എത്രയോ കാലമായി നമ്മൾ കാത്തിരിക്കുന്നു; ബ്യൂണസ് ഐറിസിൽ അര്‍ജന്റീനയുടെ ‘ലോകകപ്പ്’ ആഘോഷം
Mail This Article
ബ്യൂനസ് ഐറിസ് ∙ ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയത്തിലെ ആ മാന്ത്രിക രാവ് ബ്യൂണസ് ഐറിസിലെ മോണുമെന്റൽ സ്റ്റേഡിയത്തിൽ അർജന്റീന ആരാധകർ പുനഃസൃഷ്ടിച്ചു. ലോക ജേതാക്കളായതിനുശേഷം ആദ്യമായി സ്വന്തം രാജ്യത്ത് കളിക്കാനിറങ്ങിയ അർജന്റീന ടീം എൺപതിനായിരത്തിലേറെ ആരാധകർക്കൊപ്പം ആവേശത്തിന്റെ നീലവാനിലേക്കുയർന്നു. തന്റെ പേരെഴുതിയ 10–ാം നമ്പർ ജഴ്സിയുമായി പാനമയ്ക്കെതിരെയുള്ള സൗഹൃദ മത്സരം കാണാനെത്തിയ ആരാധകർക്ക് മെസ്സി സമ്മാനമായി നൽകിയത് 89–ാം മിനിറ്റിൽ സുന്ദരമായ ഒരു ഫ്രീകിക്ക് ഗോൾ.
അർജന്റീന ജഴ്സിയിൽ 99–ാം ഗോൾ നേടിയ മെസ്സി ക്ലബ്, രാജ്യാന്തര കരിയറിൽ ആകെ 800 ഗോൾ തികച്ചു. മത്സരം അർജന്റീന 2–0നു ജയിച്ചു. 78–ാം മിനിറ്റിൽ മെസ്സിയുടെ ഫ്രീകിക്ക് പോസ്റ്റിലിടിച്ചത് തിരിച്ചു വിട്ട് തിയാഗോ അൽമാഡയാണ് അർജന്റീനയുടെ ആദ്യ ഗോൾ നേടിയത്.
മത്സരശേഷമുള്ള ആഘോഷച്ചടങ്ങിൽ അർജന്റീന ഫുട്ബോൾ അസോസിയേഷൻ മെസ്സിക്കും സഹതാരങ്ങൾക്കുമായി കരുതി വച്ചിരുന്നത് ഫിഫ ലോകകപ്പിന്റെ ഓരോ മാതൃകകൾ. താരങ്ങളുടെ കുടുംബാംഗങ്ങളും മൈതാനത്ത് ആഘോഷങ്ങളിൽ പങ്കു ചേർന്നു. ആരാധകരുടെ സ്നേഹവായ്പിന് മെസ്സിയും കോച്ച് ലയണൽ സ്കലോനിയും നന്ദി പറഞ്ഞു. ‘‘നമുക്കിതാഘോഷിക്കാം. എത്രയോ കാലമായി നമ്മൾ ഈ കപ്പിനു വേണ്ടി കാത്തിരിക്കുന്നു..’’– വികാരഭരിതനായി മെസ്സിയുടെ വാക്കുകൾ.
ചൊവ്വാഴ്ച സാന്തിയാഗോ ഡെൽ എസ്റ്റെറോ പ്രവിശ്യയിൽ നടക്കുന്ന സൗഹൃദ മത്സരത്തിൽ അർജന്റീന കരീബിയൻ ദ്വീപ് രാഷ്ട്രമായ കുറാക്കോവയെ നേരിടും. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു ശേഷം കരിയറിൽ 800 ഗോൾ തികയ്ക്കുന്ന താരമായി മെസ്സി.
രാജ്യാന്തര ഫുട്ബോളിൽ അർജന്റീനയ്ക്കായി 99 ഗോളുകളും ക്ലബ് കരിയറിൽ സ്പാനിഷ് ക്ലബ് ബാർസിലോനയ്ക്കായി 672 ഗോളുകളും ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കായി 29 ഗോളുകളുമാണ് മെസ്സി നേടിയത്. ക്ലബ്, രാജ്യാന്തര കരിയറിൽ 830 ഗോളുകളുമായി ക്രിസ്റ്റ്യാനോ മുന്നിലുണ്ട്.
English Summary : Lionel Messi completed 800 goals in his career