മെസ്സിക്ക് വാൻ ദെയ്ക്, എംബപ്പെയെ പൂട്ടാൻ വോക്കർ; കളി തിരിക്കാൻ മാസ് ഏറ്റുമുട്ടലുകൾ
Mail This Article
മൂന്നു വിജയങ്ങൾക്കപ്പുറം ലോകകിരീടം കാത്തിരിക്കുന്നുവെന്ന ആത്മവിശ്വാസത്തിന്റെയും സമ്മർദത്തിന്റെയും മധ്യത്തിലാണു ഖത്തറിൽ ഇനിയുള്ള പോരാട്ടങ്ങൾ. എട്ടു ടീമുകൾ നാലു ജീവൻമരണപ്പോരാട്ടങ്ങളുടെ മുൾമുനയിലേക്കിറങ്ങുന്ന ഘട്ടത്തിൽ കൃത്യമായ ആസൂത്രണവും കണിശമായ തന്ത്രങ്ങളുമില്ലാതെ ഒരു സംഘവും കളത്തിലെത്തില്ല. പക്ഷേ, ഇതു ഫുട്ബോളാണ്. മുൻവിധികൾ പാടില്ലാത്ത 90 മിനിറ്റും അതിന്റെ അധികസമയവും നിറഞ്ഞ നോക്കൗട്ട് ഘട്ടത്തിൽ പ്രവചിക്കാൻ നിന്നാൽ പിടിതരുന്നതല്ല കാര്യങ്ങൾ. ഖത്തറിലെ ക്വാർട്ടറിന്റെ കളത്തിലും പിറക്കും പ്രവചനങ്ങളും പ്രതീക്ഷകളും പാടേ തെറ്റിക്കുന്ന അടിയൊഴുക്കുകളും അട്ടിമറികളും. ബലാബലങ്ങളുടെ തിരക്കഥ തിരുത്താൻ പോന്ന ചില ഒറ്റയാൻ പോരാട്ടങ്ങൾക്കുകൂടി കളമൊരുങ്ങുന്നുണ്ട് ബ്രസീലും ക്രൊയേഷ്യയും മുതൽ ഫ്രാൻസും ഇംഗ്ലണ്ടും വരെ നീളുന്ന ഏറ്റുമുട്ടലുകളിൽ. ക്വാർട്ടർ ഫൈനൽ മത്സരങ്ങളുടെ വിധിതന്നെ നിർണയിക്കാൻ പോന്ന ചില ‘മാർക്വീ’ നേർക്കുനേർ പോരാട്ടങ്ങളിലൂടെ.