കൊച്ചിയിൽ മഞ്ഞപ്പടയോട്ടം, ബ്ലാസ്റ്റേഴ്സിന് പത്താം വിജയം; ചെന്നൈയിനെ തകർത്തു
Mail This Article
കൊച്ചി∙ ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്സിയെ തകർത്ത് പ്ലേ ഓഫിന് ഒരു പടികൂടി അടുത്ത് കേരളത്തിന്റെ കൊമ്പൻമാർ. ഒന്നിനെതിരെ രണ്ടു ഗോള്‍ നേടിയാണു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. രണ്ടാം മിനിറ്റിൽ അബ്ദുനാസർ എൽ ഖയാത്തി ചെന്നൈയിനായി ഗോൾ നേടിയപ്പോൾ അഡ്രിയൻ ലൂണ (38–ാം മിനിറ്റ്), മലയാളി താരം രാഹുല്‍ കെ.പി (64) എന്നിവർ ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യം കണ്ടു.
ജയത്തോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് 31 പോയിന്റായി. ആദ്യ ഗോളടിച്ചും രണ്ടാം ഗോളിന് വഴിയൊരുക്കിയും കളം നിറഞ്ഞ അഡ്രിയൻ ലൂണയാണു കളിയിലെ താരം. ചെന്നൈയിന്റെ തുടർച്ചയായ ആക്രമണങ്ങളത്രയും തടഞ്ഞ് ബ്ലാസ്റ്റേഴ്സ് ഗോളി പ്രഭ്സുഖൻ ഗില്ലും തിളങ്ങി. 17 മത്സരങ്ങൾ പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്സിന്റെ പത്താം വിജയമാണിത്. ആറു കളികൾ തോറ്റപ്പോൾ ഒന്നു സമനിലയായി.
അതേസമയം ചെന്നൈയിന് വിജയമില്ലാതെ മടങ്ങുന്ന തുടർച്ചയായ എട്ടാം പോരാട്ടമാണ്. 17 കളികളിൽനിന്ന് നാലു വിജയങ്ങളുമായി എട്ടാം സ്ഥാനത്താണ് അവർ. 18 പോയിന്റുകളാണു ചെന്നൈയിനുള്ളത്.
ഗോളുകൾ വന്ന വഴി
രണ്ടാം മിനിറ്റിൽ ചെന്നൈയിൻ: ഡച്ച് താരം അബ്ദുനാസർ എൽ ഖയാത്തിയാണ് ചെന്നൈയിനായി കളി തുടങ്ങി രണ്ടാം മിനിറ്റിൽ ഗോൾ നേടിയത്. ബോക്സിനു പുറത്തുനിന്ന് ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരങ്ങളെ കാഴ്ചക്കാരാക്കി എൽ ഖയാത്തിയുടെ ഇടം കാൽ ഷോട്ട് പോസ്റ്റിൽ തട്ടി വലയിലെത്തുകയായിരുന്നു. ഖയാത്തിക്ക് പന്തു നൽകിയത് പീറ്റർ സ്ലിസ്കോവിച്. തുടക്കത്തിൽ തന്നെ ഗോൾ വഴങ്ങിയത് ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചു.
38–ാം മിനിറ്റിൽ ലൂണ: തുടർച്ചയായുള്ള ബ്ലാസ്റ്റേഴ്സ് മിന്നലാക്രമണങ്ങളുടെ ഫലമായാണ് 38–ാം മിനിറ്റിൽ സമനില ഗോൾ പിറന്നത്. ഗോളടിച്ചത് ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിൽ കുന്തമുനയായ യുറഗ്വായ് താരം അഡ്രിയൻ ലൂണ. മലയാളി താരം സഹൽ ചെന്നൈയിൻ ബോക്സിനകത്ത് നടത്തിയ മുന്നേറ്റം ചെന്നൈ ക്യാപ്റ്റൻ അനിരുദ്ധ് ഥാപ്പ തട്ടിയകറ്റി. എന്നാൽ ഓടിയെത്തിയ ലൂണ പന്ത് പിടിച്ചെടുത്തു പോസ്റ്റിന്റെ വലതു മൂലയിലേക്കു പായിച്ചു. ലൂണയുടെ മറ്റൊരു ബ്രില്യന്റ് ഗോൾ.
64–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന് ലീഡ്: ആദ്യ ഗോള്‍ നേടിയ അഡ്രിയൻ ലൂണയാണ് കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോളിനു വഴിയൊരുക്കിയത്. ചെന്നൈയിൻ ബോക്സിന്റെ അതിർത്തിയിൽനിന്ന് ലൂണ പന്തു നൽകിയപ്പോൾ ബോക്സിന്റെ മധ്യത്തിൽനിന്ന് പന്തെടുത്ത രാഹുല്‍ പോസ്റ്റിലേക്കു ലക്ഷ്യമിട്ടു. ചാടിവീണ ചെന്നൈയിൻ ഗോളി സമീക് പന്ത് തടഞ്ഞെങ്കിലും നിയന്ത്രണം നഷ്ടമായി. ബ്ലാസ്റ്റേഴ്സിന് രണ്ടാം ഗോൾ.
English Summary: India Super League, Kerala Blasters vs Chennaiyin FC Match Updates