പെലെയുടെ കാലും ബ്രസീലിന്റെ കാലവും; ജീവിതാന്ത്യം വരെ സൂപ്പർ താരം
Mail This Article
ഉയരങ്ങളിൽ പലരും എത്തിയേക്കാം; പക്ഷേ അവിടെത്തന്നെ തുടരുന്നവർ അപൂർവം. ജീവിതാവസാനം വരെ അങ്ങനെ തുടർന്നു എന്നതാണ് പെലെയെ അനശ്വരനാക്കുന്നത്. ബ്രസീലിൽത്തന്നെ പെലെയുമായി പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസങ്ങൾ ഉള്ളവരുണ്ട്. പെലെയെക്കാൾ മികച്ച താരമായി ഗരിഞ്ചയെ പരിഗണിക്കുന്നവരുമുണ്ട്. എന്നാൽ, ഫുട്ബോൾ സംബന്ധിച്ച ഒരു ചർച്ചയിൽ അവർക്കു പോലും പെലെ എന്ന നാമം ഉച്ചരിക്കാതിരിക്കാനാവില്ല. കളിക്കളത്തിൽ തന്റെ മികവ് അടയാളപ്പെടുത്തിയതു പോലെത്തന്നെ പ്രകടമായി ബ്രസീലിയൻ സംസ്കാരത്തിലും ഫുട്ബോൾ ചരിത്രത്തിലും പെലെ തന്റെ പേരു ചേർത്തു.
പെലെ ബ്രസീലിന്റെയും ഫുട്ബോളിന്റെയും പര്യായമായിത്തീർന്നതിന് കാരണങ്ങൾ പലതുണ്ട്. കാലം അതിലൊരു പ്രധാന കാരണമാണ്. ബ്രസീലിലെ കറുത്ത വർഗക്കാർ തങ്ങൾക്കിടയിൽ നിന്നൊരു വീരനായകനെ ആഗ്രഹിച്ചു നിൽക്കുന്ന കാലത്താണ് പെലെ വരവറിയിച്ചത്. സ്വാഭാവികമായും പെലെയെ അവർ നെഞ്ചിലേറ്റി. ബ്രസീലിൽ അവരുടെ സ്വാധീനം വർധിച്ചതിനനുസരിച്ച് പെലെയുടെയും ജനപ്രീതിയേറി. ഒടുവിൽ മറ്റുള്ളവർക്കും അവഗണിക്കാനാവാത്ത വിധം പെലെ വളർന്നു. ബ്രസീലിന്റെ ദേശീയ പ്രതീകമായി. ആ സിംഹാസനം ഒരിക്കൽപോലും അദ്ദേഹം വിട്ടിറങ്ങിയില്ല.
കളിക്കളത്തിൽ മറ്റെല്ലാവരെയും അപ്രസക്തരാക്കി നിറഞ്ഞു നിന്ന പെലെ അതിനു ശേഷം പൊതുവേദികളിലും അതേ ഭാവത്തോടെയാണ് പ്രത്യക്ഷപ്പെട്ടത്, ജീവിതാന്ത്യം വരെ പെലെ എന്ന സൂപ്പർ താരമായിത്തന്നെ.
(മൂവാറ്റുപുഴ ഊരമന സ്വദേശിയായ ശിവറാം ബ്രസീലിയയിൽ വിദ്യാർഥിയാണ്.)
english Summary: Pele's foot and the time of Brazil writes Shivaram Palakkapally