‘‘ബലോൻ ദ് ഓർ മെസ്സിക്കു തന്നെ; ഏറ്റവും മികച്ച താരം, ഒരുമിച്ചു കളിക്കുന്നതു സ്വപ്നം’’
Mail This Article
ബാർസിലോന∙ അടുത്ത ബലോൻ ദ് ഓര്‍ പുരസ്‌കാരത്തിന് അർജന്റീന സൂപ്പര്‍ താരം ലയണല്‍ മെസി തന്നെ അര്‍ഹനാകുമെന്ന് പോളണ്ട് താരം റോബോര്‍ട്ട് ലെവന്‍ഡോവ്സ്‌കി. ഖത്തര്‍ ലോകകപ്പ് നേടിയതോടെ മെസിയുടെ സാധ്യതകള്‍ ഇരട്ടിയായെന്നും താരം പറഞ്ഞു. പുരസ്‌കാര സാധ്യതകളെപ്പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കവെയാണ് ലെവന്‍ഡോവ്സ്‌കി അഭിപ്രായവുമായി രംഗത്തെത്തിയത്. ലോകകപ്പ് അര്‍ജന്റീന നേടുമെന്ന് തനിക്ക് ഉറപ്പായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘‘വിരമിക്കുന്നതിനു മുൻപു മെസിയുമൊത്ത് കളിക്കാന്‍ താല്‍പര്യമുണ്ട്. അദ്ദേഹം ഫുട്ബോളില്‍ എല്ലാം നേടിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച താരമാണയാള്‍. ഏതൊരു സ്ട്രൈക്കറും മെസ്സിക്കൊപ്പം കളിക്കുന്നതു സ്വപ്നം കാണും. കാരണം നമുക്ക് സ്കോർ ചെയ്യാൻ സാധിക്കുന്ന ഇടത്തേക്കു പാസ് നൽകുന്ന താരമാണ് അദ്ദേഹം. ഖത്തറില്‍ സൗദി അറേബ്യയ്ക്കെതിരായ ആദ്യ മത്സരത്തില്‍ തോറ്റപ്പോഴും അവര്‍ തന്നെ കപ്പുയര്‍ത്തുമെന്ന് ഉറപ്പായിരുന്നു. ലോകകപ്പ് കിരീട നേട്ടം അദ്ദേഹം ആസ്വദിക്കുകയാണ്’’– ലെവന്‍ഡോവ്‌സ്‌കി പറഞ്ഞു.
ലോകകപ്പിന് മുന്‍പ് ഈ സീസണില്‍ 19 മത്സരങ്ങളില്‍ നിന്ന് 12 ഗോളുകളും 14 അസിസ്റ്റുകളുമുള്ള മെസി പുരസ്‌കാര സാധ്യതാ പട്ടികയില്‍ ഒന്നാമതായുണ്ട്. ഫ്രാന്‍സ് താരം കിലിയന്‍ എംബപ്പെക്കും സാധ്യത കല്‍പ്പിക്കുന്നുണ്ട്. ക്ലബ് തലത്തില്‍ പിഎസ്‌ജിക്ക് വേണ്ടി മികച്ച ഫോമിലുള്ള മെസി ലോകകപ്പ് നേട്ടത്തോടെ തന്റെ സാധ്യത വര്‍ധിപ്പിച്ചു. നിലവില്‍ ഏഴ് തവണ ബലോൻ ദ് ഓര്‍ നേടിയ മെസി തന്നെയാണ് കൂടുതല്‍ തവണ പുരസ്കാരം സ്വന്തമാക്കിയ താരവും.
ഖത്തര്‍ ലോകകപ്പില്‍ ഒരേ ഗ്രൂപ്പിലായിരുന്നു അര്‍ജന്‍റീനയും പോളണ്ടും. അവസാന ഗ്രൂപ്പ് മല്‍സരത്തിന് ശേഷം മെസിയും ലെവന്‍ഡോവ്സ്കിയും സംസാരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 2021ലാണ് ബാഴ്സ വിട്ട് മെസി ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലേക്കു ചേക്കേറിയത്.
English Summary: Robert Lewandowski claims 'any striker would dream of playing with Lionel Messi'