ADVERTISEMENT

ദോഹ ∙ പോർച്ചുഗൽ – സ്വിറ്റ്സർലൻഡ് പ്രീക്വാർട്ടർ പോരാട്ടത്തിനു മുന്നോടിയായി വാർത്തകളിൽ നിറഞ്ഞത് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പകരക്കാരുടെ ബെഞ്ചിലേക്കു മാറ്റി യുവതാരം ഗോൺസാലോ റാമോസിന് അവസരം നൽകിയതെങ്കിൽ, മത്സരശേഷം ലോകം ശ്രദ്ധിച്ചത് ഇതേ റാമോസിന്റെ ഹാട്രിക് നേട്ടം! ഖത്തർ ലോകകപ്പിലെ ആദ്യ ഹാട്രിക്കെന്ന സ്വപ്ന നേട്ടത്തിലേക്ക് പന്തടിച്ചുകയറ്റിയ ഇരുപത്തൊന്നുകാരൻ റാമോസിന്റെ മികവിൽ, സ്വിറ്റ്സർലൻഡിനെ ഗോൾമഴയിൽ നനച്ച് പോർച്ചുഗൽ ക്വാർട്ടർ ഫൈനലിൽ. ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് പോർച്ചുഗലിന്റെ വിജയം. ഡിസംബർ 10ന് അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ മൊറോക്കോയാണ് പോർച്ചുഗലിന്റെ എതിരാളികൾ. പെനൽറ്റി ഷൂട്ടൗട്ടിൽ കരുത്തരായ സ്പെയിനെ അട്ടിമറിച്ചാണ് മൊറോക്കോ ക്വാർട്ടറിൽ കടന്നത്.

17, 51, 67 മിനിറ്റുകളിലായാണ് ഗോൺസാലോ റാമോസ് ഹാട്രിക് തികച്ചത്. ലോകകപ്പ് വേദിയിൽ ആദ്യ ഇലവനിൽ ആദ്യമായി ലഭിച്ച അവസരമാണ് റാമോസ് ഹാട്രിക്കുമായി ആഘോഷിച്ചത്. പോർച്ചുഗലിന്റെ മറ്റു ഗോളുകൾ പെപ്പെ (33–ാം മിനിറ്റ്), റാഫേൽ ഗുറെയ്റോ (55–ാം മിനിറ്റ്), പകരക്കാരൻ റാഫേൽ ലിയോ (90+2) എന്നിവർ നേടി. സ്വിറ്റ്സർലൻഡിന്റെ ആശ്വാസഗോൾ 58–ാം മിനിറ്റിൽ മാനുവൽ അകാൻജി സ്വന്തമാക്കി. പോർച്ചുഗലിനായി പകരക്കാരനായി എത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലക്ഷ്യം കണ്ടെങ്കിലും, അത് ഓഫ്സൈഡിൽ കുരുങ്ങി.

ഈ നൂറ്റാണ്ടിൽ ഒരു ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ ആറോ അതിലധികമോ ഗോൾ നേടുന്ന രണ്ടാമത്തെ മാത്രം ടീമാണ് പോർച്ചുഗൽ. 2014ൽ ബ്രസീലിനെ 7–1ന് തോൽപ്പിച്ച ജർമനിയാണ് ആദ്യ ടീം. ഒരു ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ പോർച്ചുഗൽ നാലോ അതിലധികമോ ഗോൾ നേടുന്നത് 1966നു ശേഷം ഇതാദ്യവുമാണ്. 1966 ലോകകപ്പിലെ ക്വാർട്ടർ ഫൈനലിൽ കൊറിയയ്‌ക്കെതിരെ പോർച്ചുഗൽ 5–3ന് വിജയിച്ചിരുന്നു. ലോകകപ്പിൽ പോർച്ചുഗലിന്റെ മൂന്നാമത്തെ മാത്രം ക്വാർട്ടർ പ്രവേശനമാണിത്. ഇതിനു മുൻപ് 1966, 2006 വർഷങ്ങളിലാണ് പോർച്ചുഗൽ ക്വാർട്ടർ കളിച്ചത്.

2002ൽ ജർമനിയുടെ മിറോസ്ലാവ് ക്ലോസെയ്ക്കു ശേഷം ആദ്യ ലോകകപ്പിൽത്തന്നെ ഹാട്രിക് നേടുന്ന ആദ്യ താരമാണ് റാമോസ്. 2006നു ശേഷം ഇതാദ്യമായി ക്രിസ്റ്റ്യാനോ റൊണാൾഡോ പകരക്കാരുടെ ബെഞ്ചിലായ ലോകകപ്പ് മത്സരത്തിൽ, സൂപ്പർതാരത്തിനു പകരമിറങ്ങിയാണ് ഹാട്രിക്കെന്നത് റാമോസിന്റെ നേട്ടത്തിന് ഇരട്ടി മധുരം പകരുന്നു.

ഇതിഹാസ താരം പെലെയ്ക്കു ശേഷം ലോകകപ്പ് നോക്കൗട്ടിൽ ഹാട്രിക് നേടുന്ന പ്രായം കുറഞ്ഞ താരം, ലോകകപ്പ് നോക്കൗട്ടിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ പോർച്ചുഗീസ് താരം തുടങ്ങിയ നേട്ടങ്ങളും റാമോസിനു സ്വന്തം. ഗോൾ നേടുമ്പോൾ താരത്തിന്റെ പ്രായം 21 വർഷവും 169 ദിവസവും. ലോകകപ്പ് നോക്കൗട്ടിൽ കളിച്ച 17 മിനിറ്റിനിടെയാണ് റാമോസ് പോർച്ചുഗലിനായി ആദ്യ ഗോൾ നേടിയത്. അതേസമയം, നോക്കൗട്ടിൽ 530 മിനിറ്റ് കളിച്ചിട്ടും ക്രിസ്റ്റ്യാനോയ്ക്ക് ഇതുവരെ ഗോൾ നേടാനായിട്ടില്ല.

പോർച്ചുഗലിന്റെ രണ്ടാം ഗോൾ നേടിയ വെറ്ററൻ താരം പെപ്പെയും റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചു. ലോകകപ്പ് നോക്കൗട്ടിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമാണ് പെപ്പെ. ഗോൾ നേടുമ്പോൾ 39 വർഷവും 283 ദിവസവുമാണ് പെപ്പെയുടെ പ്രായം. നാലാം ഗോൾ 55–ാം മിനിറ്റിൽ റാഫേൽ ഗ്വെറെയ്‌റോ നേടി.

∙ ഗോളുകൾ വന്ന വഴി

പോർച്ചുഗൽ ആദ്യ ഗോൾ: സ്വിസ് ബോക്സിലേക്ക് പോർച്ചുഗൽ നടത്തിയ മികച്ചൊരു മുന്നേറ്റമാണ് ആദ്യ ഗോളിൽ കലാശിച്ചത്. സ്വിസ് പകുതിയിൽ പോർച്ചുഗലിന് ലഭിച്ച ത്രോയിൽ നിന്നായിരുന്നു ഗോളിലേക്കെത്തിയ നീക്കത്തിന്റെ തുടക്കം. ത്രോയിൽനിന്ന് പന്തു ലഭിച്ച ജാവോ ഫെലിക്സ് ബോക്സിനുള്ളിൽ അത് ഗോൺസാലോ റാമോസിനു മറിച്ചു. പന്തു പിടിച്ചെടുത്ത് റാമോസ് തൊടുത്ത ഷോട്ട് ഗോൾകീപ്പർ സോമറിന് യാതൊരു അവസരവും നൽകാതെ പോസ്റ്റിന്റെ ഇടതുമൂലയിൽ തുളച്ചുകയറി. സ്കോർ 1–0.

പോർച്ചുഗൽ രണ്ടാം ഗോൾ: മത്സരത്തിൽ പോർച്ചുഗൽ ആധിപത്യം തുടരുന്നതിനിടെയാണ് പെപ്പെയിലൂടെ അവർ ലീഡ് വർധിപ്പിച്ചത്. പോർച്ചുഗലിന് അനുകൂലമായി ലഭിച്ച കോർണർ കിക്കിൽ നിന്നായിരുന്നു പെപ്പെയുടെ തകർപ്പൻ ഗോൾ. സ്വിസ് ബോക്സിലേക്ക് ബ്രൂണോ ഫെർണാണ്ടസ് ഉയർത്തിവിട്ട പന്തിലേക്ക് ഉയർന്നുചാടി പെപ്പെയുടെ ബുള്ളറ്റ് ഹെഡർ. സോമറിന്റെ പ്രതിരോധം തകർത്ത് പന്ത് വലയിലേക്ക്. സ്കോർ 2–0.

പോർച്ചുഗൽ മൂന്നാം ഗോൾ: ഒന്നാം പകുതി അവസാനിപ്പിച്ചിടത്തുനിന്ന് രണ്ടാം പകുതി ആരംഭിച്ച പോർച്ചുഗൽ, അധികം വൈകാതെ മൂന്നാം ഗോളും നേടി. ഇത്തവണയും ലക്ഷ്യം കണ്ടത് ആദ്യ ഗോൾ നേടിയ യുവതാരം ഗോൺസാലോ റാമോസ്. വലതുവിങ്ങിൽനിന്ന് ഡീഗോ ദാലത്ത് നൽകിയ നിലംപറ്റെയുള്ള ക്രോസിലേക്ക് കാൽനീട്ടിയ റാമോസ്, പന്തിന് ഗോളിലേക്ക് വഴികാട്ടി. സ്വിസ് ഗോൾകീപ്പർ സോമ്മർ ഒരിക്കൽക്കൂടി കാഴ്ചക്കാരൻ മാത്രം. സ്കോർ 3–0.

പോർച്ചുഗൽ നാലാം ഗോൾ: മൂന്നാം ഗോളിന്റെ ആരവമടങ്ങും മുൻപേ പോർച്ചുഗൽ നാലാം ഗോളും നേടി. മൂന്നാം ഗോളിൽനിന്ന് നാലാം ഗോളിലേക്കുള്ള സമയദൈർഘ്യം വെറും നാലു മിനിറ്റു മാത്രം. പോർച്ചുഗൽ പകുതിയിലേക്കെത്തിയ ഒരു സ്വിസ് ആക്രമണത്തിന്റെ മുനയൊടിച്ച് നടത്തിയ കൗണ്ടർ അറ്റാക്കാണ് നാലാം ഗോൾ കൊണ്ടുവന്നത്. ഒട്ടാവിയോ തുടക്കമിട്ട നീക്കത്തിൽനിന്ന് പന്ത് ഗോൺസാലോ റാമോസ് വഴി ബോക്സിനുള്ളിൽ റാഫേൽ ഗുറെയ്റോയ്ക്ക്. താരത്തിന്റെ തകർപ്പൻ വോളി നേരെ വലയിലേക്ക്. സ്കോർ 4–0.

സ്വിറ്റ്സർലൻഡ് ആദ്യ ഗോൾ: പോർച്ചുഗൽ മത്സരം അനായാസം സ്വന്തമാക്കുമെന്ന് ഉറപ്പിച്ചിരിക്കെ, അപ്രതീക്ഷിതമായി സ്വിറ്റ്സർലൻഡ് തിരിച്ചടിച്ചു. സ്വിറ്റ്സർലൻഡിന് അനുകൂലമായി ലഭിച്ച കോർണർ കിക്കിൽനിന്നാണ് അവരുടെ ആദ്യ ഗോൾ പിറന്നത്. കോർണറിൽനിന്ന് പോർച്ചുഗൽ ബോക്സിലേക്ക് പറന്നിറങ്ങിയ പന്ത് അവരുടെ പ്രതിരോധനിരക്കാർക്ക് തൊടാവുന്നതിലും ഉയരത്തിലായിരുന്നു. സെക്കൻഡ് പോസ്റ്റിനു സമീപം താഴ്ന്നിറങ്ങിയ പന്തിന് ആരാലും മാർക്ക് ചെയ്യപ്പെടാതെ നിന്ന അകാൻജി ഗോളിലേക്കു വഴികാട്ടി. സ്കോർ 1–4.

പോർച്ചുഗൽ അഞ്ചാം ഗോൾ: ഒരു ഗോൾ തിരിച്ചടിച്ചതോടെ സ്വിറ്റ്സർലൻഡിന് മത്സരത്തിൽ തിരിച്ചുവരവിനുള്ള എന്തെങ്കിലും സാധ്യത കൽപ്പിച്ചവർക്കുള്ള മറുപടിയായിരുന്നു പോർച്ചുഗലിന്റെ അ‍ഞ്ചാം ഗോൾ. ക്രിസ്റ്റ്യാനോയ്ക്ക് പകരം ആദ്യ ഇലവനിൽ ഇടംപിടിച്ച റാമോസിന്റെ ഹാട്രിക് ഗോളു കൂടിയായിരുന്നു ഇത്. പോർച്ചുഗൽ പകുതിയിൽനിന്നെത്തിയ പന്ത് പിടിച്ചെടുത്ത ജാവോ ഫെലിക്സ് അത് നേരെ ഓടിക്കയറിയ റാമോസിനു മറിച്ചു. ഗോൾകീപ്പർ മാത്രം മുന്നിൽനിൽക്കെ യാതൊരു സമ്മർദ്ദവുമില്ലാതെ റാമോസിന്റെ കൂൾ ഫിനിഷ്. താരത്തിന് ഹാട്രിക്. പോർച്ചുഗലിന് അഞ്ചാം ഗോൾ. സ്കോർ 5–1.

പോർച്ചുഗൽ ആറാം ഗോൾ: ഹാട്രിക് നേടിയ ഗോൺസാലോ റാമോസിന് പകരക്കാരനായി വൻ കരഘോഷത്തിന്റെ അകമ്പടിയോടെ എത്തിയ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിനായി ആരാധകർ കാത്തിരിക്കവെയാണ്, മറ്റൊരു പകരക്കാരനിലൂടെ പോർച്ചുഗൽ ലീഡ് വർധിപ്പിച്ചത്. ഇൻജറി ടൈമിൽ പോർച്ചുഗലിനായി ലക്ഷ്യം കണ്ടത് റാഫേൽ ലിയോ. റാഫേൽ ഗുറെയ്റോയിൽനിന്നു ലഭിച്ച പന്തുമായി ബോക്സിനുള്ളിൽ കടന്ന ലിയോ, പന്ത് വലയിലേക്ക് പായിച്ചു. സ്കോർ 6–1.

∙ എട്ടു മാറ്റങ്ങളുമായി പോർച്ചുഗൽ

ഈ വർഷം മാത്രം രാജ്യാന്തര വേദിയിൽ പോർച്ചുഗലും സ്വിറ്റ്സർലൻഡും നേർക്കുനേർ എത്തുന്നത് ഇത് മൂന്നാം തവണയാണ്. യുവേഫ നേഷൻസ് ലീഗിൽ കണ്ടുമുട്ടിയതിൽ ഇരു ടീമുകളും ഓരോ മത്സരം ജയിച്ചു. ഒരു പ്രധാന ടൂർണമെന്റിൽ ഇരു ടീമുകളും ഇതിനു മുൻപ് കണ്ടുമുട്ടിയത് 2008ലെ യൂറോ കപ്പിലാണ്. അന്ന് സ്വിറ്റ്സർലൻഡ് 2–0ന് ജയിച്ചു.

അവസാന ഗ്രൂപ്പ് മത്സരത്തിൽ ദക്ഷിണ കൊറിയയോടു തോറ്റ ടീമിൽ എട്ടു മാറ്റങ്ങളാണ് പരിശീലകൻ ഫെർണാണ്ടോ സാന്റോസ് വരുത്തിയത്. ഇതിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ഉൾപ്പെടുന്നു. നിർണായക ഗ്രൂപ്പ് മത്സരത്തിൽ സെർബിയയെ തോൽപ്പിച്ച ടീമിൽ സ്വിസ് പരിശീലകനും രണ്ടു മാറ്റങ്ങൾ വരുത്തി. ഈ പ്രീക്വാർട്ടറിൽ ജയിക്കുന്നവർ ഡിസംബർ 10ന് അൽ തുമാമ സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ മൊറോക്കോയെ നേരിടും.

∙ റൊണാൾഡോ പകരക്കാരൻ

പോർച്ചുഗൽ നിരയിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയോക്ക് ആദ്യ ഇലവനിൽ അവസരം ലഭിച്ചില്ല. ക്രിസ്റ്റ്യാനോയ്ക്ക് പകരം ഗോൺസാലോ റാമോസ് ആദ്യ ഇലവനിൽ ഇടംപിടിച്ചു. 2008നു ശേഷം ഇതാദ്യമായാണ് ഒരു പ്രധാന ടൂർണമെന്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പകരക്കാരുടെ നിരയിലാകുന്നത്. 31 മത്സരങ്ങളിൽ തുടർച്ചയായി ആദ്യ ഇലവനിൽ ഇടംപിടിച്ച ശേഷമാണ് ഈ മാറ്റമെന്നതും ശ്രദ്ധേയം.

English Summary: Portugal vs Switzerland, FIFA World Cup 2022, Live Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com