ഗോളടിച്ച് ലെസ്കോ, ഡയമെന്റകോസ്, ജിയാനു; ബെംഗളൂരുവിനെ തകർത്ത് ബ്ലാസ്റ്റേഴ്സ് (3-2)
Mail This Article
കൊച്ചി∙ ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സിയെ തകര്‍ത്തുവിട്ട് കേരള ബ്ലാസ്റ്റേഴ്സ്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണു ബ്ലാസ്റ്റേഴ്സിന്റെ വിജയം. ജയത്തോടെ സീസണിലെ ആറാം വിജയവുമായി ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്കു കുതിച്ചു. ഒൻപതു മത്സരങ്ങൾ പൂർത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്സിന് 18 പോയിന്റുണ്ട്. ദിമിത്രിയോസ് ഡയമെന്റകോസാണു കളിയിലെ താരം.
ബ്ലാസ്റ്റേഴ്സിനായി ലെസ്കോവിച് (25–ാം മിനിറ്റ്), ഡയമെന്റകോസ് (43–ാം മിനിറ്റ്), അപ്പോസ്തലസ് ജിയാനു (75) എന്നിവരാണു ഗോളുകൾ നേടിയത്. സുനിൽ ഛേത്രിയും (14, പെനൽറ്റി), ജാവി ഹെർണാണ്ടസും (81) ബെംഗളൂരുവിനായി വല കുലുക്കി. മത്സരത്തിന്റെ ആദ്യ പകുതിയിൽ നിരവധി ഗോൾ അവസരങ്ങളാണ് ബ്ലാസ്റ്റേഴ്സിനു ലഭിച്ചത്. എന്നാൽ ആദ്യ ലീഡെടുത്തത് ബെംഗളൂരു എഫ്സി. വീണുകിട്ടിയ പെനൽറ്റി മുതലെടുത്താണ് ബെംഗളൂരു എഫ്സി മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. പന്തുമായി മുന്നേറിയ സുനിൽ ഛേത്രിയെ കേരള ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ പ്രഭ്സുഖൻ ഗിൽ ഫൗൾ ചെയ്തതിന് റഫറി പെനൽറ്റി വിധിച്ചു. ഛേത്രിയുടെ കിക്ക് ഗില്ലിനെ മറികടന്ന് പോസ്റ്റിന്റെ വലതു മൂലയിൽപതിച്ചു.
ഗോൾ വീണതോടെ മറുപടി നൽകാനുള്ള പരിശ്രമത്തിലായി ബ്ലാസ്റ്റേഴ്സ്. 23–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ ഡയമെന്റകോസിനെ ഫൗൾ ചെയ്തതിന് സന്ദേശ് ജിങ്കാന് യെല്ലോ കാർഡ് കിട്ടി. ഫ്രീകിക്കെടുത്ത അഡ്രിയൻ ലൂണയുടെ തകർപ്പൻ ഷോട്ട് പോസ്റ്റിൽ തട്ടിതെറിച്ചു. പിന്നാലെ പാസിലൂടെ പന്തു നേടിയെടുത്ത പ്രതിരോധ താരം ലെസ്കോവിച്ച് പോസ്റ്റിനു തൊട്ടുമുന്നിൽനിന്ന് പന്ത് വലയിലെത്തിച്ചു. പന്ത് പിടിച്ചെടുക്കാന്‍ ബെംഗളൂരു ഗോൾ കീപ്പർ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. സ്കോർ 1–1.
ആദ്യ പകുതി സമനിലയിലാകുമെന്ന് കരുതുന്നതിനിടെയാണ് 43–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ആദ്യമായി ലീഡെടുത്തത്. അഡ്രിയാൻ ലൂണയുടെ തകർപ്പനൊരു ക്രോസ്, ക്ലോസ് റേഞ്ചിൽ നിൽക്കുകയായിരുന്ന ഡയമെന്റകോസിനു ലഭിച്ചു. പിഴവുകളില്ലാതെ താരം ലക്ഷ്യം കണ്ടു. സ്കോർ 2–1. രണ്ടാം പകുതിയുടെ തുടക്കത്തിൽ ബെംഗളൂരു സമനില ഗോളിനായി തുടർ ആക്രമണങ്ങൾ നടത്തിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. പകരക്കാരനായി ഇറങ്ങി തൊട്ടടുത്ത മിനിറ്റിൽ തന്നെ അപ്പോസ്തലസ് ജിയാനു ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോൾ നേടി. ദിമിത്രിയോസ് ഡയമെന്റകോസിന്റെ ത്രൂബോളിൽ ബെംഗളൂരു ഗോൾ കീപ്പറെ കബളിപ്പിച്ചു മുന്നേറിയ ജിയാനു പന്ത് വലയിലേക്കു തട്ടിയിട്ടു.
81–ാം മിനിറ്റിലായിരുന്നു ബെംഗളൂരുവിന്റെ രണ്ടാം ഗോൾ. ലക്ഷ്യം കണ്ടത് ജാവി ഹെർണാണ്ടസ്. സീസണിലെ ആറാം തോൽവി വഴങ്ങിയ ബെംഗളൂരു ഏഴു പോയിന്റുമായി ഒൻപതാം സ്ഥാനത്താണ്. 19ന് ചെന്നൈയിൻ എഫ്സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പോരാട്ടം.
English Summary: Kerala Blasters FC vs Bengaluru FC Indian Super League Update