ADVERTISEMENT

ബ്രസീൽ-ദക്ഷിണ കൊറിയ മത്സരം ആശുപത്രിക്കിടയ്ക്കയിൽനിന്നു കാണും എന്നാണ് ഫുട്ബോൾ ഇതിഹാസം പെലെ പ്രീക്വാർട്ടറിനു മുൻപ് പറഞ്ഞത്. 1958 ലോകകപ്പിനു മുന്നോടിയായി സ്വീഡനിലെ തെരുവിലൂടെ പതിനേഴുകാരനായ താൻ നടക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു പെലെയുടെ വാക്കുകൾ. ‘‘അന്നു ഞാൻ എന്റെ പിതാവിനോട് ഒരു വാഗ്ദാനം ചെയ്തു. അതേ വാഗ്ദാനം തന്നെയായിരിക്കും ഇപ്പോഴത്തെ ബ്രസീൽ ടീമിലെ എല്ലാവരും പ്രിയപ്പെട്ടവർക്കു നൽകിയിട്ടുണ്ടാവുക- ആദ്യ ലോകകപ്പ്!’’- പെലെയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട വാക്കുകൾ.

കൊറിയയ്ക്കെതിരെ ആദ്യ പകുതിയിൽ ബ്രസീൽ ടീമിന്റെ കളി കണ്ടെങ്കിൽ പെലെ ഓർമകളിലേക്കു തിരിച്ചു പോയിട്ടുണ്ടാകും- ജോഗോ ബൊണീറ്റോ ഫുട്ബോളിന്റെ ആ കാലത്തിലേക്ക്! ബ്യൂട്ടിഫുൾ ഗെയിം എന്ന അർഥത്തിൽ പെലെ തന്നെ പ്രചാരം നൽകിയ ജോഗോ ബൊണീറ്റോയുടെ പ്രദർശനമാണ് ദോഹയിലെ 974 സ്റ്റേഡിയത്തിൽ ബ്രസീൽ ടീം കാഴ്ച വച്ചത്. നൃത്തചലനങ്ങളോടെയുള്ള നീക്കങ്ങൾ. കയ്യടിച്ചു പോകുന്ന ഗോളുകൾ... ആദ്യ പകുതിയിൽത്തന്നെ 4 ഗോളിനു മുന്നിലെത്തി ബ്രസീൽ കളി തീർത്തു. രണ്ടാം പകുതിയിൽ കൊറിയ ഒന്നു തിരിച്ചടിച്ചെങ്കിലും 4-1 ജയത്തോടെ ബ്രസീൽ ക്വാർട്ടറിൽ.

ഫൈനൽ വിസിലിനു ശേഷം പെലെയുടെ ചിത്രമുള്ള ബാനർ ഉയർത്തി ബ്രസീൽ ടീം ഇതിഹാസതാരത്തിനു സ്നേഹാശംസ നേർന്നു. വെള്ളിയാഴ്ച നടക്കുന്ന ക്വാർട്ടറിൽ ബ്രസീലിന്റെ എതിരാളികൾ ക്രൊയേഷ്യ. അവസാന ഗ്രൂപ്പ് മത്സരത്തിൽ കാമറൂണിനെതിരെ വീണു പോയ ബ്രസീലിനെയല്ല ഇന്നലെ കണ്ടത്. പരുക്കു മാറി നെയ്മാർ തിരിച്ചെത്തിയതോടെ ബ്രസീലിന്റെ മുന്നേറ്റങ്ങൾക്ക് നൃത്തചലനം തിരികെ വന്നു. അടിവച്ചടിവച്ച് കൊറിയൻ ബോക്സിലേക്കു കയറിയ ബ്രസീൽ 7-ാം മിനിറ്റിൽ തന്നെ ആദ്യ ഗോളടിച്ചു.

വലതു വിങ്ങിൽ കൊറിയൻ ഡിഫൻഡർമാരുടെ സമ്മർദം മറികടന്ന് പന്ത് നിയന്ത്രിച്ചെടുത്ത റാഫിഞ്ഞ നൽകിയ ക്രോസ് നെയ്മാറിനു കിട്ടിയില്ലെങ്കിലും വന്നു വീണത് ബാക്ക് പോസ്റ്റിൽ മാർക്ക് ചെയ്യപ്പെടാതെ നിൽക്കുകയായിരുന്ന വിനീസ്യൂസിന്റെ കാൽക്കൽ. ഒട്ടും തിടുക്കമില്ലാതെ പന്തു നിയന്ത്രിച്ചെടുത്ത് വിനിസ്യൂസ് പന്ത് ഗോളിലേക്കു വിട്ടു. 13-ാം മിനിറ്റിൽ, ബോക്സിൽ റിച്ചാലിസണിനെ കൊറിയൻ ഡിഫൻഡർ വീഴ്ത്തിയതിന് ബ്രസീലിനു പെനൽറ്റി. നെയ്മാറിന്റെ കൂൾ കിക്കിൽ ബ്രസീൽ ലീഡുയർത്തി. മനോഹരമായ ഗോളുകൾക്കായുള്ള മത്സരമായി പിന്നെ.

29-ാം മിനിറ്റിൽ കൊറിയൻ ബോക്സിനു മുന്നിൽ പന്ത് അമ്മാനമാടി നിയന്ത്രിച്ച റിച്ചാലിസൺ തുടക്കമിട്ട നീക്കം രണ്ടു പാസുകൾക്കു ശേഷം ടോട്ടനം താരത്തിൽ തന്നെ തിരിച്ചെത്തി. ആദ്യ കളിയിൽ സെർബിയയ്ക്കെതിരെ നേടിയ അക്രോബാറ്റിക് ഗോളിനോടു കിടപിടിക്കുന്ന മറ്റൊരു ഗോൾ. ഇടവേളയ്ക്കു മുൻപു തന്നെ ബ്രസീൽ നാലാം ഗോളും നേടി. 36-ാം മിനിറ്റിൽ ഇടതു പാർശ്വത്തിൽ നിന്ന് വിനീസ്യൂസ് ഉയർത്തി വിട്ട പന്തിൽ ലൂക്കാസ് പാക്കറ്റയുടെ വോളി. രണ്ടാം പകുതിയിൽ ബ്രസീൽ വിജയാലസ്യത്തിലായതോടെ കൊറിയ ഒന്നു തിരിച്ചടിച്ചു. 76-ാം മിനിറ്റിൽ ഒരു ഫ്രീകിക്കിൽ നിന്നു കിട്ടിയ പന്തിൽ സ്യൂങ് ഹോ പൈക്കിന്റെ കിടിലൻ ഷോട്ട് ബ്രസീൽ ഗോൾകീപ്പർ ആലിസണിന് ഒരു അവസരവും നൽകിയില്ല. ബ്രസീലിന്റെ കളി കണ്ട് പ്രചോദിതരായതു പോലെ സുന്ദരമായ ഒരു ഗോൾ!

ബ്രസീൽ ജഴ്സിയിൽ നെയ്മാറിന് 76 ഗോളുകൾ

ബ്രസീൽ ജഴ്സിയിൽ നെയ്മാറിന് 76 ഗോളുകളായി. 77 ഗോളുകൾ പേരിലുള്ള ഇതിഹാസ താരം പെലെയുടെ തൊട്ടു പിന്നിൽ. ബ്രസീൽ ടീമിനു വേണ്ടി നെയ്മാർ നേടിയ കഴിഞ്ഞ 6 ഗോളുകളും പെനൽറ്റിയിലൂടെയായിരുന്നു. ലോകകപ്പിൽ തന്റെ 7-ാം ഗോളാണ് നെയ്മാർ നേടിയത്.

English Summary : Brazil thrashed South Korea in FIFA World Cup 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com