യൂറോപ്പ ലീഗ് ഫൈനലിൽ റോമ–സെവിയ്യ; മത്സരം 31ന്
Mail This Article
റോം ∙ ചെറുതാണെങ്കിലും വലുതാണെങ്കിലും പോർച്ചുഗീസ് സൂപ്പർ കോച്ച് ഹോസെ മൗറീഞ്ഞോയ്ക്ക് സീസണിൽ ഒരു കപ്പ് നിർബന്ധം! ഇറ്റാലിയൻ ക്ലബ് എഎസ് റോമയുമായി മൗറീഞ്ഞോ ഇത്തവണ എത്തിനിൽക്കുന്നത് യൂറോപ്പിലെ രണ്ടാം നിര ക്ലബ് ചാംപ്യൻഷിപ്പായ യൂറോപ്പ ലീഗ് ഫുട്ബോളിന്റെ ഫൈനലിൽ.
മേയ് 31ന് സ്പാനിഷ് ക്ലബ് സെവിയ്യയുമായി റോമ മത്സരിക്കുമ്പോൾ മൗറീഞ്ഞോ ലക്ഷ്യമിടുന്നത് ആറാം യൂറോപ്യൻ കിരീടം. കഴിഞ്ഞ വർഷം റോമയ്ക്കൊപ്പം തന്നെ മൂന്നാം നിര ക്ലബ് ചാംപ്യൻഷിപ്പായ യുവേഫ കോൺഫറൻസ് ലീഗ് മൗറീഞ്ഞോ നേടിയിരുന്നു. യൂറോപ്പ ലീഗ് (2017–മാഞ്ചസ്റ്റർ യുണൈറ്റഡ്), ചാംപ്യൻസ് ലീഗ് (2010–ഇന്റർ മിലാൻ, 2004–പോർട്ടോ), യുവേഫ കപ്പ് (2003) എന്നിവയാണ് അറുപതുകാരനായ മൗറീഞ്ഞോയുടെ മറ്റു വൻകര നേട്ടങ്ങൾ.
ബയേർ ലെവർക്യുസനെ ഇരുപാദങ്ങളിലുമായി 1–0നു തോൽപിച്ചാണ് റോമ ഫൈനലിലെത്തിയത്. സ്വന്തം മൈതാനത്തെ ആദ്യപാദത്തിൽ 1–0നു ജയിച്ച റോമ വ്യാഴാഴ്ച രാത്രി ജർമൻ ക്ലബ്ബിനെ അവരുടെ മൈതാനത്ത് ഗോളില്ലാ സമനിലയിൽ പിടിച്ചു. യുവന്റസിനെ ഇരുപാദങ്ങളിലുമായി 3–2നു മറികടന്നാണ് സെവിയ്യ ഫൈനലിലെത്തിയത്. എക്സ്ട്രാ ടൈമിലേക്കു നീണ്ട രണ്ടാം പാദത്തിൽ 2–1നാണ് സെവിയ്യയുടെ ജയം 95–ാം മിനിറ്റിൽ എറിക് ലമേലയാണ് വിജയഗോൾ നേടിയത്.
115–ാം മിനിറ്റിൽ മാർക്കോസ് അക്യുന ചുവപ്പു കാർഡ് കണ്ട് പുറത്തായെങ്കിലും സെവിയ്യ പിടിച്ചു നിന്നു. ഏഴാം യൂറോപ്പ ലീഗാണ് സെവിയ്യ ലക്ഷ്യമിടുന്നത്. നിലവിൽ യൂറോപ്പ ലീഗിൽ കൂടുതൽ തവണ ചാംപ്യൻമാരായതിന്റെ റെക്കോർഡും അവർക്കു തന്നെ. യുവേഫ കോൺഫറൻസ് ലീഗ് ഫൈനലിൽ ഇംഗ്ലിഷ് ക്ലബ് വെസ്റ്റ് ഹാം ഇറ്റാലിയൻ ക്ലബ് ഫിയോറന്റീനയെ നേരിടും. ജൂൺ 7ന് ചെക്ക് റിപ്പബ്ലിക് തലസ്ഥാനമായ പ്രാഗിലാണ് ഫൈനൽ.
English Summary: Jose Mourinho hopeful of A.S. Roma winning Europa League title