മെസ്സിക്കൊപ്പം കുതിച്ചോടിയ 16 വർഷം: ഒരൊറ്റ മോഡ്രിച്ച്; ക്രൊയേഷ്യയ്ക്ക് മെസ്സിയോളം പോന്നവൻ
Mail This Article
ഡിസംബർ 14, 2022: ലുസെയ്ൽ സ്റ്റേഡിയത്തിൽ ഖത്തർ ലോകകപ്പിലെ ആദ്യ സെമിക്കായി ഇരുവരും വീണ്ടും മുഖാമുഖം നിൽക്കുന്നു. 16 ഫുട്ബോൾ വർഷങ്ങളാണ് ഇതിനിടെ കടന്നുപോയത്. രണ്ടുപേരുടെയും ഇടംകയ്യിൽ ക്യാപ്റ്റൻസ് ബാൻഡിന്റെ തിളക്കം. കാമിയോ റോളുകൾ ആടിത്തിമിർക്കുന്ന പോസ്റ്റർ ബോയ്‌സിൽനിന്ന് ഒരു നാടിന്റെ തലപ്പൊക്കത്തിൽ എത്തി നിൽക്കുന്ന 2 താരങ്ങൾ. മെസ്സി അർജന്റീനയുടെ അത്മാവെങ്കിൽ ക്രോയേഷ്യയുടെ ജീവനാഡിയാണു മോഡ്രിച്ച്. 40 ലക്ഷം മാത്രം ജനസംഖ്യയുള്ള ക്രൊയേഷ്യ എന്ന കൊച്ചുരാജ്യത്തിലെ ഫുട്ബോൾ ആരാധകർക്ക് മെസ്സിയോളംതന്നെ വലിയവൻ. ഒരേ കാലഘട്ടത്തിൽ പന്തുതട്ടി, എൽ ക്ലാസിക്കോ എന്ന താരപ്പോരിൽ ബാർസിലോനയ്ക്കും റയൽ മഡ്രിഡിനുമായി കൊണ്ടും കൊടുത്തും നിവർന്നുനിന്ന 2 പേരുകള്‍; മെസ്സിയും മോഡ്രിച്ചും. ലോകകപ്പ് സെമിയിലെ കിക്കോഫിനു മുൻപുള്ള ഇരുവരുടെയും ഹസ്തദാനവും ആലിംഗനവും കാണാൻ സാധിച്ചവർ ഭാഗ്യശാലികളാണ്. കാരണം ലോക ഫുട്ബോളിൽ ഇത്തരത്തിലൊരു നിമിഷം ഇനി ഉണ്ടായേക്കില്ല.