മെസ്സിയെ വിമാനത്താവളത്തിൽ തടഞ്ഞുവച്ച് ചൈനീസ് പൊലീസ്; ചർച്ചകൾക്കു ശേഷം വിട്ടയച്ചു- വിഡിയോ
Mail This Article
ബെയ്ജിങ്∙ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയെ ബെയ്ജിങ് രാജ്യാന്തര വിമാനത്താവളത്തിൽ തടഞ്ഞുവച്ച് ചൈനീസ് പൊലീസ്. ജൂൺ 15ന് ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിനായി ചൈനയിലെത്തിയപ്പോഴാണു മെസ്സിയെ പൊലീസ് തടഞ്ഞത്. മെസ്സിയുടെ വീസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണു നടപടിക്കു കാരണമെന്നാണു വിവരം. അർജന്റീന പാസ്പോർട്ടിനു പകരം മെസ്സി സ്പാനിഷ് പാസ്പോർട്ടാണു കൈവശം സൂക്ഷിച്ചിരുന്നത്. ചൈനീസ് വീസയുമുണ്ടായിരുന്നില്ല.
ഇതോടെ സൂപ്പർ താരത്തെ കഴിഞ്ഞ ദിവസം ചൈനീസ് പൊലീസ് തടഞ്ഞു. അരമണിക്കൂറോളം ചർച്ച നടത്തിയ ശേഷം മെസ്സിയെ വിമാനത്താവളം വിടാൻ അനുവദിച്ചു. ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിനു ശേഷം മെസ്സിയും അർജന്റീന ടീമും ഇന്തോനീഷ്യയിലേക്കു പറക്കും. ജൂൺ 19ന് ജക്കാര്‍ത്തയിലെ ഗെലോറ ബുങ് കർണോ സ്പോർട്സ് കോംപ്ലക്സിലാണ് അര്‍ജന്റീന– ഇന്തൊനീഷ്യ പോരാട്ടം.
ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി വിട്ട മെസ്സി യുഎസ് മേജർ ലീഗ് സോക്കറിലെ ഇന്റർ മയാമിയിൽ ചേരാനിരിക്കുകയാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ മെസ്സി മയാമിക്കൊപ്പം പരിശീലനം തുടങ്ങുമെന്നാണു വിവരം. പിഎസ്ജിയിലെ മെസ്സിയുടെ അവസാന മത്സരത്തിൽ താരത്തെ ആരാധകർ കൂവിവിളിച്ച് അപമാനിച്ചിരുന്നു. സൗദി അറേബ്യയിലെ അൽ ഹിലാൽ, സ്പാനിഷ് വമ്പൻമാരായ ബാർസിലോന എന്നിവരുടെ ഓഫറുകൾ വേണ്ടെന്നു വച്ചാണ് മെസ്സി യുഎസിലേക്കു പോകുന്നത്.
English Summary: Lionel Messi Detained By Chinese Police At Beijing Airport