ബ്രസീലിനെ തോൽപിച്ച ഡാലിച്ചിന്റെ 19-ാം അടവ്; പാഠം- ‘ക്ഷമയ്ക്ക് ആട്ടിൻസൂപ്പിന്റെ ഫലം’!
Mail This Article
രണ്ടല്ല, മൂന്നും കൽപിച്ചുള്ള ചൂതാട്ടം. 100 കിട്ടാം. ഉറപ്പില്ല. പക്ഷേ 10 വയ്ക്കണം. നഷ്ടപ്പെടാൻ ഒന്നുമില്ലാത്ത ഡാലിച്ച് എക്സ്ട്രൈ ടൈമിന്റെ 2–ാം പാദത്തിൽ തന്ത്രങ്ങളുടെ കളത്തിലേക്ക് എടുത്തുവച്ചത് മിന്നും താരങ്ങളായ മാർസലോ ബ്രോസോവിച്ച്, ബോർനാ സോസ എന്നിവരെയാണ്. മോഹിപ്പിക്കുന്ന ഓഫറുകൾ വന്നാലും കണ്ണു മഞ്ഞളിക്കാതെ നോക്കണമെന്നു ടിറ്റെയും പറഞ്ഞിരിക്കാം, ഒറ്റ ഗോൾ ലീഡിൽ നിൽക്കുന്ന ബ്രസീലിനോട്. ഡാലിച്ച് വെട്ടിയ ഓതിരത്തിനു കടകം വെട്ടി സ്വന്തം ഹാഫിലേക്ക് വലിയുമ്പോൾ, കാനറിപ്പറ പ്രതീക്ഷിച്ചിരിക്കില്ല തന്ത്രങ്ങള്‍ക്കൊപ്പം മറ്റൊരു പൂഴിക്കടകൻ കൂടി അണിയറയിൽ ഒരുങ്ങുന്നുണ്ടെന്ന്. ഇതേ ചൂതാട്ടത്തിലുടക്കി, ഷൂട്ടൗട്ടിൽ അടി തെറ്റി വീണ് (4–2) കണ്ണീരോടെ ബ്രസീൽ മടങ്ങുമ്പോൾ ഡാലിച്ചിന്റെ മുഖത്ത് ലോകം കീഴടക്കിയവന്റെ ചിരിയുണ്ട്. ഡാലിച്ചിന്റെ ചിരിയും ‘ജോഗാ ബോണിറ്റോ’ എന്ന സുന്ദര ഫുട്ബോളിന്റെ വക്താക്കളായ ബ്രസീലിന് ഖത്തറിൽനിന്നുള്ള റിട്ടേൺ ടിക്കറ്റ് നൽകിയ ക്രോയേഷ്യയും നൽകുന്ന പാഠങ്ങൾ രണ്ടാണ്; അധ്വാനിച്ചാൽ ഫുട്ബോളിൽ ‘അസാധ്യമായി’ ഒന്നുമില്ല,അതുപോലെ ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യും!