ADVERTISEMENT

കൊച്ചി∙ ആയിരത്തിലേറെ മത്സരങ്ങൾ കളിച്ചിട്ടുണ്ട് ഐ.എം.വിജയൻ. എന്നാൽ, തൃശൂരിലെ കോലോത്തുംപാടത്തു തുടങ്ങി രാജ്യാന്തര വേദികളിൽ വരെ നീണ്ട ആ യാത്രയിലൊന്നും അനുഭവിച്ചിട്ടില്ലാത്ത തരം നെഞ്ചിടിപ്പുമായി വിജയൻ ഒരു മത്സരത്തിനു ബൂട്ട് കെട്ടുകയാണ്. കാരണം, വിജയന്റെ എതിരാളികൾ ചില്ലറക്കാരല്ല! ബ്രസീലിന്റെ ഇതിഹാസ താരങ്ങളായ റൊണാൾഡീഞ്ഞോ, റൊമാരിയോ, റോബർട്ടോ കാർലോസ്, റിവാൾഡോ, ഡൂംഗ, കഫു...

ബ്രസീൽ താരങ്ങൾ ഉൾപ്പെടുന്ന വേൾഡ് കപ്പ് സ്റ്റാർസ് ടീമിനെ നേരിടുന്ന ഏഷ്യൻ സ്റ്റാർസ് ടീം അംഗമാണ് മുൻ ഇന്ത്യൻ ക്യാപ്റ്റനായ ഐ.എം.വിജയൻ. ദുബായിലെ അൽ വാസൽ സബീൽ സ്റ്റേഡിയത്തിൽ 28നാണ് ചാരിറ്റി സൗഹൃദ ഫുട്ബോൾ മത്സരം. ഏഷ്യൻ പാരാലിംപിക് കമ്മിറ്റിയും ദുബായ് ക്ലബ് ഫോർ പ്യൂപ്പിൾ ഓഫ് ഡിറ്റർമിനേഷനും ചേർന്നു സംഘടിപ്പിക്കുന്ന വെൽഫെയർ ഫെസ്റ്റിവലിന്റെ ഭാഗമാണിത്. ബ്രസീൽ ഇതിഹാസതാരം സീക്കോ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാകും താരങ്ങൾ കളത്തിലിറങ്ങുക.

കുവൈത്ത് താരം അബ്ദുല്ല വബ്രാൻ, ഒമാൻ താരം അഹ്മദ് കാനോ, ഇറാഖ് താരം നാഷത് അക്രം തുടങ്ങിയവർ ഉൾപ്പെടുന്ന ഏഷ്യൻ താരനിരയിലെ ഏക ഇന്ത്യൻ താരമാണു വിജയൻ. ‘എന്റെ ജീവിതത്തിലെ അഭിമാന മുഹൂർത്തമാണിത്. സ്വപ്നത്തിൽ പോലും ഇല്ലാതിരുന്നൊരു കാര്യമാണ് നടക്കാൻ പോകുന്നത്. റൊണാൾഡീഞ്ഞോയും റൊമാരിയോയും കാർലോസുമെല്ലാം ഫുട്ബോൾ ലോകം കണ്ട ഇതിഹാസങ്ങളാണ്. അവർക്കൊപ്പം ഒരു മൈതാനത്ത്, ഒരു പന്തുമായി ഇറങ്ങുന്നതു ദൈവം തന്ന അനുഗ്രഹമായാണു കാണുന്നത്.

പറഞ്ഞറിയിക്കാൻ കഴിയാത്തത്ര സന്തോഷം മാത്രമല്ല, ലോകം ആരാധിക്കുന്ന താരങ്ങൾക്കൊപ്പം കളിക്കുന്നതിന്റെയൊരു നെഞ്ചിടിപ്പുമുണ്ട് ’ – വിജയൻ മനോരമയോടു പറഞ്ഞു. ദുബായിൽ ഗോൾഡൻ വീസ സ്വീകരിക്കാനെത്തിയപ്പോഴാണ് വിജയനു ചാരിറ്റി മത്സരത്തിനുള്ള ക്ഷണം കിട്ടിയത്.

English Summary : IM Vijayan to play against Brazil Legends

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com