മയ്യോർക്കയോടും തോറ്റ റയലിന് വൻ തിരിച്ചടി; സെവിയ്യയെ വീഴ്ത്തി ബാർസ 8 പോയിന്റ് മുന്നിൽ
Mail This Article
ബാർസിലോന∙ സ്പാനിഷ് ലാലിഗ ഫുട്ബോളിൽ മയ്യോർക്കയോട് 1–0ന് തോറ്റ റയൽ മഡ്രിഡിന്റെ കിരീടക്കുതിപ്പിനു തിരിച്ചടി. 13–ാം മിനിറ്റിൽ റയൽ താരം നാച്ചോ വഴങ്ങിയ സെൽഫ് ഗോളിലാണ് മയ്യോർക്കയുടെ വിജയം. ബോക്സിലേക്കു വന്ന പന്ത് ഹെഡറിലൂടെ ക്ലിയർ ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് നാച്ചോയ്ക്കു പിഴച്ചത്. റയൽ ഗോളിയെ മറികടന്ന് പന്ത് വലയിലെത്തി. ഈ വീഴ്ച പരിഹരിക്കാൻ പാകത്തിന് 59–ാം മിനിറ്റിൽ റയലിന് ലഭിച്ച പെനൽറ്റി മാർക്കോ അസെൻസിയോ പാഴാക്കുക കൂടി ചെയ്തതോടെ വിധി പൂർണം.
നിലവിലെ ചാംപ്യന്മാരായ റയൽ മഡ്രിഡിന്റെ ഈ സീസണിലെ കിരീട സ്വപ്നങ്ങൾക്കു വലിയ തിരിച്ചടിയായി തോൽവി. തൊട്ടുപിന്നാലെ നടന്ന മത്സരത്തിൽ ബാർസിലോന സെവിയ്യയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു തോൽപ്പിച്ചതോടെ അവർക്ക് റയലിനേക്കാൾ എട്ടു പോയിന്റ് ലീഡായി. ഗോളൊഴിഞ്ഞ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് ബാർസ മൂന്നു ഗോളുകൾ അടിച്ചുകൂട്ടിയത്. ജോർഡി ആൽബ (58–ാം മിനിറ്റ്), ഗാവി (70–ാം മിനിറ്റ്), റാഫീഞ്ഞ (79–ാം മിനിറ്റ്) എന്നിവരാണ് ഗോൾ നേടിയത്.
മറ്റൊരു മത്സരത്തിൽ, 5–ാം സ്ഥാനക്കാരായ വിയ്യാറയലിനെ അവസാന സ്ഥാനക്കാരായ എൽച്ചെ തോൽപിച്ചു (3–1). ലീഗിൽ ഈ സീസണിലെ എൽച്ചെയുടെ ആദ്യ ജയമാണിത്. അത്‌ലറ്റിക്കോ മഡ്രിഡ്–ഗെറ്റാഫെ മത്സരം സമനിലയായി (1–1).
English Summary: la liga football update