ADVERTISEMENT

എന്റെ ക്രെഡിറ്റ് കാർഡ് കാണുമ്പോൾ ഞാൻ ഒരാളല്ല, രണ്ടു വ്യക്തികളാണെന്ന് എനിക്കു തോന്നും. ഒരു ഭാഗത്ത് പെലെ എന്ന ഒപ്പും പ്രശസ്തമായ എന്റെ സിസർ കട്ടിന്റെ ചിത്രവും. മറുഭാഗത്ത് എ‍ഡ്സൺ അരാന്റസ് ഡോ നാസിമെന്റോ എന്ന സാധാരണക്കാരനായ ബ്രസീലുകാരനും അയാളുടെ ഒപ്പും..’ മാസ്റ്റർ കാർഡിന്റെ ബ്രാൻ‍ഡ് അംബസാഡറെന്ന നിലയിൽ കമ്പനി തനിക്കു സമ്മാനിച്ച ക്രെഡിറ്റ് കാർഡിനെക്കുറിച്ച് പെലെ പറഞ്ഞതാണിത്. പെലെയുടെ ജീവിതവും ഇങ്ങനെ ഒരു ‘കാർഡിന്റെ രണ്ടു വശങ്ങളാണ്’. എഡ്സൺ എന്ന പാവപ്പെട്ടവനായ ബ്രസീലുകാരൻ പയ്യനിൽ നിന്ന്, പെലെ എന്ന ലോകത്തേറ്റവും ബ്രാൻഡ് മൂല്യമുള്ള പേരിലേക്കുള്ള പ്രയാണം.

പെലെ പാക്ട്

പെലെയുടെ  ബ്രാൻഡ് മൂല്യം ആദ്യം തിരിച്ചറിഞ്ഞ കമ്പനികൾ സ്പോർ‌ട്സ് നിർമാതാക്കളായ അഡിഡാസും പ്യൂമയുമാണ്. പക്ഷേ വിപണിയിലെ ഒന്നാമൻമാരാകാനുള്ള കടുത്ത മത്സരത്തിനിടയിലും പെലെയുമായി കരാർ ഒപ്പു വയ്ക്കാൻ അവർ മടിച്ചു. കാരണം മറ്റൊന്നുമല്ല: സാമ്പത്തികം!  അതീവ തന്ത്രപരമായ ഒരു കാര്യമാണ് അതോടെ രണ്ടു കമ്പനികളും ചെയ്തത്. അവർ രഹസ്യമായി ഒരു ഉടമ്പടി ഒപ്പുവച്ചു. ‘പെലെയുമായി രണ്ടു കൂട്ടരും ഒപ്പു വയ്ക്കരുത്!’. ‘പെലെ പാക്ട്’ എന്നാണ് മാർക്കറ്റിങ്ങിലെ ഈ അതിബുദ്ധി പിന്നീട് അറിയപ്പെട്ടത്.

പ്യൂമയുടെ ബുദ്ധി

രണ്ടു കമ്പനികളും ‘പെലെ പാക്ട്’ പിന്തുടർന്നതിനാൽ 1970 മെക്സിക്കോ ലോകപ്പിൽ ‘സ്റ്റൈലോ’ എന്ന ബ്രിട്ടിഷ് കമ്പനിയുടെ ബൂട്ടണിഞ്ഞാണ് പെലെ കളിക്കാനെത്തിയത്. ആദ്യമായി കളർ ടെലിവിഷനിൽ സംപ്രേഷണം ചെയ്ത ലോകകപ്പായിരുന്നു അത്. പെലെയ്ക്കു കിട്ടുന്ന  മാധ്യമശ്രദ്ധ പ്യൂമ കമ്പനിയുടെ മനസ്സിളക്കി. കമ്പനിയുടെ പ്രതിനിധി  ഹാൻസ് ഹെന്നിങ്സൻ അതീവരഹസ്യമായി പെലെയെ സമീപിച്ചു. പ്യൂമയുമായി കരാർ ഒപ്പിടാൻ 25,000 ഡോളർ നൽകി. മറ്റൊരു കാര്യവും ഹെന്നിങ്സൻ പെലെയോട് ആവശ്യപ്പെട്ടു. പെറുവിനെതിരെ ക്വാർട്ടർ ഫൈനൽ കിക്കോഫിനു മുൻപ് റഫറിയോട് സമയം ചോദിച്ച് ബൂട്ടിന്റെ ലേസ് കെട്ടണം. പെലെ അതു ചെയ്തു. മധ്യവരയ്ക്കടുത്ത് ലെയ്സ് കെട്ടാനായി പെലെ കുനിഞ്ഞിരുന്നപ്പോൾ ലോകമെങ്ങുമുള്ള ക്യാമറകൾ പെലെയുടെ ബൂട്സിലേക്ക് സൂം ചെയ്തു– പ്യൂമ! കിങ് പെലെ എന്ന പേരിൽ പുറത്തിറക്കിയ പ്യൂമയുടെ ഷൂസിന്റെ വിൽപന 300 ശതമാനത്തിലേറെ വർധിച്ചു.

കോക്ക കോള, പെലെ..

എഴുപതുകളിൽ യൂറോപ്പിലെ ഏറ്റവും പരിചിതമായ രണ്ടാമത്തെ ബ്രാൻഡ‍് നെയിം ആയിരുന്നു പെലെ. ഒന്നാമത് കോക്ക കോള! എന്നാൽ ഫുട്ബോളർ എന്ന നിലയിലുള്ള തന്റെ ബ്രില്യൻസ് അതു പോലെ ബിസിനസിലേക്കു മാറ്റാൻ അക്കാലത്ത് പെലെയ്ക്കു കഴിഞ്ഞില്ല. ‘കഫെ പെലെ’ എന്ന പേരിൽ കോഫി ഉൽപന്നങ്ങൾ വിൽക്കാനുള്ള ഒരു കരാറിൽ പെലെ ഒപ്പു വച്ചെങ്കിലും അതിൽനിന്നു വലിയ ലാഭമൊന്നുമുണ്ടായില്ല. 

 എന്നാൽ പിൽക്കാലത്ത് മാസ്റ്റർ കാർഡ്, ഹുബ്ലോട്ട്, ഫോക്സ്‌വാഗൻ, സബ്‌വേ, എമിറേറ്റ്സ്, സന്റാന്റർ തുടങ്ങിയ കമ്പനികളുടെയെല്ലാം ബ്രാൻഡ് അംബാസഡറായതോടെ പെലെയുടെ വരുമാനം കുതിച്ചുയർന്നു. 

പെലെ എഫ്സി!

ഫുട്ബോളുമായി ബന്ധപ്പെട്ട എന്തും പെലെയുടെ പേരിട്ടാൽ പ്രശസ്തമായിക്കൊള്ളും എന്നത് ലോകത്തെല്ലായിടത്തും അംഗീകരിക്കപ്പെട്ട കാര്യമാണ്.  കരീബിയൻ ദ്വീപായ ഗയാനയിലെ പ്രധാന ക്ലബ്ബുകളിലൊന്നിന്റെ പേര് പെലെ എഫ്സി എന്നാണ്. 1971ൽ പെലെ വിരമിച്ച അതേ വർഷം തന്നെയാണ് ക്ലബ് സ്ഥാപിക്കപ്പെട്ടത്. റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ എഫ്സി പെലെ എന്നൊരു ക്ലബ്ബുമുണ്ട്. ദക്ഷിണാഫ്രിക്കയിലെ ഒരു ഫുട്ബോൾ ക്ലബ്ബിന്റെ പേര് പെലെ പെലെ എന്നാണ്. ന്യൂഡൽഹിയിലെ ഭാരത് രസായൻ ലിമിറ്റഡ് നിർമിക്കുന്ന കീടനാശിനിയുടെ പേര് പെലെ എന്നാണ്. ഇതിഹാസ താരത്തിന്റെ പേരിലായിരിക്കില്ല അവരതു സ്വീകരിച്ചത് എന്നു സമാധാനിക്കാം!

 

ബ്രസീലിയൻ തെരുവു ചിത്രകാരനായ ലൂയിസ് ബുയേനോ ഒരു ചിത്രപരമ്പര പുറത്തിറക്കി– ‘പെലെ– ദ് കിസ്സർ’. 1977ൽ ന്യൂയോർക്ക് കോസ്മോസിനു വേണ്ടിയുള്ള അവസാന മത്സരത്തിനു ശേഷം പെലെ ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയെ ചുംബിക്കുന്ന ചിത്രമായിരുന്നു ബുയേനോയ്ക്കു പ്രചോദനം. ബുയേനോ ആ ചിത്രത്തിൽ നിന്ന് അലിയെ എഡിറ്റ് ചെയ്തു നീക്കി. പകരം മൊണാലിസ, മർലിൻ മൺറോ, ബോബ് മാർലി, ജോൺ ലെനൻ, സാൽവദോർ ദാലി, ബോബ് ഡിലൻ എന്നിവരെയെല്ലാം വരച്ചു ചേർത്തു! 

English Summary: The first companies to recognize Pele's brand value were sports manufacturers Adidas and Puma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com