മെസ്സിക്കും എംബപെയ്ക്കും രക്ഷിക്കാനായില്ല, പിഎസ്ജി വീണ്ടും പ്രീക്വാർട്ടറിൽ വീണു; ബയൺ മുന്നോട്ട്
Mail This Article
മ്യൂണിച്ച് ∙ ലോകകപ്പ് ഹീറോ ലയണൽ മെസ്സിക്ക് ഇത്തവണ മാജിക്കൊന്നും പുറത്തെടുക്കാനായില്ല. ഭാവി സൂപ്പർതാരം കിലിയൻ എംബപ്പെയുടെ ബൂട്ടുകളും ഇക്കുറി നിശബ്ദം. പരുക്കേറ്റ നെയ്മർ പുറത്തിരിക്കുക കൂടി ചെയ്തതോടെ, യുവേഫ ചാംപ്യൻസ് ലീഗിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് പ്രീക്വാർട്ടറിൽ തോറ്റു മടക്കം. രണ്ടാം പാദ മത്സരത്തിൽ ജർമൻ വമ്പൻമാരായ ബയൺ മ്യൂണിക്കിനോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോറ്റാണ് പിഎസ്ജി പുറത്തായത്. ഇരുപാദങ്ങളിലുമായി തോൽവി 3–0ന്. മറ്റൊരു മത്സരത്തിൽ കരുത്തരായ ടോട്ടനം ഹോട്സ്‍പറിനെ ഗോൾരഹിത സമനിലയിൽ തളച്ച് എസി മിലാനും ക്വാർട്ടറിലേക്ക് മുന്നേറി. ആദ്യപാദത്തിൽ സ്വന്തം തട്ടകത്തിൽ നേടിയ ഒരു ഗോൾ വിജയമാണ് മിലാന് കരുത്തായത്.
ആദ്യ പാദ പോരാട്ടത്തിൽ സ്വന്തം തട്ടകത്തിൽ ബയണിനോട് എതിരില്ലാത്ത ഒരു ഗോളിനു പരാജയപ്പെട്ട പിഎസ്ജിക്ക്, ചാംപ്യൻസ് ലീഗ് ക്വാർട്ടറിലേക്കു മുന്നേറാൻ ബയണിന്റെ തട്ടകത്തിൽ വിജയം അനിവാര്യമായിരുന്നു. നെയ്മാറിന്റെ അഭാവത്തിൽ മെസ്സി – എംബപ്പെ സഖ്യം നയിച്ച പോരാട്ടത്തിൽ, അവർ രണ്ടു ഗോളിനു തോറ്റു. ബയണിനായി പിഎസ്ജിയുടെ മുൻ താരം കൂടിയായ മാക്സിം ചോപ്പോ മോട്ടിങ് (61–ാം മിനിറ്റ്), പകരക്കാരനായി ഇറങ്ങിയ സെർജിയോ ഗനാബ്രി (89) എന്നിവരാണ് ഗോൾ നേടിയത്. കഴിഞ്ഞ ഏഴു ചാംപ്യൻസ് ലീഗുകളിൽ, പിഎസ്ജി പ്രീക്വാർട്ടറിൽ തോറ്റു പുറത്താകുന്നത് ഇത് അഞ്ചാം തവണയാണ്.
മറ്റൊരു മത്സരത്തിൽ, ടോട്ടനം ഹോട്‍സ്പറിനെ അവരുടെ തട്ടകത്തിൽ ഗോൾരഹിത സമനിലയിൽ തളച്ചാണ് എസി മിലാൻ ക്വാർട്ടറിലേക്കു മുന്നേറിയത്. മത്സരത്തിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട ക്രിസ്റ്റ്യൻ റൊമേരോ 78–ാം മിനിറ്റിൽ പുറത്തുപോയതിനാൽ 10 പേരുമായാണ് ടോട്ടനം മത്സരം പൂർത്തിയാക്കിയത്.
ചൽ, ചൽ ചെൽസി...!
ആദ്യപാദത്തിൽ തോൽക്കുക, 2–ാം പാദത്തിൽ ജയിച്ച് അടുത്ത റൗണ്ടിലെത്തുക. ചെൽസിക്ക് ഇതു പണ്ടേ ശീലമാണ്! ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിനെ സ്വന്തം ഗ്രൗണ്ടിൽ നടന്ന രണ്ടാംപാദ പ്രീക്വാർട്ടറിൽ 2-0ന് തോൽപിച്ച് ഇംഗ്ലിഷ് ക്ലബ് ചെൽസി ക്വാർട്ടറിൽ കടന്നു. ആദ്യപാദത്തിൽ ചെൽസി 1-0ന് തോറ്റിരുന്നു. റഹിം സ്റ്റെർലിങ് (43–ാം മിനിറ്റ്), കായ് ഹാവേർട്സ് (53) എന്നിവരാണു ചെൽസിയുടെ ഗോൾ സ്കോറർമാർ.
ചാംപ്യൻസ് ലീഗ് ചരിത്രത്തിൽ 5-ാം തവണയാണ് ചെൽസി ആദ്യപാദത്തിലെ തോൽവിക്കു ശേഷം അടുത്ത റൗണ്ടിൽ കടക്കുന്നത്. ബാർസിലോന, റയൽ മഡ്രിഡ്, യുവന്റസ് ക്ലബ്ബുകളും ഇത്തരത്തിൽ 5 തവണ മുന്നേറിയിട്ടുണ്ട്. പോർച്ചുഗീസ് ക്ലബ് ബെൻഫിക്ക 5-1ന് ബൽജിയത്തിൽ നിന്നുള്ള ക്ലബ് ബ്രൂഷിനെ തോൽപിച്ചു. ആദ്യ പാദത്തിൽ 2-0ന് ജയിച്ച ബെൻഫിക്ക ഇരുപാദങ്ങളിലുമായി 7-1ന്റെ വിജയം സ്വന്തമാക്കി.
ചെൽസിയുടെ സ്റ്റേഡിയമായ സ്റ്റാംഫഡ് ബ്രിജിൽ കളി കാണാനെത്തിയ ഡോർട്മുണ്ടിന്റെ മഞ്ഞപ്പടയെ നിശ്ശബ്ദരാക്കാൻ ചെൽസിക്ക് 43–ാം മിനിറ്റ് വരെ കാക്കേണ്ടി വന്നു. ചെൽസിയുടെ ബെൻ ചിൽവെൽ നൽകിയ ക്രോസ് ഗോളിലേക്കു മടക്കാനുള്ള സ്റ്റെർലിങ്ങിന്റെ ആദ്യ ശ്രമം പരാജയപ്പെട്ടെങ്കിലും രണ്ടാം ശ്രമത്തിൽ പന്ത് ഗോൾവര കടന്നു. 53-ാം മിനിറ്റിൽ ഡോർട്മുണ്ട് താരം മാരിയസ് വൂൾഫിന്റെ ഹാൻഡ്ബോളിൽ ചെൽസിക്ക് അനുകൂലമായി പെനൽറ്റി. ഹാവേർട്സ് എടുത്ത കിക്ക് പോസ്റ്റിൽത്തട്ടി പുറത്തേക്കു പോയെങ്കിലും ഡോർട്മുണ്ട് താരങ്ങൾ കിക്കിനു മുൻപ് ബോക്സിൽ കടന്നെന്ന കാരണത്തിൽ വീണ്ടും ഒരവസരം കൂടി നൽകി. ഇത്തവണ ഹാവേർട്സിനു പിഴച്ചില്ല. ഈ വർഷം ആദ്യമായാണ് ഒരു മത്സരത്തിൽ ചെൽസി 2 ഗോൾ നേടുന്നത്.
2023ൽ ഡോർട്മുണ്ടിന്റെ ആദ്യ തോൽവിയാണിത്. 5-ാം മിനിറ്റിൽ മുന്നേറ്റതാരം ജൂലിയൻ ബ്രന്റ് പരുക്കേറ്റ് പുറത്തായത് ഡോർട്മുണ്ടിനു തിരിച്ചടിയായി. 61% പന്തവകാശം ഉണ്ടായിട്ടും 4 ഗോൾ ഷോട്ട് മാത്രമാണ് ഡോർട്മുണ്ടിനു നേടാനായത്.
ആദ്യപാദത്തിലെ 2 ഗോൾ ലീഡുമായി സ്വന്തം ഗ്രൗണ്ടിൽ കളിക്കിറങ്ങിയ ബെൻഫിക്കയ്ക്കായി സ്ട്രൈക്കർ ഗോൺസാലോ റാമോസ് ഇരട്ടഗോൾ നേടി. (45+2), 57 മിനിറ്റുകളിലായിരുന്നു റാമോസിന്റെ ഗോൾനേട്ടം. റാഫാ സിൽവ (38), ജോവ മാരിയോ (71), ഡേവിഡ് നേറസ് (77) എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്. 87–ാം മിനിറ്റിൽ യോൺ മേയർ ബ്രൂഷിന്റെ ഏക ഗോൾ മടക്കി.
English Summary: Champions League: PSG project falters vs Bayern Munich, Milan edge past Tottenham Hotspur