ലെസ്റ്റർ, ലീഡ്സ്, സതാംപ്ടൻ രണ്ടാം ഡിവിഷനിൽ
Mail This Article
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ നിന്ന് ലെസ്റ്റർ സിറ്റി, ലീഡ്സ് യുണൈറ്റഡ്, സതാംപ്ടൻ ടീമുകൾ രണ്ടാം ഡിവിഷനായ ചാംപ്യൻഷിപ്പിലേക്ക് തരംതാഴ്ത്തപ്പെട്ടു. അവസാന മത്സരത്തിൽ ടോട്ടനം ഹോട്സ്പറിനോട് 4–1ന് തോറ്റതാണ് ലീഡ്സിനു തിരിച്ചടിയായത്. 2016 സീസണിലെ അദ്ഭുത ചാംപ്യൻമാരായ ലെസ്റ്റർ അവസാന മത്സരത്തിൽ വെസ്റ്റ് ഹാമിനോട് 2–1നു ജയിച്ചെങ്കിലും 19–ാം സ്ഥാനത്തായിപ്പോയി.
സതാംപ്ടൻ നേരത്തേ തന്നെ തരംതാഴ്ത്തൽ ഉറപ്പിച്ചിരുന്നു. കിരീടം നേരത്തേ ഉറപ്പിച്ച മാഞ്ചസ്റ്റർ സിറ്റി അവസാന മത്സരദിനത്തിൽ ബ്രെന്റ്ഫോഡിനോട് 1–0നു തോറ്റു. ഗ്രാനിറ്റ് ജാക്ക ഇരട്ടഗോൾ നേടിയ മത്സരത്തിൽ ആർസനൽ 5–0ന് വൂൾവ്സിനോടു തോറ്റു. സതാംപ്ടൻ ലിവർപൂളിനെ 4–4 സമനിലയിൽ പിടിച്ചു.
മാഞ്ചസ്റ്റർ യുണൈറ്റഡ് 2–1ന് ഫുൾഹാമിനെ തോൽപിച്ചു. ചെൽസിയും ന്യൂകാസിലും 1–1 സമനിലയിൽ പിരിഞ്ഞു. മാഞ്ചസ്റ്റർ സിറ്റി, ആർസനൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ന്യൂകാസിൽ യുണൈറ്റഡ് ടീമുകളാണ് പ്രിമിയർ ലീഗിൽ നിന്ന് ചാംപ്യൻസ് ലീഗിന് യോഗ്യത നേടിയത്. ലിവർപൂളും ബ്രൈട്ടനും യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടവും ആസ്റ്റൺ വില്ല യൂറോപ്പ കോൺഫറൻസ് ലീഗ് യോഗ്യതാ റൗണ്ടും കളിക്കും.
English Summary : Three football teams relegated to second divison from English Premium League football