന അതിന് തടയിട്ടു. ഗോൾ അടിക്കുക എന്നതിനേക്കാൾ യുറഗ്വായെ ഗോൾ അടിക്കാൻ അനുവദിക്കാതിരിക്കുക എന്നതായി അവരുടെ ലക്ഷ്യം. കാരണം ഘാന നേരത്തെ തന്നെ പ്രീക്വർട്ടറിനു പുറത്തായിരുന്നു. പോകുന്ന പോക്കിൽ യുറഗ്വായേയും അവർ കൂടെക്കൂട്ടി.

സ്വാരസിനോടുള്ള പ്രതികാരം എന്നു വിശേഷിപ്പിക്കപ്പെട്ട മത്സരത്തിൽ പക്ഷേ ഘാന അതേ പിഴവ് ആവർത്തിച്ചു. 17-ാം മിനിറ്റിൽ പന്തിനായി ബോക്സിലേക്ക് ഓടിയെത്തിയ മുഹമ്മദ് കുദൂസിനെ യുറഗ്വായ് ഗോൾകീപ്പർ സെർജിയോ റോഷെറ്റ് വീഴ്ത്തിയതിനാണ് വിഎആർ പരിശോധനയ്ക്കു ശേഷം റഫറി പെനൽറ്റി അനുവദിച്ചത്. ആന്ദ്രെ ആയോയുടെ ദുർബലമായ കിക്ക് റോഷെറ്റ് സേവ് ചെയ്തു. യുറഗ്വായ് മുന്നേറ്റങ്ങളെ പ്രതിരോധിച്ചു നിൽക്കുക എന്നതായി പിന്നീട് ഘാനയുടെ ജോലി.

English Summary: 2010 FIFA World Cup: Luis Suarez Handball Against Ghana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com