ഗോകുലം ഫൈനലിൽ; സെമിയിൽ ഈസ്റ്റേൺ യൂണിയനെ തോൽപിച്ചത് 5–1ന്
Mail This Article
അഹമ്മദാബാദ് ∙ ആദ്യ പകുതിയിൽ 2 ഗോൾ, രണ്ടാം പകുതിയിൽ 3 ഗോൾ; ഈസ്റ്റേൺ സ്പോർടിങ് യൂണിയനെ 5–1നു തകർത്ത് ഗോകുലം കേരള, ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോളിന്റെ ഫൈനലിൽ. നേപ്പാൾ താരം സബിത്ര ഭണ്ഡാരിയും ഇന്ത്യൻ താരം ഇന്ദുമതി കതിരേശനും ഗോകുലത്തിനായി ഇരട്ടഗോൾ നേടി. ഘാന താരം വിവിയൻ അദ്ജെയ് ആണ് ഒരു ഗോൾ നേടിയത്. കമല ദേവി ഈസ്റ്റേൺ യൂണിയന്റെ ആശ്വാസ ഗോൾ നേടി. ഇന്ദുമതിയാണ് കളിയിലെ താരം. നാളെ നടക്കുന്ന ഫൈനലിൽ ഗോകുലം കർണാടകയിൽ നിന്നുള്ള കിക്സ്റ്റാർട്ട് എഫ്സിയെ നേരിടും.
അഹമ്മദാബാദിലെ ഇകെഎ അരീനയിൽ ഒരു ഗോളിനു പിന്നിലായ ശേഷമാണ് ഗോകുലം ശക്തമായി തിരിച്ചടിച്ച് ജയിച്ചു കയറിയത്. 18–ാം മിനിറ്റിൽ 30 വാര അകലെ നിന്നുള്ള ഒരു ഹാഫ് വോളിയിലൂടെയാണ് യൂണിയൻ താരം കമല ദേവി ലക്ഷ്യം കണ്ടത്. കളിയുടെ ഗതിക്കെതിരെ വന്ന ഗോളിൽ ഗോകുലം പക്ഷേ പതറിയില്ല. 31–ാം മിനിറ്റിൽ സബിത്രയ്ക്കെതിരെയുള്ള ഫൗളിൽ ഗോകുലത്തിനു പെനൽറ്റി. കിക്കെടുത്ത ഇന്ദുമതിക്കു പിഴച്ചില്ല. ഹാഫ്ടൈമിനു പിരിയുന്നതിനു തൊട്ടു മുൻപ് ഗോകുലം ലീഡെടുത്തു. ആശാലത ദേവി നൽകിയ പാസിൽ നിന്ന് ഓടിക്കയറിയ സബിത്ര യൂണിയൻ ഗോൾകീപ്പറെ വട്ടംചുറ്റി മറികടന്നു ലക്ഷ്യം കണ്ടു.
ഇന്ദുമതിയും സബിത്രയും ഒത്തു ചേർന്നുള്ള മുന്നേറ്റത്തിൽ നിന്നാണ് 54–ാം മിനിറ്റിൽ വിവിയൻ ഗോകുലത്തിന്റെ മൂന്നാം ഗോൾ നേടിയത്. 70–ാം മിനിറ്റിൽ സബിത്രയുടെ കൃത്യതയാർന്ന ക്രോസിൽ നിന്ന് ഇന്ദുമതിയുടെ ഹെഡർ. ഗോകുലം 4–1നു മുന്നിൽ. ഇൻജറി ടൈമിൽ സബിത്ര തന്റെ രണ്ടാം ഗോളും നേടിയതോടെ ഗോൾപട്ടിക പൂർണം. ഇത്തവണ ഗോളിനു വഴിയൊരുക്കിയത് വിവിയൻ. ടൂർണമെന്റിലെ ടോപ് സ്കോറർ പോരാട്ടത്തിൽ ബഹുദൂരം മുന്നിലുള്ള സബിത്രയ്ക്ക് 28 ഗോളുകളായി. 9 ഗോളുകളുമായി സേതു എഫ്സിയുടെ കാജൽ ഡിസൂസയാണ് രണ്ടാം സ്ഥാനത്ത്.
English Summary: Gokulam reaches finals of Indian Women's League Football