അതൊരു തമാശ; വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചില്ല: ആവര്‍ത്തിക്കില്ലെന്ന് അർജന്റീന താരം
Mail This Article
ബ്യൂനസ് ഐറിസ്∙ ലോകകപ്പ് കലാശപ്പോരാട്ടത്തിന്റെ അവസാന മിനിറ്റുകളിൽ ഫ്രാൻസിന്റെ റൻഡൽ മുവാനി തന്റെ വലത് കാൽ കൊണ്ട് തൊടുത്ത ഷോട്ട് ഇടംകാൽ നീട്ടി തടുത്ത എമിലിയാനോ മാർട്ടിനസിന്റെ ചിത്രം അടുത്തെങ്ങും ആരാധകരുടെ മനസിൽ നിന്ന് മായില്ല. എന്നാൽ ഹീറോയായ രാത്രിയിൽ തന്നെ വിവാദങ്ങൾക്കും എമിലിയാനോ തിരികൊളുത്തി. ലോക കിരീടം കൈകളിലേക്ക് എത്തിയതിന്റെ സന്തോഷത്തിൽ അർജന്റീന നിറഞ്ഞു നിൽക്കുമ്പോഴാണ് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്റെ ആഘോഷം വിവാദങ്ങൾക്കു തുടക്കമിട്ടത്.
ഗോൾഡൻ ഗ്ലൗ പുരസ്കാരവും കയ്യിൽ പിടിച്ചായിരുന്നു മാർട്ടിനസിന്റെ വിവാദ ആഘോഷം. സംഭവത്തിൽ അർജന്റൈൻ ഇതിഹാസം മെസിയുടെ പ്രതികരണം എങ്ങനെയായിരുന്നു എന്നാണ് എമിലിയാനോ ഇപ്പോൾ വെളിപ്പെടുത്തുന്നത്. ഒപ്പം ആ ആഘോഷത്തിനു ക്ഷമ ചോദിക്കുകയും ചെയ്യുന്നു. അത്തരമൊരു പ്രവര്‍ത്തി ഇനി ആവർത്തിക്കില്ല എന്ന ഉറപ്പു തരാന്‍ സാധിക്കുമെന്ന് മാർട്ടിനസ് പറഞ്ഞു.
‘‘ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല. കരിയറിൽ ഉടനീളം ഞാൻ ഫ്രഞ്ചുകാർക്കൊപ്പം കളിച്ചിട്ടുണ്ട്. അവരുമായി ഒരു പ്രശ്നവും എനിക്കില്ല. ജിറൂദിനോട് നിങ്ങൾക്കു ചോദിക്കാം, ഞാൻ ഏതു വിധത്തിലുള്ള വ്യക്തി ആണെന്ന്. ഫ്രഞ്ച് സംസ്കാരവും ചിന്താഗതിയും ഞാൻ ഇഷ്ടപ്പെടുന്നു. ബെസ്റ്റ് ഗോൾ കീപ്പർ ട്രോഫിയും കയ്യിൽ വെച്ച് ഞാൻ കാണിച്ച ആംഗ്യം സഹതാരങ്ങൾക്കൊപ്പമുള്ള തമാശയായിരുന്നു’’– എമിലിയാനോ വിശദീകരിച്ചു.
‘‘കോപ്പ അമേരിക്കയിലും ഞാനതു ചെയ്തിട്ടുണ്ട്. ഇനി ഇങ്ങനെ ചെയ്യരുത് എന്നാണ് അവരെല്ലാം അപ്പോൾ എന്നോടു പറഞ്ഞത്. ലിയോയും എന്നോടു പറഞ്ഞു. അവർക്കു നേരെയാണ് ഞാൻ ആ ആംഗ്യം കാണിച്ചത്. അതിൽ കൂടുതലൊന്നുമില്ല. ഏതാനും സെക്കന്റുകൾ മാത്രം നീണ്ടുനിന്ന കാര്യമാണത്.’’– എമിലിയാനോ പറഞ്ഞു.
കിരീട നേട്ടത്തിന് പിന്നാലെ ഡ്രസ്സിങ് റൂമിലും പിന്നാലെ ബ്യൂനസ് ഐറിസിലെ ആഘോഷങ്ങൾക്കിടയിലും വെച്ച് ഫ്രഞ്ച് താരം എംബപെയെ എമിലിയാനോ അധിക്ഷേപിച്ചതും വിവാദമായിരുന്നു. ഇതിനെതിരെ ഫിഫ അന്വേഷണം ആരംഭിച്ചിരുന്നു. ഈ സംഭവത്തിലും എമിലിയാനോ ഫ്രഞ്ച് മാധ്യമമായ ഫ്രാൻസ് ഫുട്ബോളിന് അനുവദിച്ച അഭിമുഖത്തിൽ ക്ഷമ ചോദിച്ചു.
English Summary: Emiliano Martinez defends controversial Golden Glove celebration at FIFA World Cup final