ഐഎസ്എലിൽ 'ബോക്സിങ്' പോരാട്ടം; ബ്ലാസ്റ്റേഴ്സിന് മുന്നിൽ കട്ടയ്ക്ക് നിൽക്കാൻ ഒഡിഷ
Mail This Article
കൊച്ചി∙ രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ‘സ്വന്തം നാട്ടിൽ’ ക്രിസ്മസ് ആഘോഷിക്കുന്ന ബ്ലാസ്റ്റേഴ്സിനു ‘മെറി ക്രിസ്മസ്’ നേരുകയാണ് ഫുട്ബോൾ കേരളം. ആശംസകൾ കൊണ്ട് ഇന്നു വുക്കൊമനോവിച്ചിന്റെയും സംഘത്തിന്റെയും മനസ്സ് നിറയ്ക്കുന്നതിനൊപ്പം നാളെ, ക്രിസ്മസ് സമ്മാനപ്പെട്ടികൾ തുറക്കുന്ന ബോക്സിങ് ദിനത്തിൽ, അവരൊരു സമ്മാനവും പ്രതീക്ഷിക്കുന്നുണ്ട്. ഐഎസ്എലിൽ ഒഡീഷ എഫ്സിക്കെതിരെ സ്വന്തം മൈതാനത്തൊരു വിജയവിരുന്ന്. കിക്കോഫ് നാളെ രാത്രി 7.30ന്.
∙ ഒപ്പം ഒപ്പത്തിനൊപ്പം
ഈ സീസണിൽ ഇരുടീമുകളുടെയും രണ്ടാമത്തെ കണ്ടുമുട്ടലിനാണു കലൂരിൽ കളമൊരുങ്ങുക. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന ആദ്യ അങ്കത്തിൽ ഒഡീഷയായിരുന്നു ജേതാക്കൾ. 2–1 ന്റെ വീറുറ്റ ജയം. നാളെ കൊച്ചിയിലിറങ്ങുന്ന ബ്ലാസ്റ്റേഴ്സ് പക്ഷേ, പഴയ ബ്ലാസ്റ്റേഴ്സല്ല. തുടർച്ചയായി 6 കളികളിൽ പരാജയം എന്തെന്നറിയാത്ത കുതിപ്പിന്റെ ചങ്കുറപ്പിലാണു ബ്ലാസ്റ്റേഴ്സിന്റെ വരവ്. ഒഡീഷ പക്ഷേ, പഴയ ഒഡീഷ തന്നെ. 10 കളികളിൽ നിന്നു 19 പോയിന്റുമായാണ് ഒഡീഷ എത്തുന്നത്. ബ്ലാസ്റ്റേഴ്സിനുള്ളതും 10 കളികളിൽ നിന്നു 19 പോയിന്റ്. പാതിദൂരം പിന്നിടുന്ന സൂപ്പർ ലീഗിൽ കട്ടയ്ക്കു നിൽക്കുന്ന രണ്ടു ടീമുകളുടേതാണ് നാളത്തെ പോരാട്ടം. ഇതിനു മുൻപുള്ള മത്സരത്തിൽ സമനില കണ്ടുമടങ്ങിയ കാര്യത്തിൽപ്പോലും ഒപ്പത്തിനൊപ്പം നിൽക്കുന്നുണ്ട് ഇരുടീമുകളുടെയും ബലാബലം. ബ്ലാസ്റ്റേഴ്സിനെ ചെന്നൈയിൻ എഫ്സി 1–1 നു സമനിലയിൽ തളച്ചപ്പോൾ എടികെ മോഹൻ ബഗാനെതിരെ ഗോൾരഹിതമായിരുന്നു ഒഡീഷയുടെ പൂട്ട്.
∙ മാറ്റത്തിന്റെ ബ്ലാസ്റ്റ്
ജയം കണ്ടു പോയിന്റ് പട്ടികയിൽ ആദ്യ നാലിലേക്കു മുന്നേറാനാകും ഇരുടീമുകളുടെയും ലക്ഷ്യം. കരുത്തിന്റെ കാര്യത്തിലെ സമനില പൊട്ടിക്കാൻ ഇവാൻ വുക്കൊമനോവിച്ച് പ്രതീക്ഷ വയ്ക്കുക ബ്ലാസ്റ്റേഴ്സിന്റെ മധ്യത്തിലാകും. ഒഡീഷ ആദ്യ മത്സരത്തിൽ കണ്ട മധ്യനിരയാകില്ല കൊച്ചിയിൽ അവരുടെ ഫൈനൽ തേഡിലേക്ക് ഇരച്ചുകയറുക. അഡ്രിയാൻ ലൂണയും ഇവാൻ കല്യൂഷ്നിയും ചേരുന്ന ഇരട്ടക്കുഴലിലൂടെ ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിലേയ്ക്കുള്ള വെടിയുണ്ടകൾ വർഷിക്കും. ഗോളടി ഒരു ശീലമാക്കിയ ഗ്രീക്ക് ഫൈറ്റർ ദിമിത്രിയോസ് ഡയമന്റകോസ് അത് എതിരാളികളുടെ കഥ കഴിച്ചെന്ന് ഉറപ്പുവരുത്തും. ദിമിത്രിക്കു പിഴച്ചാൽ മലയാളിപ്പയ്യൻ സഹൽ അബ്ദുൽ സമദ് ആ ദൗത്യം ഏറ്റെടുക്കും– ഇതാണു കഴിഞ്ഞ 6 മത്സരങ്ങളിൽ നിന്നു 16 പോയിന്റ് നേടിയെടുത്ത ബ്ലാസ്റ്റേഴ്സിന്റെ വിജയമന്ത്രം. പെഡ്രോ മാർട്ടിനും ഡിയേഗോ മൗറിഷ്യോയും നയിക്കുന്ന മുന്നേറ്റനിരയിലാകും ഒഡീഷ കോച്ച് ഹോസെപ് ഗോംബാവുവിന്റെ കണ്ണുകൾ. എന്നാൽ, കലിംഗയിൽ തല കുനിച്ച പ്രതിരോധമാകില്ല കലൂരിൽ അവരെ നേരിടാനായി കാത്തിരിക്കുന്നത് എന്നതും ഗോംബാവുവിന്റെ മനസ്സിലുണ്ടാകും.
Content Highlight: Kerala Blasters vs Odisha Fc