ഇന്ത്യൻ വനിതാ ലീഗിൽ ഗോകുലത്തിന് റെക്കോർഡ് ജയം
Mail This Article
അഹമ്മദാബാദ് ∙ ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോളിൽ റെക്കോർഡുകൾ കടപുഴക്കി ഗോകുലം കേരള എഫ്സിക്ക് വൻ ജയം. കഹാനി എഫ്സിയെ 14–1നാണ് ഗോകുലം തകർത്തു വിട്ടത്. ഗോകുലത്തിനായി സന്ധ്യ രംഗനാഥൻ 5 ഗോൾ നേടി. സബിത്ര ഭണ്ഡാരി 4 തവണ ലക്ഷ്യം കണ്ടു. മിഡ്ഫീൽഡർ ഇന്ദുമതി കതിരേശൻ 2 ഗോൾ നേടി. കെനിയൻ ഫോർവേഡ് വിവിയൻ അഡ്‌ജെയ്, ഡിഫൻഡർ ആശാലതാ ദേവി, ഷിൽക്കി ദേവി എന്നിവരും സ്കോർ ചെയ്തു. രഞ്ജന ദേവിയുടെ സെൽഫ് ഗോളാണ് ഗോകുലം വലയിൽ വീണ ഒരേയൊരു ഗോൾ.
ഇന്ത്യൻ വനിതാ ലീഗ് ഫൈനൽ റൗണ്ടിലെ ഏറ്റവും വലിയ വിജയമാണ് ഗോകുലം നേടിയത്. കഴിഞ്ഞ വർഷം ഒഡീഷ പൊലീസിനെതിരെ തങ്ങൾ നേടിയ 12-0 റെക്കോർഡാണ് ഗോകുലം മറികടന്നത്. 5 കളികളിൽ 13 പോയിന്റുമായി ഗോകുലം സീസണിൽ ഒന്നാം സ്ഥാനത്തു തുടരുന്നു.
വ്യാഴാഴ്ച മിസാക്ക യുണൈറ്റഡിനെതിരെ അപ്രതീക്ഷിത ഗോളില്ലാ സമനില വഴങ്ങിയ ഗോകുലം ഇന്നലെ അതിന്റെ നിരാശ തീർക്കാനുള്ള ഉത്സാഹത്തിലായിരുന്നു. എന്നാൽ 10–ാം മിനിറ്റിൽ വഴങ്ങിയ സെൽഫ് ഗോളിൽ കേരള ടീം ഞെട്ടി. അതിൽ നിന്നു മുക്തരായി ഇരമ്പിക്കയറിയ ഗോകുലം 18–ാം മിനിറ്റിൽ തുടങ്ങിയ ഗോളടി ഇൻജറി ടൈമിലാണ് (90+7) നിർത്തിയത്. ആദ്യ പകുതിയിൽ ഗോകുലം 4–1നു മുന്നിലായിരുന്നു.
മത്സരത്തിൽ 5 ഗോളുകൾ നേടിയ സന്ധ്യ രംഗനാഥൻ പ്ലെയർ ഓഫ് ദ് മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. 4 ഗോളുകൾ നേടിയ സബിത്ര ഭണ്ഡാരി 15 ഗോളുകളുമായി ടോപ് സ്കോറർമാരിൽ ഒന്നാം സ്ഥാനത്തു തുടരുന്നു. സേതു എഫ്‌സിയുടെ കാജൾ ഡിസൂസയെക്കാൾ 7 ഗോൾ കൂടുതൽ.
English Summary : Gokulam win in indian womens league