ടിറ്റെയ്ക്കു പകരം ഫ്രഞ്ച് ഇതിഹാസം വരുമോ? സിദാനെ പരിശീലകനാക്കാൻ ബ്രസീൽ
Mail This Article
റിയോ∙ ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനൽ തോൽവിക്കു പിന്നാലെ സ്ഥാനമൊഴിഞ്ഞ ടിറ്റെയ്ക്കു പകരം പുതിയ പരിശീലകനെ തേടി ബ്രസീൽ ടീം. ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാനെ പരിശീലകനായി ബ്രസീലിലെത്തിക്കാനാണു ശ്രമം. റയൽ മഡ്രിഡ് പരിശീലകനായിരുന്ന സിദാൻ ഇപ്പോൾ ഒരു ടീമിനെയും പരിശീലിപ്പിക്കുന്നില്ല. ഒരു ഫ്രഞ്ച് മാധ്യമമാണ് ബ്രസീൽ ഫുട്ബോൾ ടീമിന്റെ നീക്കത്തെക്കുറിച്ചു റിപ്പോർട്ട് ചെയ്തത്. കാർലോ ആൻസെലോട്ടി, മൗറീഷ്യോ പൊച്ചെറ്റിനോ, ഹോസെ മൗറീന്യോ, തോമസ് ടുഹേൽ, റാഫേൽ ബെനിറ്റസ് എന്നിവരെയും ബ്രസീൽ പരിശീലക സ്ഥാനത്തേക്കു പരിഗണിച്ചിരുന്നു.
ഖത്തർ ലോകകപ്പിലും അതിനു മുൻപു നടന്ന റഷ്യൻ ലോകകപ്പിലും ബ്രസീലിന് ക്വാർട്ടർ ഫൈനൽ കടക്കാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് അവർ ഒരു വിദേശ പരിശീലകനെ സമീപിക്കാൻ തീരുമാനിച്ചത്. 2002 ലെ ലോകകപ്പ് വിജയത്തിനു ശേഷം 2014ൽ മാത്രമാണ് ബ്രസീലിന് അവസാന നാലിൽ എത്താൻ സാധിച്ചത്. 2021 മേയിൽ റയൽ മഡ്രിഡ് വിട്ട സിദാൻ ഫ്രീ ഏജന്റായി തുടരുകയാണ്.
2012 മുതൽ ഫ്രാൻസ് ദേശീയ ടീമിനെ പരിശീലിപ്പിക്കുന്ന ദിദിയെ ദെഷാംസ് സ്ഥാനമൊഴിഞ്ഞാൽ പകരക്കാരനായി സിദാൻ എത്തുമെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. എറിക് ടെൻ ഹാഗിനെ പരിശീലകനാക്കുന്നതിനു മുൻപ് മാഞ്ചസ്റ്റർ യുണൈറ്റഡ് സിദാനുമായി ചർച്ചകൾ നടത്തിയിരുന്നു. പരിശീലകനെന്ന നിലയിൽ റയൽ മഡ്രിഡിനൊപ്പം മൂന്ന് ചാംപ്യൻസ് ലീഗ് കിരീടങ്ങളും രണ്ട് ലാലിഗ കിരീടങ്ങളും സിദാൻ വിജയിച്ചിട്ടുണ്ട്.
English Summary: Brazil considering Zinedine Zidane for head coach job: Report