സെവിയ്യയ്ക്ക് യൂറോപ്പ ലീഗ് കിരീടം; പെനൽറ്റി ഷൂട്ടൗട്ടിൽ റോമയെ 4–1ന് തോൽപിച്ചു
Mail This Article
ബുഡാപെസ്റ്റ് ∙ ഏതു ദുരിതകാലത്തും സെവിയ്യയ്ക്കു മുറുകെപ്പിടിക്കാൻ ഒരു കിരീടമുണ്ട്– യൂറോപ്പ ലീഗ് ട്രോഫി! ലാ ലിഗയിൽ നിലവിൽ 11–ാം സ്ഥാനത്തുള്ള, ഈ സീസണിൽ മാത്രം മൂന്നു പരിശീലകരെ പരീക്ഷിച്ച സ്പാനിഷ് ക്ലബ് തങ്ങളുടെ ഇഷ്ട ചാംപ്യൻഷിപ്പിൽ പക്ഷേ കപ്പ് ഇത്തവണയും കൈവിട്ടില്ല. യുവേഫ യൂറോപ്പ ലീഗ് ഫൈനലിൽ സെവിയ്യ മറികടന്നത് യൂറോപ്യൻ ഫൈനലുകളിൽ പരാജയമറിഞ്ഞിട്ടില്ലാത്ത ഹോസെ മൗറീഞ്ഞോ പരിശീലിപ്പിച്ച ഇറ്റാലിയൻ ക്ലബ് എഎസ് റോമയെ. നിശ്ചിത സമയത്തും അധിക സമയത്തും 1–1 എന്ന നിലയിലായിരുന്ന കളി പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ടപ്പോൾ സെവിയ്യയുടെ ജയം 4–1ന്. യൂറോപ്പിലെ രണ്ടാം നിര ക്ലബ് ചാംപ്യൻഷിപ്പിൽ സെവിയ്യയുടെ 7–ാം കിരീടമാണിത്. ജയത്തോടെ അടുത്ത സീസൺ ചാംപ്യൻസ് ലീഗിനും സെവിയ്യ യോഗ്യത നേടി.
ബ്രാവോ ബോണോ
കഴിഞ്ഞ ഖത്തർ ലോകകപ്പിൽ മിന്നിക്കളിച്ച രണ്ടു താരങ്ങളിലൂടെയാണ് വിജയം സെവിയ്യയെ കടാക്ഷിച്ചത്. ഷൂട്ടൗട്ടിൽ വിജയം കുറിക്കാനുള്ള നിയോഗം അർജന്റീന താരം ഗോൺസാലോ മോണ്ടിയെലിന്റെ കാലുകൾക്കായിരുന്നെങ്കിൽ സെവിയ്യയെ വിജയത്തിന്റെ അവസാന പടി വരെ എത്തിച്ചത് മൊറോക്കൻ ഗോൾകീപ്പർ യാസീൻ ബോണോയുടെ കൈകളാണ്.
നിശ്ചിത സമയത്ത് ഉജ്വല സേവുകളുമായി സെവിയ്യയെ കാത്ത ബോണോ ഷൂട്ടൗട്ടിൽ സെവിയ്യ താരം ജിയാൻലൂക്ക മാൻചീനിയുടെ കിക്കും രക്ഷപ്പെടുത്തി. സെവിയ്യയുടെ അടുത്ത കിക്ക് റോജർ ഇബനീസ് പോസ്റ്റിലേക്കടിച്ചതോടെ വിന്നിങ് കിക്കിനുള്ള അവസരം ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെതിരെ പെനൽറ്റി ഷൂട്ടൗട്ടിൽ അർജന്റീനയുടെ ജയം കുറിച്ച മോണ്ടിയെലിനു മുന്നിൽ.
മോണ്ടിയെലിന്റെ ശ്രമം റോമ ഗോൾകീപ്പർ റൂയി പട്രീഷ്യോ രക്ഷപ്പെടുത്തിയെങ്കിലും കിക്കെടുക്കും മുൻപ് ലൈൻ വിട്ടു കയറിയതിനാൽ റഫറി റീടേക്ക് വിധിച്ചു. ഇത്തവണ മോണ്ടിയെലിനു പിഴച്ചില്ല. സെവിയ്യയുടെ വിജയം 4–1ന്.
നേരത്തേ 35–ാം മിനിറ്റിൽ പൗളോ ഡിബാലയിലൂടെ റോമയാണ് ആദ്യം ഗോൾ നേടിയത്. എന്നാൽ സെവിയ്യയുടെ നിരന്തര സമ്മർദത്തിനു മുന്നിൽ റോമയ്ക്കു പിടിച്ചു നിൽക്കാനായില്ല. 55–ാം മിനിറ്റിൽ വലതു വിങ്ങിൽ നിന്ന് സെവിയ്യ ക്യാപ്റ്റൻ ജിസ്യൂസ് നവാസിന്റെ ക്രോസ് പ്രതിരോധിക്കുന്നതിൽ റോമ താരം മാൻചീനിക്കു പിഴച്ചു. പന്ത് കാലിൽ തട്ടി സ്വന്തം വലയിൽ.
English Summary : UEFA Europa League 2023: Sevilla win 7th title after beating Roma on penalties