സാന്റോസിന്റെ ഹൃദയഭൂമിയിൽ നിത്യനിദ്ര; പൊതുദർശനം തിങ്കളാഴ്ചയും ചൊവ്വാഴ്ചയും, സംസ്കാരം ചൊവ്വാഴ്ച
Mail This Article
സാന്റോസ് ഫുട്ബോൾ ക്ലബ് പെലെയുടെ ഹൃദയമായിരുന്നു. ലോകത്തിന്റെ ഇതിഹാസതാരമാകും മുൻപ് ആദ്യമായി പന്തു തട്ടിയ ക്ലബ്. ആ മണ്ണിൽത്തന്നെയാണ് പെലെയുടെ പ്രഫഷനൽ കരിയറിനു ഫൈനൽ വിസിൽ മുഴങ്ങിയതും. 1977ൽ ആയിരുന്നു അവസാന മത്സരം. അപ്പോൾ പെലെ കളിച്ചിരുന്ന ന്യൂയോർക്ക് കോസ്മോസ് ക്ലബ്ബും സാന്റോസും തമ്മിലായിരുന്നു വിടവാങ്ങൽ മത്സരം. ആദ്യ പകുതിയിൽ കോസ്മോസിനൊപ്പവും ഇടവേളയ്ക്കു ശേഷം സാന്റോസിനായും പെലെ ബൂട്ടണിഞ്ഞു. ഒരിക്കൽക്കൂടി പെലെ സാന്റോസിന്റെ മണ്ണിലെത്തും. ഫുട്ബോൾ ചരിത്രത്തിലെ അനശ്വര നക്ഷത്രമാകാൻ നിത്യനിദ്രയിലേക്കു യാത്ര തുടങ്ങും മുൻപ് അവസാനമായി ഈ നാടിന്റെയും നാട്ടുകാരുടെയും ആദരം ഏറ്റുവാങ്ങാൻ.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി പെലെയുടെ ചരമശുശ്രൂഷകൾ നടക്കുന്നത് അദ്ദേഹം 15–ാം വയസ്സു മുതൽ കളിച്ചുവളർന്ന സ്റ്റേഡിയത്തിലാണ്. ഇതിഹാസതാരത്തിന്റെ വിയോഗം അടുത്തെത്തിയെന്ന് സൂചനകൾ ലഭിച്ചതോടെ അന്ത്യോപചാരത്തിന് സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ നടക്കുകയായിരുന്നു. പെലെയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റൈൻ ആശുപത്രിയിൽനിന്ന് 80 കിലോമീറ്റർ അകലെയുള്ള സാന്റോസിലേക്ക് തിങ്കളാഴ്ച പുലർച്ചെ പുറപ്പെടും. വിലാ ബെൽമിറോ സ്റ്റേഡിയത്തിലാണ് പൊതുദർശനത്തിന്റെ വേദിയൊരുക്കുക. പ്രാദേശിക സമയം രാവിലെ 10 മുതൽ 24 മണിക്കൂർ പൊതുദർശനം തുടരുമെന്നാണ് വിവരം.
സാന്റോസ് നഗരത്തിൽ, പെലെയുടെ മാതാവ് സെലെസ്തെയുടെ വീട് ഉൾപ്പെടെ, ഇതിഹാസതാരത്തിന്റെ പാദമുദ്രകൾ പതിഞ്ഞ വീഥികളിലൂടെ വിലാപയാത്ര കൊണ്ടുപോകാൻ ആലോചനകൾ നടക്കുന്നുണ്ട്. 100 വയസ്സുള്ള സെലെസ്തെ വാർധക്യസഹജമായ അവശതകളാൽ കിടപ്പിലാണ്.
സാന്റോസിലെ മെമ്മോറിയൽ നെക്രോപൊലി എക്യുമീനിയ സെമിത്തേരിയിൽ ഇളയ സഹോദരൻ സോക്കയുടെയും മകൾ സാന്ദ്രയുടെയും കബറിടങ്ങൾക്കു സമീപമാണ് പെലെയ്ക്കും അന്ത്യവിശ്രമം ഒരുക്കുന്നത്. അന്തിമ ചടങ്ങുകളിൽ കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുക്കുക. എന്നാൽ, യാത്രാമൊഴികൾ അവിടെയും അവസാനിക്കുന്നില്ല. ലോകകപ്പ് ട്രോഫിക്കു പെലെയുടെ പേരു നൽകണമെന്ന് ഒട്ടേറെ ആരാധകർ ഫിഫയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. അതു സംഭവിച്ചാൽ, ഫുട്ബോൾ ലോകം കണ്ട ഏറ്റവും മഹാനായ താരത്തിന്റെ നാമം കാൽപന്തു കളിയുള്ള കാലത്തോളം അനശ്വരമായി തുടരും.
പെലെയ്‌ക്ക് ലഭിച്ച അംഗീകാരങ്ങൾ
∙യുനീസെഫിന്റെ വിശ്വപൗരൻ (1977)
∙ ബ്രിട്ടിഷ് പ്രഭു പദവി (1997)
∙ബ്രസീൽ സർക്കാരിന്റെ സ്വർണ മെഡൽ
∙രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ നൂറ്റാണ്ടിലെ മികച്ച അത്‌ലീറ്റ് (1999)
∙ലോറസ് ലോക സ്‌പോർട്‌സ് അവാർഡിന്റെ ആജീവനാന്ത പുരസ്‌കാരം (2000)
∙സൗത്ത് അമേരിക്കൻ ഫുട്‌ബോളർ ഓഫ് ദ് ഇയർ (1973)
∙ ഫിഫയുടെ നൂറ്റാണ്ടിന്റെ ലോക ഫുട്‌ബോൾ താരം പുരസ്കാരം (2000)
∙ പ്രശസ്‌ത ഫുട്‌ബോൾ മാസികയായ വേൾഡ് സോക്കറിന്റെ വായനക്കാർ നൂറ്റാണ്ടിന്റെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തത് പെലെയെ (1999)
∙ ഒരു വിഡിയോ ഗെയിമിൽ ആദ്യമായി കഥാപാത്രമാകുന്ന കായിക താരം പെലെയാണ് (1977)
നമ്മുടെ ജീവിതം ഇതല്ല. ഇവിടെ നടക്കുന്നതെല്ലാം വെറും കളിയാണ്. മാഞ്ഞും മറഞ്ഞും പോകുന്നവ. വരും തലമുറകൾക്കുവേണ്ടി ഞാൻ എന്തു സംഭാവന ചെയ്യുന്നു എന്നതാണ് പ്രധാനം
പെലെ
14
നാലു ലോകകപ്പുകളിൽ (1958, 62, 66, 70) ബ്രസീൽ ടീമിൽ അംഗമായിരുന്ന പെലെ കളിച്ചത് 14 ലോകകപ്പ് മത്സരങ്ങളിൽ. നേടിയത് 12 ഗോളുകളും
English summary: Pele- Eternal sleep in the heartland of Santos writes Milan Sime Martinich