ജെറാദ് പിക്കേയോട് തെറ്റിയോ; കാമുകി ക്ലാര ചിയയ്ക്ക് ഗാർഡിയോളയുമായി ‘രഹസ്യബന്ധം’?

Mail This Article
മഡ്രിഡ്∙ സ്പാനിഷ് ഫുട്ബോൾ താരം ജെറാദ് പിക്കേയുടെ കാമുകി ക്ലാരാ ചിയയുമായി ബാർസിലോന മുൻ പരിശീലകൻ പെപ് ഗാർഡിയോളയ്ക്ക് ‘രഹസ്യ ബന്ധമുണ്ടെന്ന്’ സ്പാനിഷ് മാധ്യമങ്ങൾ. ഗാർഡിയോളയും ക്ലാര ചിയയും രഹസ്യമായി ഡേറ്റിങ്ങിലാണെന്നാണു വിവരം. എന്നാൽ ഇക്കാര്യത്തിൽ പിക്കേയോ, ക്ലാര ചിയയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. പെപ് ഗാർഡിയോള പരിശീലകനായിരുന്ന കാലത്ത് ബാർസിലോനയുടെ പ്രതിരോധ താരമായിരുന്നു പിക്കേ.
ബാർസിലോനയ്ക്കായും സ്പെയിൻ ദേശീയ ടീമിനു വേണ്ടിയും എഴുനൂറിലേറെ മത്സരങ്ങൾ കളിച്ചിട്ടുള്ള പിക്കേ, കഴിഞ്ഞ നവംബറിലാണു കളി നിർത്തിയത്. പോപ്പ് ഗായിക ഷക്കീറയുമായുള്ള 12 വർഷത്തോളം നീണ്ട ബന്ധം പിരിഞ്ഞ ശേഷമാണ് പിക്കേ ക്ലാര ചിയയുമായി അടുത്തത്. ക്ലാര ചിയയുമായുള്ള ബന്ധത്തെച്ചൊല്ലിയാണ് പിക്കേ ഷക്കീറയുമായി തെറ്റിയതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
2022 ജൂണിലാണു പിരിയുന്ന കാര്യം പിക്കേയും ഷക്കീറയും ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കരാർ പ്രകാരം ഇവരുടെ മക്കൾ ഷക്കീറയ്ക്കൊപ്പമാണു കഴിയുന്നത്. ഷക്കീറ ഈ വർഷം ആദ്യം പുറത്തിറക്കിയ സംഗീത ആൽബം പിക്കേയേയും പുതിയ കാമുകിയെയും പരിഹസിച്ചുള്ളതാണെന്നു വിമർശനമുയർന്നിരുന്നു. പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽതന്നെ ആൽബം കോടിക്കണക്കിന് ആരാധകരാണു കണ്ടത്.
English Summary: Pep Guardiola allegedly had an affair with Gerard Pique’s girlfriend